Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:24 am

Menu

Published on March 8, 2016 at 11:01 am

എല്ലാ സീനിയോറിറ്റിയും തെറ്റിച്ചു നീയെന്നെ ഓവര്‍ ടേക്ക് ചെയ്തു; പേടിക്കേണ്ട മണി… നീ തനിച്ചല്ല… പിന്നാലെ ഞങ്ങളൊക്കെ ഉണ്ട്;മണിക്കൊപ്പമുള്ള നിമിഷങ്ങള്‍ അനുസ്മരിച്ച് നടന്‍ സലീം കുമാര്‍

salim-kumar-about-kalabhan-mani

കലാഭവന്‍ മണിക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ചുകൊണ്ട് നടൻ സലീംകുമാർ.ഫേസ്ബുക്കിലൂടെയാണ്സലിം കുമാര്‍ തന്റെ പ്രിയ സുഹൃത്തിനെ അനുസ്മരിച്ചിരിക്കുന്നത്. ഇന്നലെ ഐസിയുവില്‍ വെച്ചുണ്ടാക്കിയ ശൂന്യത നികത്താന്‍ പറ്റില്ലെന്ന് പറയുന്ന പോസ്റ്റില്‍ തനിക്ക് ദേശീയ അവാര്‍ഡി കിട്ടിയപ്പോള്‍ ആനകളുടെ അകമ്പടിയോടെ ഒരുക്കിയ സ്വീകരണവും തന്നെ സിനിമയിലെത്തിച്ച മണിയുടെ കരിനാക്കും പിന്നെ 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ച കലാഭവനിലെ ഓര്‍മകളും സലിം കുമാര്‍ അയവിറക്കുന്നു. മണിയെ കുറിച്ച് സലിം കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പാണ് താഴെ…

മണി….

ഇന്നലെ നിന്റെ ചേതനയറ്റ ശരീരവും കണ്ടു. വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ നീയും ജോണ്‍ ബ്രിട്ടാസും തമ്മിലുള്ള ഒരു ഇന്റര്‍വ്യൂവും കണ്ടു…. അതില്‍ നീ ബ്രിട്ടാസിനോട് പറയുന്നുണ്ട് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടി അഭിനയിച്ചിട്ടുള്ളത് നീയായിരിക്കും എന്ന്… പക്ഷേ അത് നിന്റെ മരണ ശേഷം ആയിരിക്കാം ആളുകള്‍ തിരിച്ചറിയുക എന്ന്… സത്യമാണ്.

ഒരു കലാകാരനെ അംഗീകരിക്കാന്‍ മരണം അനിവാര്യമായി വരുന്ന സന്ദര്‍ഭങ്ങള്‍… നിന്റെ കരിനാക്ക് ഫലിച്ചതുപോലെ എനിക്ക് തോന്നി….

നിന്റെ കരിനാക്കിന്റെ ശക്തി ഏറ്റവും കൂടുതല്‍ അടുത്തറിഞ്ഞ ഒരാളാണ് ഞാന്‍… എന്റെ വിവാഹ തലേന്ന് എന്റെ വീട്ടില്‍ വന്ന് നാടന്‍ പാട്ടൊക്കെ പാടുന്നതിന്റെ കൂട്ടത്തില്‍ ഒരു കാര്യം കൂടി നീ പറഞ്ഞു….

ഞാന്‍ സിനിമയില്‍ വന്നു. ഇനി അടുത്തതായി വരുന്നത് സലിംകുമാര്‍ ആയിരിക്കും എന്ന്….നീയതു പറഞ്ഞതിന്റെ രണ്ടാം ദിവസം അത് ഫലവത്തായി… സിനിമയില്‍ അഭിനയിക്കാന്‍ എന്നെ തേടി ആളുവന്നെത്തി…

നിനക്കെല്ലാം ആഘോഷങ്ങള്‍ ആയിരുന്നു… ദേശീയ അവാര്‍ഡ് കിട്ടിയ എന്നെ ചാലകുടിയില്‍ വച്ച് ആദരിച്ചത് മൂന്ന് ആനകളുടെ അകമ്പടിയോടെ ആയിരുന്നു… 22 വര്‍ഷത്തെ കലാഭവനിലെ ദാരിദ്ര്യത്തിന്റെ നാളുകളില്‍ തുടങ്ങിയ സൗഹൃദം….

