Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുക്കാനുള്ള സാധ്യത ഏറി.മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ട് പോകാനാകില്ലെന്ന നിലപാട് പ്രത്യേകാന്വേഷണസംഘം നേരത്തെതന്നെ കൈക്കൊണ്ടതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്നത് സര്‍ക്കാറിന് ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് അത് വൈകിയത്.
എന്നാല്‍ എം.കെ. കുരുവിളയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മൊഴി എന്തുകൊണ്ട് രേഖപ്പെടുത്തിയില്ലെന്ന കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ സോളാര്‍ തട്ടിപ്പുകേസുകളിലും ഇതേ വിമര്‍ശം കോടതികളില്‍നിന്ന് നേരിടേണ്ടിവരുമെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നതുകൊണ്ട് നിലവില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തുടരുകയല്ലാതെ മറ്റ് പ്രശ്നങ്ങളുണ്ടാകില്ലന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.പാമോയില്‍, ടൈറ്റാനിയം കേസുകളില്‍ നേരത്തെ ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഇത് പുതിയ സംഭവമായി ചിത്രീകരിക്കപ്പെടുകയോ നിയമപ്രശ്നമായി ഉയരുകയോ ചെയ്യില്ലെന്നും സംഘം വിലയിരുത്തുന്നു.സോളാര്‍ തട്ടിപ്പില്‍ ഇരയായ നിക്ഷേപകരില്‍ മൂന്നുപേര്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻറെ ഓഫിസിനെയും വിശ്വസിച്ചാണ് പണം നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തത് കോടതിക്ക് മുന്നില്‍ ഈ കേസ് പരിഗണിക്കപ്പെടുമ്പോള്‍ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.പത്തനംതിട്ടയിലെ പരാതിക്കാരനായ ശ്രീധരന്‍നായര്‍ സരിതക്കൊപ്പമാണ് താന്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന് പറഞ്ഞിരുന്നു. മണക്കാട് സ്വദേശി റാസിഖ്അലിയും മുഖ്യമന്ത്രിയുടെ കത്ത് ബിജു രാധാകൃഷ്ണന്‍ കാണിച്ചിരുന്നുവെന്ന് ആരോപിച്ചിരുന്നു. കോടതിയില്‍ പരാതിയുമായി എത്തിയ കവടിയാര്‍ സ്വദേശി ടി.സി. മാത്യു നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് താന്‍ ഈ തട്ടിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വേണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മൊഴി കൂടിയേ തീരൂ. അല്ലാത്തപക്ഷം ഈ കേസുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടോ കുറ്റപത്രമോ സമര്‍പ്പിക്കപ്പെട്ടാല്‍ കോടതിയുടെ രൂക്ഷ വിമര്‍ശത്തിന് അന്വേഷണസംഘം വിധേയമാകുമെന്നുറപ്പാണ്.ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തണമെന്ന് പ്രത്യേകാന്വേഷണസംഘം തീരുമാനിച്ചത്.
Leave a Reply