Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്നതിനായി ദിലീപിനേയും നാദിര്‍ഷയേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ ഇരുവരും നേരിടേണ്ടതായി വരുന്നത് ആദ്യ ഘട്ടത്തിനേക്കാള്‍ കഠിനമായ ചോദ്യങ്ങളാകും.
കേസുമായി ബന്ധപ്പെട്ട് ഇതിനകം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച ചോദ്യങ്ങളുമായിട്ടാകും അന്വേഷണസംഘം എത്തുക. ഇരുവരും അതിനെ എങ്ങനെ നേരിടുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.
നിയമോപദേശം തേടിയിട്ടില്ലെന്നും അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ദിലീപ് തറപ്പിച്ചു പറയുമ്പോഴും വീണ്ടുമുള്ള ചോദ്യം ചെയ്യല്‍ ലക്ഷ്യം വയ്ക്കുന്നതെന്തെന്ന് അവ്യക്തമാണ്. ഫോണ്‍ കോളുകളുടെ വിശദാംശങ്ങളാണു ചോദ്യങ്ങളില്‍ കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.
ഈ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണ സംഘം പോകുക. എ.ഡി.ജി.പി ബി. സന്ധ്യയുടെ മേല്‍നോട്ടത്തില്‍ നടന്ന ആദ്യ ഘട്ട ചോദ്യംചെയ്യലില്‍ ദിലീപിന്റെ മൊഴി 143 പേജും നാദിര്‍ഷയുടേത് 140 ഉം ആണുള്ളത്.
ഏഴു വര്‍ഷക്കാലം സി.ബി.ഐയില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനായ ഐ.ജി ദിനേന്ദ്ര കശ്യപാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് നേതൃത്വം വഹിക്കുക. കേസ് സംബന്ധിച്ച തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ആലുവയില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാമെന്നു തീരുമാനിച്ചത്.
Leave a Reply