Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:22 pm

Menu

Published on April 29, 2013 at 4:53 am

സരബ്ജിത്തിന്‍െറ ബന്ധുക്കള്‍ ലാഹോറിലെ ആശുപത്രിയില്‍

sarabjith-reatives-in-lahore-hospital

ഇസ്ലാമാബാദ്: വെള്ളിയാഴ്ച ലാഹോര്‍ ജയിലില്‍ ഗുരുതരമായി മര്‍ദനമേറ്റ ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിങ് സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ര്‍മാര്‍. തലക്ക് ക്ഷതമേറ്റ ശേഷമുള്ള അവസ്ഥ വിലയിരുത്തിയ ശേഷമാണ് ഈ നിഗമനമെന്ന് ഡോക്ടര്‍മാരിലൊരാള്‍ പാക് ദിനപത്രമായ ‘ഡോണി’നോട് പറഞ്ഞു. നിലവിലെ അവസ്ഥ സരബ്ജിതിന്‍െറ ചികിത്സക്കായി രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാഹോറിലെ ജിന്ന ആശുപത്രി ഐ.സി. യുവിലാണ് ഇപ്പോള്‍ സരബ്ജിതുള്ളത്. വെള്ളിയാഴ്ച വൈകീട്ട് സരബ്ജിതിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ അയാളുടെ അസ്ഥികള്‍ തകര്‍ന്ന നിലയിലായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

അതിനിടെ, പാക് അധികൃതര്‍ വിസ അനുവദിച്ചതിനെ തുടര്‍ന്ന് സരബ്ജിതിന്‍െറ സഹോദരി ദല്‍ബീര്‍ കൗര്‍, ഭാര്യ സുഖ്പ്രീത് കൗര്‍, മക്കളായ സ്വപ്നദീപ്, പൂനം എന്നിവര്‍ അത്താരി-വാഗ ചെക് പോസ്റ്റ് കടന്ന് ലാഹോറിലെ ആശുപത്രിയില്‍ സരബ്ജിത്തിനടുത്തെത്തി. മുഖമാകെ നീരുവെച്ച് വീര്‍ത്ത നിലയിലാണ് സരബ്ജിത്തെന്നും അദ്ദേഹത്തെ ജയിലില്‍ ഇരുമ്പുദണ്ഡുപയോഗിച്ച് മര്‍ദിച്ചതാകാനാണ് സാധ്യത എന്നും സഹോദരി പറഞ്ഞു.

അതിര്‍ത്തിയില്‍നിന്ന് കേവലം 20 കിലോ മീറ്റര്‍ അകലെയാണ് ലാഹോര്‍. 15 ദിവസത്തെ വിസയാണ് അധികൃതര്‍ അനുവദിച്ചിട്ടുള്ളത്. കുടുംബത്തിലെ ഒരാള്‍ക്ക് സരബ്ജിതിന്‍െറ ശുശ്രൂഷക്കായി ആശുപത്രിയില്‍ നില്‍ക്കുകയും ചെയ്യാം. മെച്ചപ്പെട്ട സൗകര്യമുള്ള ആശുപത്രിയിലേക്ക് പിതാവിനെ മാറ്റണമെന്നും തുടര്‍ ചികിത്സക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നും പാകിസ്താനിലേക്ക് കടക്കും മുമ്പ് സരബ്ജിതിന്‍െറ മകള്‍ സ്വപ്നദീപ് പറഞ്ഞു. ജയില്‍ അധികൃതരുടെ അനുമതിയില്ലാതെ തന്‍െറ സഹോദരനെതിരെ ആക്രമണം നടക്കില്ലെന്ന് സഹോദരി ദല്‍ബീര്‍ കൗര്‍ പറഞ്ഞു.

ഇന്ത്യന്‍ ഹൈകമീഷന്‍ അധികൃതര്‍ക്ക് സരബ്ജിതിനെ സന്ദര്‍ശിക്കാനുള്ള അനുമതി ഞായറാഴ്ച പാക് അധികൃതര്‍ വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹൈകമീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സരബ്ജിതിനെ കാണാന്‍ അനുവദിച്ചിരുന്നു.
1990ല്‍ പാകിസ്താനില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ പ്രതിചേര്‍ക്കപ്പെട്ടാണ് സരബ്ജിത് ഇരുമ്പഴികള്‍ക്കുള്ളിലാവുന്നത്.

Loading...

Leave a Reply

Your email address will not be published.

More News