Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് പിടിയിലായ പള്‍സര്‍ സുനിയെയും വിജീഷിനെയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഉടന്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്.
പ്രതികളെ കോടതിക്കുള്ളില്‍ വച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരുസംഘം അഭിഭാഷകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് എറണാകുളം എസിജെഎം കോടതിയുടെ നടപടി. എന്നാല്‍ പ്രതികളെ തിരികെയെത്തിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി തള്ളി.
പ്രതികളുടെ അഭിഭാഷകയുടെ പരാതിയെ തുടര്‍ന്നാണ് ഓപ്പണ്‍ കോര്‍ട്ടില്‍ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്. എന്നാല്‍, ഇരുവരെയും കോടതി മുറിക്കുള്ളില്‍വെച്ച് പിടികൂടിയത് നിയമപ്രകാരമല്ലെന്ന പരാതി അദ്ദേഹം പരിഗണിച്ചില്ല.
കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. അതിനാല്‍ തന്നെ, പ്രതികളെ അവിടുത്തെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കീഴടങ്ങാന്‍ എത്തിയ കോടതിയില്‍ പ്രതികള്‍ക്കെതിരെ കേസ് ഇല്ലാത്തതിനാലാണ് നടപടി. പ്രതിയെ കോടതിയില്‍നിന്നു പിടിച്ചുകൊണ്ടു പോകുകയായിരുന്നു. സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.
അതേസമയം, പിടികൂടിയ പ്രതികളെ ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. നാളെ മാത്രമേ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറുകയുള്ളൂ എന്നാണു സൂചന.
എറണാകുളം അഡീഷനല്‍ സിജെഎം കോടതി കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് പൊലീസ് സുനിയെയും വിജേഷിനെയും അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് 1.15 ഓടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കോടതിയില്‍ എത്തിയ പ്രതിയെ പൊലീസ് ബലമായി പിടികൂടിയതിനെതിരെ ഒരു സംഘം അഭിഭാഷകര്‍ അപ്പോള്‍ത്തന്നെ രംഗത്തെത്തിയിരുന്നു. ചിലര്‍ പൊലീസിനുനേരെ തിരിയുകയും ചെയ്തു.
Leave a Reply