ഇന്നലെ അമൃതയുടെ ഐ സി യുവില്‍ വച്ചുണ്ടാക്കിയ ശൂന്യത നികത്താന്‍ പറ്റില്ല മണി…

ഒരു മാര്‍ച്ച് മാസത്തില്‍ കലാഭവന്റെ ടെമ്പോ വാനില്‍ ഞാന്‍ നിന്നെയും കാത്തിരിന്നിട്ടുണ്ട്…. നീയായിരുന്നു ഗ്രൂപ്പ് ലീഡര്‍… അതായിരുന്നു നമ്മുടെ ആദ്യ സമാഗമം… അന്ന് നീ എന്നോട് പറഞ്ഞു ഇവിടെ ഇപ്പോള്‍ വേണ്ടത് ഒരു കോമഡി ചെയ്യുന്ന മിമിക്രികാരനെ അല്ല… മ്യൂസിക് ചെയ്യുന്ന ഒരാളെയാണെന്ന്…. അന്നത്തെ പരിപാടി കഴിഞ്ഞു. പിറ്റേന്ന് കലാഭവനില്‍ എത്തിയ എന്നെ അവിടെ സ്ഥിരം അര്‍ട്ടിസ്റ്റ് ആക്കിയതും നിന്റെ വാക്കുകളുടെ ബലത്തില്‍ മാത്രമായിരുന്നു…

കലാഭവന്റെ വാനില്‍ ബാക്കില്‍ ഉള്ള സീറ്റുകളെ നമ്മള്‍ വിളിച്ചിരുന്ന പേരായിരുന്നു തെമ്മാടി കുഴി എന്ന്… അവിടെയായിരുന്നു ഞാനും, സാജനും ഒക്കെ… ഒരു ബീഡി വലിക്കാന്‍ നീയുറങ്ങുന്നതും നോക്കി എത്രയോ രാത്രികള്‍ ഞങ്ങള്‍ ഇരുന്നിട്ടുണ്ട്…

നീയിപ്പോഴും ഉറങ്ങുകയാണ് മണി… ഇവിടെ പറവൂരില്‍ ബീഡിയും വലിച്ചു ഞാന്‍ ഇരിക്കുകയാണ്… പക്ഷെ കലാഭവനില്‍ ചെന്ന് പരാതി പറയാന്‍ ഇന്ന് നീയില്ല… പരിപാടിക്ക് കിട്ടുന്ന കാശില്‍ നിന്ന് പിഴ ഈടാക്കാന്‍ ആബേലച്ചനും ഇല്ല… ഞാന്‍ സ്വസ്ഥമായി ഇരുന്ന് വലിക്കുകയാണ്….

എന്നേക്കാള്‍ രണ്ടു വയസ്സിനു ഇളയതാണ് നീ… പക്ഷേ എല്ലാ സീനിയോറിട്ടിയും തെറ്റിച്ചു നീയെന്നെ ഓവര്‍ ടേക്ക് ചെയ്തു കളഞ്ഞു…

പറവൂരില്‍ എനിക്ക് നല്‍കിയ പൗരസ്വീകരണത്തിന് വന്നപ്പോള്‍… എന്നെ ചേര്‍ത്ത് പിടിച്ചു പാടിയ ഒരു പാട്ടുണ്ട്.

മിന്നാ മിനുങ്ങേ… മിന്നും മിനുങ്ങേ

എങ്ങോട്ടാണ് എങ്ങോട്ടാണ് ഈ യാത്ര

നീ തനിച്ചല്ലേ പേടിയാകില്ലേ

കൂട്ടിന്നു ഞാനും വന്നോട്ടെ

പേടിക്കേണ്ട മണി…നീ തനിച്ചല്ല….പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് ചങ്ങാതി…

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News