Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വരൂ പോകാം പറക്കാം എന്ന ഗാനം പോലെത്തന്നെ ഒരു യാത്രയ്ക്കുള്ള ക്ഷണമാണ് ആഷിക് അബു സംവിധാനം ചെയ്ത റാണി പത്മിനി.നായികാകേന്ദ്രീകൃതമായി ചിത്രീകരിച്ച സിനിമ അപരിചിതരായ രണ്ട് സ്ത്രീകള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍നിന്ന് ഹിമാചല്‍പ്രദേശിലേക്ക് നടത്തുന്ന യാത്രയാണ്.
വരൂ പോകാം പറക്കാം എന്ന ഗാനത്തിനൊപ്പം റാണിയുടെയും പദ്മിനിയുടെയും ബാല്യത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. റിമാ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന റാണിയുടെയും മഞ്ജു വാര്യർ അവതരിപ്പിക്കുന്ന പദ്മിനിയുടെയും ചുറ്റുപാടും ജീവിത സാഹചര്യവും അവരുടെ സ്വഭാവ വ്യാഖ്യാനവുമാണ് ഗാനം. ഈ പാട്ടിലൂടെ കഥാപാത്രങ്ങൾ കഥ നടക്കുന്ന പശ്ചാത്തലത്തിലേക്ക് വളരുന്നു.
ഹിമാലയത്തിലേക്കുള്ള നാല് യാത്രകളാണ് സിനിമയുടെ ഉള്ളടക്കം. ഹിമാലയന്‍ കാര്‍ റാലിയില്‍ എതിരാളിയെ തറപറ്റിക്കാനായി പുറപ്പെടുന്ന ഗിരി(ജിനു ജോസഫ്)യാണ് യാത്രയ്ക്ക് തുടക്കമിടുന്നത്. അയാളെ തിരികെ നേടാനാണ് ഭാര്യയുടെ യാത്ര.എന്നാൽ ഗാംഗ്സ്റ്റര്‍ ഗ്രൂപ്പില്‍ നിന്ന് രക്ഷ തേടിയാണ് റാണിയുടെ യാത്ര. തനിച്ചുള്ള യാത്രയിൽ സ്ത്രീ സുരക്ഷിതയല്ലെന്ന തിരിച്ചറിവില്‍ റാണിയും പത്മിനിയും യാത്ര ഒരുമിച്ചാക്കുന്നു. റാണിയെ തെരഞ്ഞ് ഗാംഗ്സ്റ്റര്‍ ഗ്രൂപ്പും, ഹിമാലയന്‍ റാലി റിപ്പോര്‍ട്ട് ചെയ്യാനുള്ള ചാനല്‍ സംഘവുമാണ് മറ്റ് യാത്രികര്‍. ആത്മരക്ഷയ്ക്കായുള്ള റാണിയുടെ യാത്രയും ഭർത്താവിനെ തിരിച്ചു കിട്ടാനുള്ള പത്മിനിയുടെ യാത്രയും പരോക്ഷമായി ഒരേ യാത്രതന്നെയാണ്, സ്ത്രീ സ്വാതന്ത്രത്തിലേക്കുള്ള, പിടിച്ചു വെക്കലുകളിൽ നിന്ന് അകലേക്കുള്ള യാത്ര.
റാണിയും പദ്മിനിയും ഡല്‍ഹിയില്‍ നിന്ന് ഹിമാലയത്തിലേക്ക് പുറപ്പെട്ട് പോയതിന്റെ കാരണങ്ങളും വർത്തമാന ജീവിതവുമായി മുന്നോട്ടും പിന്നോട്ടും സിനിമ സഞ്ചരിക്കുന്നു.
ചിത്ത്രത്തിന്റെ കഥയെക്കാൾ ആഷിക്ക് അബുവിന്റെ സംവിധാനവും മധു നീലകണ്ഠന്റെ ഛായാഗ്രഹണവും എടുത്ത് പറയേണ്ടതാണ്. ഹിമാചൽ പ്രദേശിൽ ഒരു തവണയെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഒരാൾക്കും ഈ ചിത്രം കാണാതിരിക്കാനാവില്ല.അത്ര മനോഹരമായി പ്രകൃതിയെ ആവിഷ്കരിച്ചിട്ടുണ്ട് ചിത്രത്തിൽ.
മഞ്ജു വാര്യര്‍ തിരിച്ചുവരവിന് ശേഷം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകതയും റാണി പത്മിനിക്കുണ്ട്.ശ്യാം പുഷ്‌കരനും നവാഗതനായ രവിശങ്കറും ചേര്‍ന്നാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫോര്‍ട്ട് സിനിമാസിന്റെ ബാനറില്‍ മുഹമ്മദ് അല്‍ത്താഫ്,വിഎം ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മധു നീലകണ്ഠനാണ് ആഷിക് അബു സിനിമയ്ക്കായി ഛായാഗ്രഹണം നിര്‍വ്വഹിച്ചിക്കുന്നത്.ബിജിപാല്‍ ആണ് സംഗീതസംവിധായകന്‍. ജിനു ജോസെഫ്, ശ്രീനാഥ് ഭാസി, സജിത മഠത്തിൽ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
Leave a Reply