Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ താന്‍ ബലാത്സംഗക്കേസ് പ്രതി എന്നു വിശേഷിപ്പിച്ചിട്ടില്ലെന്ന് സംവിധായകന്‍ ആര്‍.എസ്. വിമല്‍. താന്‍ പറയാത്ത കാര്യം പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു വിമലിന്റെ പ്രതികരണം.
‘ബലാത്സംഗക്കേസിലെ പ്രതി’ എന്നൊരു വാചകം ഞാന്‍ ഉപയോഗിച്ചിട്ടേയില്ല. മാത്രമല്ല ഈ വാര്‍ത്ത വന്ന മാധ്യമത്തോട് ഞാന്‍ സംസാരിച്ചിട്ടുമില്ല. ഇങ്ങനെ വായില്‍ തോന്നുന്നത് എഴുതി വിടുമ്പോള്‍ ഒരല്‍പം ബോധത്തോടെ വേണം. ഞാനും കുറച്ച് കാലം മാധ്യമ പ്രവര്‍ത്തനം ചെയ്തിരുന്ന ആളാണ്. എന്തായാലും ഇത് എഴുതിയ ആള്‍ക്ക് എന്റെ വക ഒരു സ്ലേറ്റും പെന്‍സിലും’, വിമല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ബി.പി മൊയ്തീന്‍ സേവാമന്ദിര്‍ പണിയാനായി ദിലീപ് 30 ലക്ഷം രൂപ നല്‍കിയത് യഥാര്‍ഥത്തില്‍ തന്നോടുള്ള പകവീട്ടലായിരുന്നുവെന്നും അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുതെന്നും കാഞ്ചനമാല ആ 30 ലക്ഷം രൂപ തിരിച്ചുനല്‍കണമെന്നും ആര്‍.എസ് വിമല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം ദിലീപിനെയും കാവ്യ മാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി എടുക്കാനായിരുന്നു താന്‍ ആദ്യം ആലോചിച്ചിരുന്നതെന്നും എന്നാല്‍ ദിലീപ് ചെയ്ത കള്ളമാണ് എല്ലാം ഇല്ലാതാക്കിയതെന്നും ആര്‍.എസ് വിമല്‍ നേരത്തെ ആരോപിച്ചിരുന്നു.
2007ല്‍ താന്‍ സംവിധാനം ചെയ്ത ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന കാഞ്ചനമാലയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയുമായി കാവ്യ മാധവനെ കാണാന്‍ പോയിരുന്നു. ഡോക്യുമെന്ററി കണ്ട് കാവ്യക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാഞ്ചനമാലയാകാന്‍ താത്പര്യവും പ്രകടിപ്പിച്ചിരുന്നു.
അതോടൊപ്പം ഡോക്യുമെന്ററിയുടെ ഒരു കോപ്പി വേണമെന്നും ദിലീപിനെ കാണിക്കാനാണെന്നും പറഞ്ഞു. പിന്നീട് ദിലീപ് വിളിക്കുകയും സിനിമ ചെയ്യാനുള്ള താല്‍പ്പര്യം അറിയിക്കുകയും ചെയ്തുവെന്നും എന്നാല്‍ പൊടുന്നനെ ദിലീപ് ചിത്രത്തില്‍ നിന്നും പിന്‍മാറി. പുതിയ സംവിധായകന്റെ പടം ചെയ്യുകയും അത് പരാജയപ്പെടുകയും ചെയ്തതാണ് ദിലീപിനെക്കൊണ്ട് മാറ്റിച്ചിന്തിപ്പിച്ചത്. അതുകൊണ്ടു തന്നെ ഒരു നവാഗതനോടൊപ്പം ഇനിയും പടം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് ദിലീപ് അറിയിച്ചുവെന്നും വിമല്‍ പറഞ്ഞിരുന്നു.
Leave a Reply