Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:25 pm

Menu

Published on October 10, 2015 at 11:36 am

പത്തേമാരി കുതിക്കുന്നു, പ്രേക്ഷക മനസ്സിലേക്ക്

pathemaari-movie-review

ആസ്വാദനത്തിന്റെ എല്ലാ അതിർവരമ്പുകളും ഒരു കണ്ണീർ നനവുകൊണ്ട് പൊട്ടിച്ചെറിഞ്ഞ്, മലയാളികളെ ഏറെ സ്വാധീനിച്ച പ്രവാസ ചിത്രങ്ങളാണ് ഗർഷോം, അറബിക്കഥ, ഗദ്ദാമ തുടങ്ങിയവ. ഇക്കൂട്ടത്തിലേക്ക് മറ്റൊരു ചിത്രം കൂടി…പത്തേമാരി.

മനോഹരവും അതേസമയം ഹൃദയസ്പർശിയുമായി അവതരിപ്പിച്ചിരിക്കുന്ന അടുത്ത കാലത്തിറങ്ങിയ അതിഗംഭീര ചിത്രം, ഇതിനപ്പുറം വിശേഷണങ്ങളില്ല സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിക്ക്.പത്തേമാരിയെ വെറുമൊരു അവാർഡ്‌ പടമായി തഴഞ്ഞവർ ഒത്തിരിയാണ്‌…എന്നാൽ സിനിമയ്ക്കപ്പുറം പത്തേമാരി ജീവിതമാണ്, അനുഭവമാണ്, വേദനയാണ്.

പള്ളിക്കൽ നാരായണൻ എന്ന പ്രവാസിയുടെ 50 വർഷത്തെ ജീവിതം, അതാണ് പത്തേമാരി. ആ കഥയെ, ആ ജീവിതത്തെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയത് നായകൻ മമ്മൂട്ടിയും. ഇതിൽ മമ്മൂട്ടി എന്ന സൂപ്പർതാരത്തെ കാണാൻ സാധിക്കില്ല. പള്ളിക്കൽ നാരായണനെ മാത്രമേ കാണാൻ സാധിക്കൂ. വളരെ നാളിനുശേഷം താരമാനറിസങ്ങിളില്ലാതെയും അതിവൈകാരികതയ്ക്ക് കീഴ്പ്പെടാതെയും മമ്മൂട്ടി നാരായണനെന്ന കഥാപാത്രത്തെ പൂർണതയിലെത്തിച്ചിട്ടുണ്ട്.

അച്ഛനും അമ്മയും ജ്യേഷ്ഠനും മൂന്ന് സഹോദരിമാരുമടങ്ങുന്ന കുടുബം പോറ്റാനായി അറുപതുകളുടെ പകുതിയില്‍ നാരായണന്‍ ഗള്‍ഫിലേക്ക് പുറപ്പെടുകയാണ്. ലാഞ്ചി വേലായുധന്റെ(സിദ്ദീഖ്) പത്തേമാരിയിലാണ് അനധികൃതമായ ഈ കുടിയേറ്റം.അനധികൃത കുടിയേറ്റത്തില്‍ നിന്ന് ദുബായ് സന്ദർശനത്തിലേക്കും, മാസങ്ങള്‍ നീണ്ട പത്തേമാരി യാത്രയില്‍ നിന്ന് മൂന്നോ നാലോ മണിക്കൂറിനകത്തെ വിമാനയാത്രയിലേക്കും പ്രവാസജീവിതം സമയകാലത്തിനൊപ്പം മാറിയെങ്കിലും വഴിവെട്ടിയവരുടെ ജീവിതത്തിനാണ് അനുഭവത്താളുകളില്‍ കനമേറെയുള്ളത്.ഇത് തന്നെയാണ്
പത്തേമാരിയുടെ കാതല്‍.

പ്രവാസ ജീവിതവും അതോടൊപ്പം പ്രവാസിയുടെ കുടുംബജീവിതവും ഒരേപോലെ വരച്ചിടാൻ പത്തേമാരിക്ക് സാധിച്ചു എന്നതും എടുത്തു പറയേണ്ടതാണ്.

ശ്രീനിവാസൻ, സലിം കുമാർ, സിദ്ദിഖ്, ജോയ് മാത്യൂ, ജുവെൽ മേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.മധു അമ്പാട്ടിന്റെ ഛായാഗ്രഹണവും വിജയ് ശങ്കറിന്റെ എഡിറ്റിങ്ങും ഒന്നിനൊന്ന് മെച്ചം. ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കിയ ബിജിപാലും അഭിനന്ദനമർഹിക്കുന്നു.

അയൽപക്കത്തെങ്കിലും ഒരു ഗൾഫുകാരനുണ്ടെങ്കിൽ ഇൗ സിനിമ നിങ്ങളെ സ്പർശിക്കുമെന്ന് പറഞ്ഞ സലിം അഹമ്മദിന്റെ വാക്കുകൾ അന്വർദ്ധമായെന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ആംഗീരിക്കും.

ഉള്ളതുമുഴുവൻ കുടുംബത്തിന് ചെലവിട്ട്, എല്ല് മുറിയെ പണിയെടുത്ത് ജീവിതം മുഴുവൻ വാടകക്കാരനായി മാറുന്ന പ്രവാസിയുടെ ഈ കഥ കണ്ണീരിന്റെ നനവില്ലാതെ കണ്ടിരിക്കാനാവില്ല. കുടുംബത്തെ കരപറ്റിച്ചതാണ് ഏറ്റവും വലിയനേട്ടമെന്ന് നാരായണൻ പറയുമ്പോൾ എങ്ങനെ ഒരു മനുഷ്യന് കരയാതിരിക്കാനാവും ?ആ കണ്ണീർ ചിരിച്ചു കൊണ്ട് അകത്തേക്കൊഴുക്കുന്നവരാണ് പ്രവാസികൾ.


Loading...

Leave a Reply

Your email address will not be published.

More News