Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 12:03 am

Menu

Published on May 10, 2013 at 4:34 am

ബന്‍സല്‍ പുറത്തേക്ക്

railway-minister-pawan-kumar-bansal-was-on-his-way-out

ന്യൂദല്‍ഹി: നിയമമന്ത്രി അശ്വനികുമാര്‍ മന്ത്രിസ്ഥാനത്തു തുടരുമെന്ന് ഉറപ്പായി. എന്നാല്‍, കോഴക്കേസില്‍ പങ്ക് കൂടുതല്‍ തെളിഞ്ഞുവരുന്ന സാഹചര്യത്തില്‍ റെയില്‍വേ മന്ത്രിസ്ഥാനത്ത് പവന്‍കുമാര്‍ ബന്‍സലിന്‍െറ നാളുകള്‍ എണ്ണപ്പെട്ടു. സുപ്രീംകോടതി വിമര്‍ശം പരിഗണിച്ച് നിയമവകുപ്പ് മുതിര്‍ന്ന മറ്റൊരു മന്ത്രിയെ ഏല്‍പിച്ചേക്കും.
സര്‍ക്കാര്‍ എത്തിപ്പെട്ടു നില്‍ക്കുന്ന പ്രതിസന്ധിയില്‍നിന്ന് തലയൂരുന്നതിന് വ്യാഴാഴ്ച തലസ്ഥാനത്തു നടന്ന ഉന്നതതല ചര്‍ച്ചകളില്‍ രൂപപ്പെട്ടിരിക്കുന്ന പോംവഴി ഇതാണ്. പുറത്തേക്കുള്ള വഴി തെളിഞ്ഞ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍െറ അധ്യക്ഷതയില്‍ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ റെയില്‍വേ മന്ത്രി ബന്‍സല്‍ പങ്കെടുത്തില്ല.
നിയമമന്ത്രി അശ്വനികുമാര്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സന്ദര്‍ശിച്ച് തന്‍െറ വിശദീകരണങ്ങള്‍ നല്‍കി. വകുപ്പുമാറ്റത്തിന്‍െറ സൂചന നല്‍കി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
സര്‍ക്കാറിനുവേണ്ടി പ്രവര്‍ത്തിച്ച നിയമമന്ത്രിയെ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനുമുമ്പ് മാറ്റുന്നത് ശരിയല്ലെന്ന കാഴ്ചപ്പാടാണ് മന്ത്രിസഭാ യോഗത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ പ്രകടിപ്പിച്ചത്. വകുപ്പു മാറ്റുന്നതിലൂടെ സുപ്രീംകോടതിക്കും പൊതുജനങ്ങള്‍ക്കും മുമ്പില്‍ പിടിച്ചുനില്‍ക്കാം.
സുപ്രീംകോടതിയില്‍ കേസ് ഫലപ്രദമായി നടത്താന്‍ പാകത്തില്‍ ടെലികോം മന്ത്രി കപില്‍ സിബലിന് നിയമവകുപ്പു കൊടുക്കുന്ന കാര്യമാണ് പരിഗണനയില്‍. അശ്വനികുമാറിന് മറ്റൊരു വകുപ്പു നല്‍കി സംരക്ഷിക്കും.
സര്‍ക്കാറിനുവേണ്ടി പ്രവര്‍ത്തിച്ച അശ്വിനികുമാറില്‍നിന്ന് വ്യത്യസ്തമാണ് ബന്‍സലിന്‍െറ കാര്യം. കോടികളുടെ കോഴക്കേസ് പുറത്തുവന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്നത് സര്‍ക്കാറിന്‍െറ പ്രതിച്ഛായ തകര്‍ക്കും.
മന്ത്രിയോട് വിശദീകരണം ആരായുന്നത് ഉള്‍പ്പെടെ സി.ബി.ഐ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബന്‍സലിന് പുറത്തേക്കുള്ള വഴി തുറക്കാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഈ വകുപ്പ് മന്ത്രി സി.പി. ജോഷിയെ ഏല്‍പിക്കാനും ഉദ്ദേശിക്കുന്നു.
പാര്‍ലമെന്‍റ് സമ്മേളനം പിരിഞ്ഞാല്‍, രാഷ്ട്രപതിയെ കണ്ട് പ്രധാനമന്ത്രി വിവരം ധരിപ്പിക്കുക പതിവാണ്. അതിലുപരി മന്ത്രിസഭയിലെ വകുപ്പുമാറ്റ നീക്കങ്ങള്‍ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. എന്നാല്‍, മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അശ്വനികുമാറും ബന്‍സലും രാജിവെക്കാനുള്ള സാധ്യത വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി തള്ളി.
അശ്വനികുമാര്‍ സി.ബി.ഐ റിപ്പോര്‍ട്ട് തിരുത്തിയെന്ന കേസ് സുപ്രീംകോടതി മുമ്പാകെയാണ്. പവന്‍കുമാര്‍ ബന്‍സലിന്‍െറ മരുമകന്‍ റെയില്‍വേ നിയമനത്തിന് കോഴവാങ്ങിയ കേസ് സി.ബി.ഐ അന്വേഷിക്കുകയാണ്.
ഫലത്തില്‍ സുപ്രീംകോടതിയിലെ കേസും സി.ബി.ഐയുടെ അന്വേഷണവും യുക്തിസഹമായൊരു പരിസമാപ്തിയില്‍ എത്തിയിട്ടില്ല. ക്രിമിനല്‍ നിയമനടപടികള്‍ മുന്നോട്ടുപോകാന്‍ അനുവദിക്കുകയാണ് വേണ്ടത് -മന്ത്രിമാരുടെ രാജി സാധ്യത തള്ളി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി വിശദീകരിച്ചു.
ബന്‍സല്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തത് റെയില്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തിന്‍െറ പരിഗണനക്ക് വരുന്നില്ലാത്തതുകൊണ്ടാണെന്ന് മനീഷ് തിവാരി പറഞ്ഞു. ഇങ്ങനെ മന്ത്രിസഭാ യോഗത്തില്‍നിന്ന് മന്ത്രിമാര്‍ വിട്ടുനില്‍ക്കാറുണ്ട്. ഇത് ആദ്യത്തെ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തെ ബന്‍സല്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അന്വേഷണം യുക്തിസഹമായ നിലയില്‍ അവസാനിക്കുന്നതിന് അനുവദിക്കുകയാണ് വേണ്ടതെന്ന് മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News