Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: ബ്രിട്ടന്‍ പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അക്രമിയുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകുന്നേരം വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.
സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയുടേതെന്നു കരുതുന്ന കാര്‍ ഇടിച്ചു പരുക്കേറ്റ മൂന്നു വഴിയാത്രികരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പൊലീസ് വെടിവച്ചുവീഴ്ത്തിയ അക്രമി കസ്റ്റഡിയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു.

അക്രമി ഏഷ്യന്‍ വംശജനാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇസ്‌ലാമിക് ഭീകരവാദവുമായി ബന്ധപ്പെട്ടവരാണ് സംഭവത്തിന് പിന്നിലെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസ് അക്രമിയെ തിരിച്ചറിഞ്ഞുവെന്നും എന്നാല്‍, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ബ്രസല്‍സില്‍ 52 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിനാണ് ലണ്ടനിലെ സംഭവം. ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ബ്രിട്ടനൊപ്പം ഇന്ത്യയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
പ്രാദേശിക സമയം 2.40നായിരുന്നു അക്രമങ്ങളുടെ തുടക്കം. അമിതവേഗതയില്‍ ഓടിച്ചുവന്ന ഒരു കാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു തൊട്ടടുത്തുള്ള വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിലെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന നിരവധിപേരെ ഇടിച്ചിട്ടശേഷം പാര്‍ലമെന്റ് മന്ദിരത്തിന്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറ്റി.

പിന്നീട് കാറില്‍നിന്നിറങ്ങി മന്ദിരത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച അക്രമിയെ തടഞ്ഞ പൊലീസുകാരനെ ഇയാള്‍ കഠാരകൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. മറ്റൊരു പൊലീസുകാരനുനേരെ പാഞ്ഞടുത്ത അക്രമിയെ അദ്ദേഹം വെടിവച്ചുവീഴ്ത്തി. നാലു വെടിയൊച്ചകള്‍ കേട്ടതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടും ഏതാനുംപേര്‍ക്ക് പരുക്കേറ്റു.
പാര്‍ലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ ഭൂരിഭാഗം എംപിമാരും പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്നു.
Leave a Reply