Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
–
കൊച്ചി: പഠിപ്പിക്കാന്‍ അധ്യാപകരില്ലാകത്തതിന്റെ പേരില്‍ കോതമംഗലത്ത് ആദിവാസി വിദ്യാര്‍ത്ഥിയടക്കം വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. മാമലക്കണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകരെ നിയമിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ തന്നെ സമരരംഗത്തിറങ്ങിയത്. സംസ്ഥാനത്തെ സമീപകാലചരിത്രത്തില്‍ ആദ്യമായാണ് സ്‌കൂള്‍ വിദ്യാഥികള്‍ പഠനാവാകശാത്തിനായി രാപ്പകല്‍ നിരാഹാരം കിടക്കുന്നത്.
ഭക്ഷണമില്ലാതെ, ഒരിറ്റുവെളളമില്ലാതെ എത്രദിവസം കഴിച്ചുകൂട്ടാനാകുമെന്ന് ഈ കുരുന്നുകള്‍ക്കറിയില്ല. പക്ഷേ ഒന്നറിയാം.പഠിക്കണം.അതിനധ്യാപകര്‍ വേണം. എത്രപരാതി പറഞ്ഞു. ഒരു ഫലവുമില്ല. ആരും ചെവികൊടുക്കുന്നില്ല. മാമലക്കണ്ടം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ യദുകൃഷ്ണന്‍, ആദിവാസി വിദ്യാര്‍ത്ഥിയായ സന്ധ്യ എന്നിവരാണ് കോതമംഗലം ഡിഇ ഒ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയിരിക്കുന്നത്.
നൂറോളം വിദ്യാര്‍ഥികളുളള മലയോര ആദിവാസി മേഖലയായ മാമലക്കണ്ടത്തെ സർക്കാര്‍ സ്‌കൂള്‍ കഴിഞ്ഞവര്‍ഷം ഹൈസ്‌കൂളാക്കി. പക്ഷേ ഒരൊറ്റ സ്ഥിരം അധ്യാപകനെപ്പോലും നിയമിച്ചില്ല. താല്‍കാലിക ആധ്യാപകരൊക്കെ ആനപ്പേടി പറഞ്ഞ് സ്ഥലംവിട്ടു. അധ്യാപകരുടെ വരവും പോക്കും പതിവായതോടെയാണ്
ഗതികെട്ട ഈ കുരുന്നുകള്‍ സമരത്തിനിറങ്ങിയത്. മാമലക്കണ്ടത്ത് സ്ഥിരം അധ്യാപകരെ നിയമിക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമൊക്കെ ഉറപ്പുകൊടുത്തതാണ്. പക്ഷേ ഒന്നും സംഭവിച്ചില്ല.
കഴിഞ്ഞ രാത്രിയിലും കൊടും തണുപ്പ് സഹിച്ച് ഈ കുട്ടികള്‍ കോതമംഗലം പട്ടണത്തില്‍ സമരമിരുന്നു. ഇന്ന് കൂടുതല്‍ പേര്‍ സമരത്തിനെത്തുന്നു.
Leave a Reply