Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:27 pm

Menu

Published on September 30, 2017 at 12:53 pm

ധൈര്യമായി കയറാം ഈ രാമലീലക്ക് – റിവ്യൂ

ramaleela-malayalam-movie-review

റെ കത്തിരിപ്പുകൾക്കൊടുവിൽ രാമലീല എത്തിയിരിക്കുന്നു. ഈയടുത്തെങ്ങും കണ്ടിട്ടില്ലാത്തവിധം മലയാള സിനിമലോകവും പ്രേക്ഷകരും എല്ലാം ഒരേപോലെ കാത്തിരുന്ന ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളമായിരുന്നു. ജോഷി സംവിധാനം ചെയ്ത ലയണിനു ശേഷം ദിലീപ് ഒരു രാഷ്ട്രീയക്കാരന്റെ കുപ്പായമണിഞ്ഞെത്തിയ ഈ ചിത്രം ടോമിച്ചൻ മുളകുപ്പാടത്തിന്റെ നിർമാണത്തിൽ അരുൺ ഗോപി സംവിധാനം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ വിശേഷങ്ങളിലേക്ക്..

രാമലീല
Year : 2017
Genre : Crime, Thriller

സിനിമക്ക് പറയാനുള്ളത്

രാഷ്ട്രീയക്കാരനായ രാമനുണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് മാറിയ ശേഷമുള്ള സംഭവങ്ങളോടെയാണ് ചിത്രം തുടങ്ങുന്നത്. പുതുതായി മാറിയ പാർട്ടിയിൽ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കാൻ നിന്നതുമുതൽ രാമനുണ്ണി പ്രശ്നങ്ങൾ നേരിടാൻ തുടങ്ങുന്നു. പ്രശ്നങ്ങൾ അവസാനം രാമനുണ്ണിയെ വലിയൊരു ചതിയിലേക്ക് കൊണ്ടെത്തിക്കുന്നിടത്ത് കഥ പുരോഗമിക്കുന്നു.

നല്ലതും ചീത്തയും

തികഞ്ഞ അച്ചടക്കം നിറഞ്ഞ സംവിധാനം നിർവഹിച്ച സംവിധാനത്തിലൂടെ തന്റെ ആദ്യ ചിത്രത്തെ മികവുറ്റതാക്കിയിരിക്കുകയാണ് അരുൺ ഗോപി. ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ആദ്യപകുതി തീർത്തും ഗൗരവം നിറഞ്ഞ സംഭാഷങ്ങളിലൂടെ നീങ്ങിയപ്പോൾ രണ്ടാം പകുതിയിൽ കഥ മെച്ചപ്പെട്ടു. ദിലീപും കലാഭവൻ ഷാജോണും തമ്മിലുള്ള രംഗങ്ങൾ ഗൗരവത്തിനിടയിലും പലപ്പോഴും ചിരി പരത്തി. അനാവശ്യമായ പാട്ടുകൾ ഒന്നും തന്നെ ഇല്ല എന്നത് മറ്റൊരു പ്രത്യേകതയായിരുന്നു. ആകെയുള്ള പാട്ടുകൾ വിപ്ലവഗാനങ്ങൾ മാത്രമായിരുന്നു. അൽപ്പം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന കഥ പകുതിയിൽ നിന്നങ്ങോട്ട് പച്ചപിടിക്കുന്നുണ്ട്. കുഴപ്പമില്ലാത്ത ഒരു ത്രില്ലെറിന്റെ രീതിയിലേക്ക് ചിത്രം എത്തുകയും ചെയ്യുന്നു. ക്ളൈമാക്സിൽ ചില ട്വിസ്റ്റുകളും സിനിമ നൽകുന്നുണ്ട്. അതുപോലെ ദിലീപ് തനിക്ക് ലഭിച്ച വേഷം കുഴപ്പമില്ലാതെ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്.

എന്നാൽ എന്തോ ഗൗരവം നിറഞ്ഞ ഒരു കഥ പറയുന്നു എന്ന് വരുത്തിത്തീർക്കാൻ സിനിമയിലുടനീളം കഥാപാത്രങ്ങളുടെ മുഖഭാവം ഗൗരവം വരുന്ന പോലെ അവതരിപ്പിച്ചിരിപ്പിക്കുന്നു. ഈ കൃത്രിമ ഗൗരവഭാവം ആദ്യാവസാനം എല്ലാരുടെയും മുഖത്ത് കാണാം. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും നേരത്തെ പറഞ്ഞപോലെ അതീവ ഗൗരവം നിറഞ്ഞതായിരുന്നു. പക്ഷെ സംഭാഷണങ്ങൾ ചിലത് വേണ്ടത്ര നിലവാരം ഇല്ലാതെ പോയപ്പോൾ ചില സമയത്ത് bgm അരോചകമായി തോന്നും. നായികയായി വന്ന പ്രയാഗ മർട്ടിനു കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലായിരുന്നു.

അരങ്ങിലും അണിയറയിലും

സച്ചിയുടെ രചനയിൽ ഒരുങ്ങിയ ചിത്രത്തിൽ രഞ്ജി പണിക്കർ, വിജയരാഘവൻ, മുകേഷ്‌, സുരേഷ് കൃഷ്ണ, സലീം കുമാർ, രാധിക ശരത് കുമാർ, ലെന, കലാഭവൻ ഷാജോണ്, സിദ്ധീക്ക്, സായ് കുമാർ, അശോകൻ തുടങ്ങി നല്ലൊരു താരനിര തന്നെയുണ്ട്. ഏറെ താരങ്ങൾ അണിനിരക്കുന്നുവെങ്കിലും പലർക്കും കാര്യമായി ചെയ്യാൻ ഒന്നും തന്നെ ചിത്രത്തിൽ ഇല്ലായിരുന്നു. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷാജി കുമാർ ആണ്.

കാണണോ വേണ്ടയോ

ഒരു ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകന് ലഭിക്കേണ്ട സംതൃപ്തി ഒരു പരിധി വരെ രാമലീല നല്കുന്നുണ്ട്. എന്നാൽ അത്ര താല്പര്യം ജനിപ്പിക്കാത്ത ഊഹിച്ചെടുക്കാവുന്ന കഥയും തിരക്കഥയുമാണ് ചിത്രത്തിന്റെ പോരായ്മ. 2 മണിക്കൂർ 38 മിനിറ്റ് എന്ന നീളക്കൂടുതൽ കാരണം അനാവശ്യമായി വന്ന വലിച്ചിഴക്കലുകൾ പ്രേക്ഷകന്റെ ക്ഷമ ചിലപ്പോൾ പരീക്ഷിച്ചേക്കാം. മികച്ചൊരു രാഷ്ട്രീയ ത്രില്ലർ ചിത്രം എന്നു പറയാനില്ലെങ്കിലും ആവശ്യത്തിനു ത്രില്ലിങ്ങും സസ്പെൻസുകൾ നിറഞ്ഞതും കൂടിയായി ഒരു തവണ കണ്ടിരിക്കാനുള്ള വകയൊക്കെ ഈ രാമലീലയിൽ ഉണ്ട്. അതേപോലെ ദിലീപ് എന്ന നടന്റെ സമകാലിക ജീവിതത്തിലെ സംഭവങ്ങളുമായി എവിടെയൊക്കെയോ ഒരു ബന്ധമുള്ള പോലെ തോന്നും ചിത്രത്തിലെ പല രംഗങ്ങളും.

Rating : 3.5/5

Loading...

Leave a Reply

Your email address will not be published.

More News