Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു?’ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരു സിനിമയുടെ കഥ കഴിഞ്ഞിട്ടും ഇതുപോലെ ചർച്ച ചെയ്യപ്പെട്ടൊരു ചോദ്യമുണ്ടാവില്ല. ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവരെ ആകാംക്ഷയിലാക്കുന്നതും ഈ ചോദ്യമാണ്.
എസ്.എസ്. രാജമൗലി ഒരുക്കിയ ബാഹുബലി ഇന്ത്യൻ സിനിമയിലെ പുതിയ ചരിത്രമായപ്പോൾ ശരിക്കും മാറിമറിഞ്ഞതു ബാഹുബലിയായ പ്രഭാസിന്‍റെ ജീവിതമായിരുന്നു. തെലുങ്കിന്‍റെ അതിരുകൾക്കുള്ളിൽ മാത്രം താരമായിരുന്ന പ്രഭാസ് രാജ്യത്തിനു പുറത്തും ആരാധകരെ സൃഷ്ടിച്ച ലോക താരമായി.
എന്നാലിപ്പോഴിതാ നീണ്ട മൂന്നരവര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസ് ബാഹുബലിയോട് വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസമാണ് പ്രഭാസ് ബാഹുബലി: ദ കണ്‍ക്ലൂഷനിലെ തന്‍റെ അവസാനരംഗം അഭിനയിച്ചു തീർത്തത്. ഇതിനു പിന്നാലെ സംവിധായകന്‍ എസ്. രാജമൗലി ട്വിറ്ററിലൂടെ പ്രഭാസിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ആകെ 613 ദിവസങ്ങളാണ് പ്രഭാസ് ബാഹുബലി സീരീസിന് വേണ്ടി ചെലവഴിച്ചത്. പ്രേക്ഷകരെ ആവേശത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം അവസാനിപ്പിച്ചത്. 2017 ഏപ്രില്‍ 28നാണ് ബാഹുബലി: ദ കണ്‍ക്ലൂഷന്‍ തിയേറ്ററുകളിലെത്തുന്നത്.
2013 ജൂലൈയിൽ ബാഹുബലി ഒന്നാം ഭാഗത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ച ശേഷം ഇതുവരെ മറ്റൊരു സിനിമയുടെയും ഭാഗമായിട്ടില്ല പ്രഭാസ്. ബാഹുബലിയെ മനസ്സിലാവാഹിച്ചുള്ള ഒരുക്കങ്ങൾ ചിത്രീകരണത്തിനും ആറു മാസം മുൻപേ തുടങ്ങിയിരുന്നു. 84 കിലോ ശരീരഭാരം ആറ് മാസം കൊണ്ട് സെഞ്ച്വറി കടത്തി 102ൽ എത്തിച്ചു.
ദുർമേദസ് ഒട്ടും കൂടാതെ വടിവൊത്ത രീതിയിൽ മസിലുകൾ പെരുപ്പിച്ച് നേടിയ ഈ കായിക ക്ഷമതയ്ക്കായി ഒന്നര കോടിയോളം രൂപയുടെ ജിംനേഷ്യം ഉപകരണങ്ങളാണത്രേ പ്രഭാസിന്‍റെ വീട്ടിലെത്തിച്ചത്.
രാജമൗലിയെ പോലെ തന്നെ ജീവിതത്തിൽ മറ്റെല്ലാം ബാഹുബലിക്കായി മാറ്റിവെച്ചിരിക്കുകയായിരുന്നു പ്രഭാസും.
Leave a Reply