Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:53 pm

Menu

Published on September 30, 2017 at 2:09 pm

ചിരിപ്പിക്കാൻ ഷെർലക് ടോംസും കൂട്ടുകാരും – റിവ്യൂ

sherlok-toms-malayalam-movie-review

ബിജു മേനോൻ – ഷാഫി അല്ലെങ്കിൽ റാഫി കൂട്ടുകെട്ട് ഏറെ കാലമായുള്ള ഒരു ആഗ്രഹമായിരുന്നു. അതിപ്പോൾ നടന്നിരിക്കുന്നു. അതും പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ. മനസ്സറിഞ്ഞുള്ള ചിരി.. അതാണ് ഷാഫി ചിത്രങ്ങളുടെ പ്രത്യേകത. കുടുംബപ്രേക്ഷകരുടെ പ്രിയസംവിധായകനായി ഷാഫി മാറിയതും അതുകൊണ്ടാണ്. ഒന്നോ രണ്ടോ സിനിമകൾ മാറ്റി നിർത്തിയാൽ ഷാഫിയുടെ മറ്റെല്ലാ ചിത്രങ്ങളും നമുക്ക് നൽകിയതും ആ ചിരി തന്നെയാണ്. ആ പതിവ് തുടർന്ന് തന്നെയാണ് ബിജു മേനോൻ നായകനായ ഷെർലക്ക് ടോംസും എത്തിയിരിക്കുന്നത്.

സിനിമക്ക് പറയാനുള്ളത്

ചെറുപ്പം മുതലേ ഷെർലക് ഹോംസിന്റെ കഥകൾ വായിച്ചു വളരുന്ന തോമസ് മനസ്സുമുഴുവൻ ആ ഒരു പാത ജീവിതത്തിലും കൊണ്ടുവരണം എന്ന ആഗ്രഹത്തിലാണ് വളർന്ന് വലുതാവുന്നത്. വലുതായപ്പോൾ IAS കിട്ടിയില്ലെങ്കിലും IRS ൽ ആഗ്രഹിച്ച പോലെയുള്ള ജോലിയിൽ പ്രവേശിക്കുന്നു. കേസ് അന്വേഷണങ്ങൾ വെറും ഒരു ജോലി എന്നതിലുപരി തോമസിന് ഒരു പാഷൻ കൂടിയാണ്. എന്നാൽ വീട്ടിൽ ഭാര്യയുമായി തോമസ് അത്ര നല്ല നിലയിലല്ല. എന്നും വഴക്ക് തന്നെ. തോമസിന് കൂട്ടിനായി കുറച്ചു സുഹൃത്തുക്കളൊക്കെയുണ്ട്. അവരോടൊപ്പമുള്ള സൗഹൃദവും ജോലിയും വീട്ടിലുണ്ടാകുന്ന കലപിലകളുമൊക്കെയായി കാര്യങ്ങൾ നീങ്ങാവെ തോമസിന്റെ ജീവിതത്തിലേക്ക് ചില സംഭവങ്ങൾ കടന്നുവരുന്നു. അതോടെ കഥ രസകരവും അതേസമയം ത്രില്ലിംഗ് നിറഞ്ഞതുമായി മുമ്പോട്ട് പോകുന്നു.

നല്ലതും ചീത്തയും

നർമത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് ഷാഫി അവതരിപ്പിക്കാറുള്ള സ്ഥിരം ചിത്രങ്ങളിൽ നിന്നും അൽപ്പം പുതുമകളോടെയാണ് ഈ ചിത്രം വന്നിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ആകർഷണം നർമ്മം തന്നെയാണെങ്കിലും ഒപ്പം അൽപ്പം ത്രില്ലിങ് രംഗങ്ങളും സിനിമയിലുണ്ട്. ഒരു കേസ് അന്വേഷണം ഒക്കെയുള്ള സിനിമയാകുമ്പോൾ അത് സ്വാഭാവികവുമാണ്. കുഴപ്പമില്ലാത്ത രീതിയിൽ തന്നെ ഷാഫി അത് അവതരിപ്പിച്ചിട്ടുമുണ്ട്.

