Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാധാരണ പ്രായമായവരെ ബാധിക്കുന്ന രോഗമാണ് അള്‍ഷിമേഴ്‌സ്. ക്രമം തെറ്റിയ ഓര്‍മ്മകളില്‍ കൂടി ആരംഭിച്ച് പിന്നീട് ഓര്‍മകള്‍ പൂര്‍ണമായും നഷ്ടപ്പെടുന്നതുമായ വല്ലാത്ത അവസ്ഥയാണിത്. ഇപ്പോഴിതാ അള്‍ഷിമേഴ്‌സിലേക്ക് നയിക്കുന്ന ഒരു കാരണത്തെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

രക്തത്തിലെ പഞ്ചസാരയുടെ അളവും അള്‍ഷിമേഴ്‌സും തമ്മില്‍ ബന്ധമുണ്ടെന്നാണ് കിങ്‌സ് കോളജ് ലണ്ടനിലെയും ബാത് സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. മധുരത്തോടുള്ള കൊതി നിങ്ങളെ സ്മൃതി നാശത്തിലേക്ക് നയിക്കുമെന്ന് ചുരുക്കം.
എങ്ങിനെയാണ് രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് അഥവാ ഹൈപ്പര്‍ഗ്ലൈസീമിയ, ബൗദ്ധിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതെന്നാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. അവരുടെ കണ്ടെത്തലുകള്‍ ഇപ്രകാരമായിരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ അവസ്ഥയിലെത്തിയാല്‍ അത് നാഡീസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
ഈ പരിധി കടന്നാല്‍ ഡീമെന്‍ഷ്യയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ വീക്കത്തെ പ്രതിരോധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രോട്ടീനിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു.
അള്‍ഷിമേഴ്‌സ് രോഗികളില്‍ ഇത്തരത്തില്‍ അബ്‌നോര്‍മല്‍ പ്രോട്ടീനുകള്‍ പെരുകി പ്ലേക്ക് രൂപപ്പെടുകയും ഇവ തലച്ചോറില്‍ കെട്ടു പിണഞ്ഞു കിടക്കുകയും ചെയ്യും. ഇത് തലച്ചോറിന്റെ ബൗദ്ധിക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു.
അല്‍ഷിമേഴ്‌സ് ബാധിച്ചതും ബാധിക്കാത്തതുമായ 30 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലുണ്ടാകുന്നതു മൂലമുണ്ടാകുന്ന പ്രോട്ടീന്‍ ഗ്ലൈക്കേഷന്‍ പരിശോധിച്ചു.

അല്‍ഷിമേഴ്‌സിന്റെ ആദ്യ ഘട്ടത്തില്‍, ഇന്‍സുലിന്‍ നിയന്ത്രണത്തിനും രോഗപ്രതിരോധ സംവിധാനത്തിനും പ്രധാന പങ്കു വഹിക്കുന്ന എം.ഐ.എഫ് എന്ന (Macrophage migration Inhibitory Factor) എന്‍സൈമിനെ ഈ ഗ്ലൈക്കേഷന്‍ തകരാറിലാക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. അള്‍ഷിമേഴ്‌സ് ബാധിക്കുമ്പോള്‍ ഈ ഗ്ലൈക്കേഷനും കൂടുന്നു.
അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ആദ്യഘട്ടത്തിലുള്ളവരുടെ തലച്ചോറിലെ ഗ്ലൂക്കോസ്, ഈ എന്‍സൈമിനെ രൂപമാറ്റം വരുത്തുന്നു. തലച്ചോറിലെ ഇത്തരം അബ്‌നോര്‍മല്‍ പ്രോട്ടീനുകളുടെ നിര്‍മ്മാണത്തെ എം.ഐ.എഫ് സാധാരണ ഗതിയില്‍ പ്രതിരോധിക്കേണ്ടതാണ്.
എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ട പ്രവര്‍ത്തനങ്ങളുടെ തകരാറ് എം.ഐ.എഫിന്റെ ചില പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും മറ്റുള്ളവയെ പൂര്‍ണമായും തകരാറിലാക്കുകയും ചെയ്യുന്നു. ഇത് അല്‍ഷിമേഴ്‌സ് ബാധിക്കാന്‍ കാരണമാകുന്നുവെന്നാണ് പഠനം പറയുന്നത്.
Leave a Reply