Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കീഴടങ്ങാന്‍ എത്തിയപ്പോള്‍ കോടതിക്ക് പുറത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം അഡീഷനല്‍ സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് ജഡ്ജിയുടെ ചേംബറിന് തൊട്ടടുത്ത് വച്ച് സുനിയെ പോലീസ് പിടികൂടിയത്. സുനിയുടെ കൂട്ടാളി വിജീഷും അറസ്റ്റിലായിട്ടുണ്ട്. സെന്‍ട്രല്‍ എസ്.ഐയും സംഘവുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നുച്ചയ്ക്ക് 1.15 ഓടെയായിരുന്നു സംഭവം.
കീഴടങ്ങാനെത്തിയ സുനിയെ കോടതിക്കകത്തുനിന്ന് വലിച്ചിറക്കി അറസ്റ്റു ചെയ്യുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് സുനിയും വിജീഷും കോടതിയിലെത്തിയത്. പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെടാതെ അകത്തുകയറിയ സുനിയെ മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസുകാര്‍ പ്രതിക്കൂടിനു സമീപത്തുനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ആലുവയിലേക്ക് പ്രതികളെ കൊണ്ടുപോയെന്നാണ് വിവരം. പ്രതിക്കൂട്ടില്‍ കയറിയ നിന്നിടത്തുനിന്നായിരുന്നു സുനിയെ പൊലീസ് പിടികൂടിക്കൊണ്ടുപോയത്.
സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിയിരുന്നു. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയായ സുനിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് സുനി കോടതിയില്‍ കീഴടങ്ങാനെത്തിയത്.
പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കേരളത്തിന് പുറത്തേക്ക് കടന്നെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതേത്തുടര്‍ന്ന് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതേസമയം സുനി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. ഈ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.
ബലപ്രയോഗത്തിനിടയില്‍ കൂട്ടുപ്രതിയായ വിജേഷ് പൊലീസ് പിടിയിലാകാതിരിക്കാന്‍ നിലത്തുവീണ് കിടന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ പൊലീസ് എത്തി ബലംപ്രയോഗിച്ച് വിജേഷിനേയും സുനിയേയും ജീപ്പിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു.
മല്‍പ്പിടുത്തത്തിനൊടുവില്‍ വലിച്ചിഴച്ചാണ് സുനിയെ പൊലീസ് ജീപ്പിലേക്ക് മാറ്റിയത്. സി.ജെ.എം കോടതിയുടെ എല്ലാ കവാടങ്ങളും വളഞ്ഞിരുന്നെങ്കിലും കോടതിയുടെ പിന്‍വശത്തു കൂടിയാണ് സുനി കോടതിയിലെത്തിയത്.
Leave a Reply