സിനിമയിലുടനീളം വന്നുപോയികൊണ്ടിരിക്കുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ ചിരിയുടെ നല്ലൊരു വിരുന്നൊരുക്കുന്നുണ്ട്. ബിജുമേനോൻ ചിരിയോടൊപ്പം അൽപ്പം ഗൗരവം കൂടെ നിറഞ്ഞ വേഷം ഭംഗിയായി അവതരിച്ചപ്പോൾ സലീം കുമാർ ചളി കലരാത്ത കോമഡി അവതരിപ്പിച്ച് നമ്മളെ കയ്യിലെടുക്കും. ശ്രിന്ദയുടെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം. ഒപ്പം റാഫിയുടെ വേഷവും നിർത്താതെ അവസാനം വരേ ചിരിപ്പിച്ചു. ഒപ്പം ഹരീഷും കയ്യടി നേടുന്നുണ്ട്.

സിനിമയുടെ ആദ്യ പകുതിയിൽ പൂർണമായും തന്നെ നായകന്റെ ചുറ്റുപാടുകളെ പരിചയപ്പെടുത്തിയപ്പോൾ ഒത്തിരി നർമ്മമുഹൂർത്തങ്ങൾ കിട്ടിയെങ്കിലും എവിടെയൊക്കെയോ ചില പ്രശ്നങ്ങൾ ഉള്ളപോലെ തോന്നി. ചില സീനുകൾ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത പോലെയൊക്കെ ഇടയ്ക്കിടെ വന്നു. ഷാഫി-സച്ചി-നജീം കോയ-ബിജു മേനോൻ-കോമഡി-ത്രില്ലർ എന്നിങ്ങനെ വന്നത് കൊണ്ടാവാം അത്.

സിനിമയുടെ രണ്ടാം പകുതി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ നമ്മുടെ അവതാർ നായകൻ അഭിനയിച്ച ഒരു ഹോളിവുഡ് സിനിമ മനസ്സിലേക്ക് കടന്നുവരികയുണ്ടായി. തീർത്തും ആ കഥ അല്ലെങ്കിലും ഏകദേശം അതേ പോലെയുള്ള രംഗങ്ങൾ. (സിനിമയുടെ പേര് ഇപ്പോൾ പറഞ്ഞാൽ ഈ സിനിമയുടെ രസം പോകും. അതിനാൽ പറയുന്നില്ല) ചിത്രത്തിന്റെ ക്ലൈമാക്സ് ആയതോടെ ആ സിനിമയിൽ നിന്നും ഇൻസ്പിറേഷൻ എടുത്താണ് ചെയ്തതെന്ന് വേഗം മനസ്സിലായി. സിനിമക്കൊടുവിൽ നായകൻ തന്നെ ഒരു ഘട്ടത്തിൽ അത് പറയുന്നുമുണ്ട്.

അരങ്ങിലും അണിയറയിലും

ബിജു മേനോൻ, ശ്രിന്ധ, സലീം കുമാർ, റാഫി, ഹരീഷ് എന്നിവരെ കൂടാതെ മിയ, കോട്ടയം നസീർ തുടങ്ങി ചിരിയുടെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശാഫിയോടൊപ്പം സച്ചിയും നജീം കോയയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആൽബി. സംഗീതം ബിജിപാൽ.

കാണണോ വേണ്ടയോ

വലിയ കിടിലൻ സസ്പെൻസ് ട്വിസ്റ് ആക്ഷേപഹാസ്യം എന്നൊക്കെ പ്രതീക്ഷിക്കാതെ പോയാൽ ചിത്രം കണ്ടിരിക്കാം. ബുദ്ധിജീവി ചിന്തകൾ മാറ്റിവെച്ച് അല്പനേരം ചിരിക്കാം. ചില സീനുകളിലുള്ള പോരായ്മകളും മറ്റും കല്ലുകടിയായി തോന്നിയേക്കാം. ചില കോമഡികൾ നിലവാരമില്ലാത്തതായി തോന്നിയേക്കാം. എന്നാൽ മുകളിൽ പറഞ്ഞ ഹോളിവുഡ് സിനിമ കാണാത്തവരാണെങ്കിൽ അല്പം അധികം ട്വിസ്റ്റുകളും ലഭിക്കും. കഴിവതും അമിതപ്രതീക്ഷയില്ലാതെ കാണാൻ ശ്രമിക്കുക. നിങ്ങൾ കുടുംബവുമൊത്ത് കുറച്ചു നേരം ചിരിച്ചു തീർക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ധൈര്യമായി ടിക്കെറ്റ് എടുക്കാം ഈ ഷെർലക് ടോംസിന്.

My rating : 2.5/5

Loading...

Leave a Reply

Your email address will not be published.

More News