Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലെ നായകന്മാരുടെ പ്രവണതകള്‍ക്കെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍. നായികയ്ക്ക് പ്രാധാന്യമുള്ള ഒരു സിനിമയില്‍ അഭിനയിക്കില്ലെന്ന് തന്നോട് ഒരു നായകന്‍ പറഞ്ഞെന്ന് റിമ വെളിപ്പെടുത്തി.
ഒരു വനിതാ വോളിബോള്‍ കളിക്കാരിയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതായിരുന്നു റിമ. അതില്‍ നായികയ്ക്കായിരുന്നു പ്രാധാന്യം. നായകനാവാമോ എന്ന് ഒരു നടനോട് ചോദിച്ചു. എന്നാല്‍ താന്‍ നായകന് പ്രാധാന്യമുള്ള സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്നായിരുന്നു ആ നടന്റെ മറുപടിയെന്ന് റിമ പറയുന്നു.
അല്ലെങ്കില്‍ തന്നെ ആരാണ് അങ്ങിനെ പറയാത്തതെന്ന് ചോദിച്ച റിമ കുഞ്ചാക്കോ ബോബന്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഒരു അപവാദമെന്നും കൂട്ടിച്ചേര്‍ത്തു. ആ അര്‍ഥത്തില്‍ ഒരു പ്രതിഭാസമാണ് ചാക്കോച്ചന്‍. നായികമാരും ഇങ്ങനെ പറഞ്ഞാല്‍ എന്താവും സ്ഥിതി, റിമ ചോദിക്കുന്നു. ഗൃഹലക്ഷ്മി മാസികയ്ക്ക് അനുവദിച്ച ദീര്‍ഘ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം.
മാധ്യമങ്ങള്‍ക്കും ഈ വിവേചനമുണ്ടെന്നും റിമ തുറന്നടിച്ചു. സുരഭിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടി. ഒരു ക്വാര്‍ട്ടര്‍ പേജ് ഫോട്ടോയെങ്കിലും കൊടുത്തോ ആരെങ്കിലും? അതിന് പകരം ഒരു നായകനടനായിരുന്നെങ്കിലോ, റിമ ചോദിക്കുന്നു.
സ്‌ക്രിപ്റ്റുമായി സംവിധായകര്‍ വരുമ്പോ നടിമാര്‍ ചോദിക്കണം. ഇതില്‍ എന്താ എനിക്ക് ചെയ്യാനുള്ളത് എന്ന്. ഒരു വിലയുമില്ലാത്ത റോളുകള്‍ ചെയ്യുന്നതിലും ഭേദം ഒന്നും കിട്ടാതെ വീട്ടിലിരിക്കുന്നതല്ലേ, റിമ പറഞ്ഞു.
കൂടാതെ സിനിമയില്‍ പ്രതികരിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന പ്രവണതയുണ്ടെന്നും റിമ പറയുന്നു. ചിലര്‍ക്കൊക്കെ റോള്‍ നഷ്ടപ്പെടുത്തുന്നുണ്ടെന്നും അതിനി ഒളിച്ചുവെക്കണ്ട കാര്യമൊന്നുമില്ലെന്നും റിമ കൂട്ടിച്ചേര്‍ത്തു.
തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും റിമ കൂട്ടിച്ചേര്‍ത്തു. തന്നെ രണ്ടു തവണ ബാന്‍ ചെയ്തിട്ടുണ്ട്. ആദ്യം ടി വി ഷോ ചെയ്യുന്നു എന്നും പറഞ്ഞ്. ഒരിക്കല്‍ ഒരു കാരവന്‍ ചോദിച്ചതിന് ഭയങ്കര ഇഷ്യു ഉണ്ടായിട്ടുണ്ട്. ഹീറോയെയും ഹീറോയിനെയും രണ്ടു സമയത്താണ് ഷോട്ടിന് വിളിക്കുക. നമ്മള്‍ എത്തിക്കഴിഞ്ഞിട്ടേ ഹീറോയെ വിളിക്കൂ. ഞാന്‍ അതിനെ ചോദ്യം ചെയ്തു. അപ്പോ തിരിച്ചൊരു ചോദ്യം, നിനക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ട്യേപ്പോ മുതല്‍ എന്താ ഒരു മാറ്റം എന്ന്. നമുക്കുള്ള സ്‌പേസ് തരാത്തതിനെ താന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അത് തനിക്ക് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ടെന്നും പലരും തന്നെ ഒതുക്കിയിട്ടുണ്ടെന്നും റിമ പറഞ്ഞു.
Leave a Reply