Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 7:14 am

Menu

Published on November 25, 2015 at 10:29 am

‘സു സു സുധി വാത്മീകം’….സു സു സുന്ദരം…!

su-su-sudhi-vathmeekam-movie-review

പുണ്യാളൻ അഗർബത്തീസിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് സു സു സുധി വാത്മീകം.ശുഭാപ്തി വിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ സഹായിക്കന്ന ഒരു കുടുംബ ചിത്രം അതാണ്‌ സു സു സുധി വാത്മീകം.ചിത്രത്തിൻറെ പേരിൽത്തന്നെയുണ്ട് കഥയുടെ ഏകദേശം ഒരു ചിത്രം.

സുധിയുടെ കഥ, വിക്കുള്ള സുധിയുടെ കഥ അതാണ്‌ സു സു സുധി വാത്മീകം.കുട്ടിക്കാലം മുതൽ തനിക്ക് ഒരു കുറവുണ്ടെന്ന് സുധി വിശ്വസിച്ചിരുന്നു, മറ്റൊരു തരത്തിൽ പറഞ്ഞാൽ ചുറ്റുമുള്ളവർ സുധിയെ അങ്ങനെ വിശ്വസിപ്പിച്ചു.വളർന്നപ്പോഴും തന്റെ വിക്കിനെക്കുറിച്ചോർത്ത് സുധി വിഷമിച്ചുകൊണ്ടേയിരുന്നു. പിന്നീട് കല്യാണി എന്ന സ്പീച്ച് തെറാപ്പിസ്റ്റ് സുധിയുടെ ജീവിതത്തിലേയ്ക്കു കടന്നു വരുന്നതും ആ കണ്ടുമുട്ടല്‍ സുധിയുടെ ജീവിതം മാറ്റി മറിക്കുന്നതുമാണ് കഥയുടെ ഉള്ളടക്കം.ഒരു സാധാരണക്കാരനായ നാട്ടുമ്പുറത്തുകാരന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകലെല്ലാം സുധിയുടെ ജീവിതത്തിലും സംഭവിയ്ക്കുന്നുണ്ട്. എന്നാൽ എല്ലാത്തിനെയും മറികടന്ന് ആത്മവിശ്വാസത്തിലൂടെ സുധി വിജയത്തിലെത്തുന്നുമുണ്ട്.

Feature-Image

ജയസൂര്യയുടെ അഭിനയജീവിതത്തിലെ മികച്ച ഒരു കഥാപാത്രമാണ് സുധി. വിക്കുള്ള കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ അതിന്റെ ഏറ്റവും സ്വാഭാവികമായ രീതിയിൽത്തന്നെ സ്‌ക്രീനില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.20 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ള സുധിയുടെ ജീവിതത്തിലൂടെയുള്ള യാത്ര കൃത്രിമത്വങ്ങളില്ലാതെ ജയസൂര്യ അഭിനയിച്ചു ഫലിപ്പിച്ചു. പ്രായത്തിന്റെ ഓരോ ഘട്ടത്തിലും ശാരീരികമായും മാനസികമായും കഥാപാത്രത്തിന് വരുന്ന മാറ്റങ്ങൾ സംഭാഷണങ്ങളിലൂടെയും അഭിനയത്തിലൂടെയും ശരീരഭാഷയിലൂടെയും വ്യക്തമായിരുന്നു.

ചലച്ചിത്രതാരം മുകേഷ് ആയി തന്നെയാണ് മുകേഷ് ചിത്രത്തിൽ വേഷമിടുന്നത്. ജനങ്ങള്‍ ഒരു നടനോട് എങ്ങനെ പെരുമാറുന്നുവെന്നും അറിഞ്ഞോ അറിയാതെയോ അവര്‍ ഒരു നടന് വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകളും ചിത്രത്തിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. നിങ്ങളെ മുൾ മുനയിൽ നിർത്തുന്ന ആക്ഷന്‍ രംഗങ്ങളോ അപ്രതീക്ഷിത ട്വിസ്റ്റുകളോ ഒന്നും ചിത്രത്തിനൽ ഇല്ല. നാട്ടുമ്പുറത്തു നടക്കുന്ന ഒരു സാധാരണ കഥയാണിത്.

Feature-Image

നായികമാരായെത്തിയ സ്വാതിയും ശിവദയും മികച്ച അഭിനയം കാഴ്ചവച്ചു.എന്നാൽ അജു വർഗ്ഗീസിന് പതിവ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഒന്നും ഈ സിനിമയിലും ചെയ്യാനുണ്ടായിരുന്നില്ല എന്നത് പ്രേക്ഷകരെ ചെറിയതോതിൽ നിരാശപ്പെടുത്തി.ടി ജി രവി, കെ പി എ സി ലളിത തുടങ്ങിയവരും അവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ബിജിപാലാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയുടെ ഫ്‌ളോ നിലനിര്‍ത്തിയിട്ടുണ്ട് .

നമുക്ക് പോരായ്മകളും കുറവുകളുമുണ്ടെന്ന് സ്വയം വിശ്വസിച്ചാൽ വിജയത്തിലേക്കുള്ള നമ്മുടെ യാത്രയിൽ സ്വയം തടസ്സം നിൽക്കലാവും അത്. നമ്മുടെ കുറവുകളെ കാര്യമാക്കാതെ പുതിയ സാധ്യതകള്‍ തേടി ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു നടക്കാനാണ് ചിത്രം പറയുന്നത്. ആത്മവിശ്വാസത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ നല്ലൊരു കുടുംബചിത്രം കാണണമെന്നുണ്ടെങ്കില്‍ തീർച്ചയായും സു സു സുധി വാത്മീകത്തിന് ഒരു ടിക്കറ്റെടുക്കാം.


Loading...

Leave a Reply

Your email address will not be published.

More News