Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 10:35 am

Menu

Published on May 2, 2013 at 6:52 am

സൗദി തൊഴില്‍പ്രശ്‌നം: ചര്‍ച്ചകള്‍ക്ക് തൊഴിലാളിദിനത്തില്‍ തുടക്കം

saudi-labour-problem

റിയാദ്: സൗദിയില്‍ ഇന്ത്യക്കാര്‍ നേരിടുന്ന നിതാഖാത് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാന്‍ ഇന്ത്യയും സൗദി അറേബ്യയും ചേര്‍ന്ന് രൂപവത്കരിച്ച സംയുക്തസമിതി തൊഴിലാളിദിനമായ ബുധനാഴ്ച ആദ്യയോഗം ചേരും. ഇന്ത്യയെ പ്രതിനിധാനംചെയ്ത് റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജും സൗദി അറേബ്യയെ പ്രതിനിധാനംചെയ്ത് അഹമ്മദ് ഹുമൈദാനും സംയുക്ത സമിതിയിലുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് രൂപവത്കരിച്ച് മൂന്നുദിവസത്തിനകം സമിതി യോഗം ചേരുന്നത്.

കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ സൗദിയിലെത്തിയ ഇന്ത്യന്‍ സംഘം അധികൃതരുമായും വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളുമായും ചര്‍ച്ചചെയ്താണ് സംയുക്ത സമിതി രൂപവത്കരിച്ചത്. നിതാഖാത്തും മറ്റ് തൊഴില്‍ പ്രശ്‌നങ്ങളും പരമാവധി ലഘൂകരിക്കാനും പ്രത്യാഘാതം കുറയ്ക്കാനും സംയുക്തസമിതിയുടെ പ്രവര്‍ത്തനം സഹായകമാകുമെന്ന് വയലാര്‍ രവി പറഞ്ഞു. വിദേശ കാര്യ സഹമന്ത്രി ഇ.അഹമ്മദ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍, പ്രവാസി കാര്യമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി ടി.കെ.മനോജ് കുമാര്‍ എന്നിവരും സംഘത്തിലുണ്ട്. ഇവരെ സഹായിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദ് അലി റാവു, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബിജോര്‍ജ്, ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ ഫെയിസ് അഹമ്മദ് കിഡ്‌വായി എന്നിവരുമുണ്ടായിരുന്നു.

സ്വദേശിവത്കരണം കര്‍ശനമാക്കുകയും ഫ്രീ വിസ, ഹുറൂബ് എന്നീ പ്രശ്‌നങ്ങള്‍ ഗൗരവമാകുകയും ചെയ്തപ്പോള്‍ ഉയര്‍ന്ന ആശങ്കയുടെ പാശ്ചാത്തലത്തിലാണ് അബ്ദുള്ള രാജാവ് മൂന്നുമാസത്തെ സാവകാശം നല്‍കാന്‍ ഉത്തരവിട്ടത്. അതില്‍ ഒരു മാസം കഴിഞ്ഞെങ്കിലും ഇനിയുള്ള സമയത്തിനുള്ളില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതടക്കമുള്ള നിയമവിധേയമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സൗദി-ഇന്ത്യന്‍ അധികൃതര്‍ മുന്‍കയ്യെടുത്തിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്താന്‍ വയലാര്‍ രവിയും ഇ.അഹമ്മദും ഇന്ത്യന്‍ സംഘടനകളുമായുള്ള സംഭാഷണത്തില്‍ അഭ്യര്‍ഥിച്ചു.
സംയുക്തസമിതിയില്‍ സ്വീകരിക്കേണ്ട നടപടിക്രമം സംബന്ധിച്ച് വയലാര്‍ രവിയും ടി.കെ.എ.നായരും മനോജ്കുമാറും സംയുക്തസമിതി അംഗമായ സിബിജോര്‍ജുമായും അംബാസഡര്‍ ഹാമിദ് അലി റാവുവുമായും ചര്‍ച്ച നടത്തി.

Loading...

Leave a Reply

Your email address will not be published.

More News