Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും ഉപയോഗം വര്‍ദ്ധിച്ചതോടെ രാത്രി ഉറങ്ങാന്‍ വൈകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ശരിയായ രീതിയില്‍ ഉറങ്ങുന്നവര്‍ കുറവാണെന്നു തന്നെ പറയാം. എന്നാല്‍ ഇങ്ങനെ ഉറങ്ങാതിരിക്കുന്നവരില്‍ മരണത്തിന് വരെ സാധ്യതയുണ്ടെന്നാണ് പുതിയ പഠനം.
മെറ്റബോളിസവുമായി ബന്ധപ്പെട്ട രോഗങ്ങളായ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം ഇവ ബാധിച്ചവര്‍ ആറുമണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ മരണസാധ്യത ഇരട്ടിയാകുമെന്ന് ഈ പഠനം പറയുന്നു.
മെറ്റബോളിക് രോഗങ്ങള്‍ ബാധിച്ചവര്‍ ആറുമണിക്കൂറില്‍ കുറവ് ഉറങ്ങിയാല്‍ ഹൃദ്രോഗവും പക്ഷാഘാതവും മൂലം മരിക്കാനുള്ള സാധ്യത രണ്ടു മടങ്ങാണെന്ന് പഠനം പറയുന്നു. കൂടുതല്‍ ഉറക്കം ലഭിക്കുന്നവര്‍ക്ക് മരണസാധ്യത കുറയും.

പെന്‍സില്‍വാനിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഈ പഠനം അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മെറ്റബോളിക് രോഗങ്ങള്‍ ബാധിക്കാത്തവരെ അപേക്ഷിച്ച് ഈ രോഗങ്ങള്‍ ബാധിച്ച ഉറക്കക്കുറവുള്ളവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ മരിക്കാനുള്ള സാധ്യത 1.99 ഇരട്ടിയാണ്.
ഹൃദ്രോഗം വരാനുള്ള സാധ്യതാ ഘടകങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ നന്നായി ഉറങ്ങാന്‍ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കില്‍ വൈദ്യസഹായം തേടണമെന്നും അതുവഴി ഹൃദ്രോഗമോ പക്ഷാഘാതമോ മൂലമുള്ള മരണസാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ജൂലിയോ ഫെര്‍ണാണ്ടസ് മെന്‍ഡോസ പറഞ്ഞു.
ശരാശരി 49 വയസ്സു പ്രായമുള്ള 1344 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 42 ശതമാനം പുരുഷന്മാരായിരുന്നു. പഠനത്തിനായി ഒരു രാത്രി സ്ലീപ്പ് ലബോറട്ടറിയില്‍ ഇവര്‍ കഴിഞ്ഞു.
ഇവരില്‍ 39 ശതമാനത്തിനും കുറഞ്ഞത് മൂന്ന് രോഗസാധ്യതാ ഘടകങ്ങള്‍ ഉള്ളതായി കണ്ടു. ബോഡിമാസ് ഇന്‍ഡക്‌സ് 30 ല്‍ കൂടുതല്‍, കൊളസ്‌ട്രോള്‍, ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗര്‍, രക്തസമ്മര്‍ദം, ട്രൈഗ്ലിസറൈഡ് നില ഇവ കൂടുതല്‍ ആണെന്നും കണ്ടു. ശരാശരി പതിനാറു വര്‍ഷത്തെ തുടര്‍ പഠനത്തിനിടയില്‍ 22 ശതമാനം പേര്‍ മരണമടഞ്ഞു.
രക്തസമ്മര്‍ദവും രക്തത്തിലെ ഗ്ലൂക്കോസ് നിലയും കുറച്ച് ഉറങ്ങുന്ന സമയം വര്‍ദ്ധിപ്പിച്ചാല്‍ മെറ്റബോളിക് സിന്‍ഡ്രോം ബാധിച്ചവരില്‍ അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നു ഫെര്‍ണാണ്ടസ് മെന്‍ഡോസ കൂട്ടിച്ചേര്‍ത്തു.
Leave a Reply