Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വേനലിങ്ങനെ കനക്കുമ്പോൾ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധപുലർത്തേണ്ടതുണ്ട്. ആരോഗ്യമുള്ളവർ പോലും ചൂട്ടു പൊള്ളുന്ന വേനലിൽ വാടുമ്പോൾ ഗർഭിണികളുടെ ആരോഗ്യപരിപാലനം വളരെ പ്രാധാന്യം അർഹിക്കുന്നു. അന്തരീക്ഷത്തിലെ ക്രമാതീതമായ ചൂട് ഗർഭകാല പ്രശ്നങ്ങളായ ഛർദ്ദി, ക്ഷീണം, വേദന എന്നിവയെ അസഹനീയമാക്കാം. വേനൽക്കാലത്തെ ഗർഭസംരക്ഷണത്തിനുള്ള 10 കാര്യങ്ങൾ ശ്രദ്ധിക്കാം

നിർജലീകരണം ഒഴിവാക്കുക ; തലകറക്കം, ക്ഷീണം, വരണ്ട ചുണ്ടും വായും, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം മഞ്ഞനിറത്തിൽ പോകുക തുടങ്ങിയവയാണ് നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ. ഇത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക. പുറത്തുപോകുമ്പോൾ ഒരു കുപ്പി വെള്ളം കരുതുക.
ആരോഗ്യകരമായ ഭക്ഷണം ; ധാരാളം പഴങ്ങളും വെള്ളവും പച്ചക്കറികളും ഉൾപ്പെടുന്നതായിരിക്കണം ഭക്ഷണം. വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ചൂടിനെ നേരിടാം ; അസഹനീയമായ ചൂട് തോന്നുന്നുവെങ്കിൽ തണുത്ത വെള്ളത്തിൽ കുളിക്കാൻ മടിക്കേണ്ട. പുറത്ത് പോകുമ്പോൾ ഒരു സ്പ്രേ ബോട്ടിൽകൂടി കരുതുക. ആവശ്യമെങ്കിൽ മാത്രം ദേഹത്തു സ്പ്രേ ചെയ്യാം.
വേനൽക്കാലത്തെ വസ്ത്രധാരണം ; ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ- അയഞ്ഞു കിടക്കുന്ന ഗൗൺ പോലുള്ളവ – ആണ് നല്ലത്. ഇറുകിപ്പിടിച്ചു കിടക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കുക.
പാദസംരക്ഷണം പ്രത്യേകം ശ്രദ്ധിക്കുക ; വേനൽക്കാലത്ത് ഗർഭിണികളുടെ പാദത്തിലുണ്ടാകുന്ന നീരും അതു മൂലമുണ്ടാകുന്ന അസ്വസ്ഥതയും കൂടാം. ഉറങ്ങുമ്പോഴും ഇരിക്കുമ്പോഴും പാദങ്ങൾ അൽപം ഉയർത്തി വയ്ക്കുകയും യോജിച്ച പാദരക്ഷകൾ ധരിക്കുകയും ചെയ്യാൻ ശ്രദ്ധിക്കുക.
കേശസംരക്ഷണം ; ധാരാളം മുടിയുള്ളവർ അത് ഉയർത്തി കെട്ടാനും വേണ്ടി വന്നാൽ മുറിച്ചു കളയാനും മടിക്കേണ്ട. അത് കഴുത്തിനും മുതുകിനും ചുറ്റുമുള്ള വായുസഞ്ചാരം കൂട്ടുവാനും അധികമായി വിയർക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
ത്വക്ക് സംരക്ഷണം ; പുറത്ത് പോകുമ്പോൾ സൺസ് ക്രീം ലോഷൻ, സൺ ഗ്ലാസ്സ്, തൊപ്പി, സ്കാർഫ് എന്നിവ കരുതുക. ചുണ്ടുകളുടെ സംരക്ഷണത്തിനായി ലിപ്ബാം ഉപയോഗിക്കാം.
വ്യായാമം തക്ക സമയത്ത് ; ഗർഭകാലത്തെ വ്യായാമം അതിരാവിലെയോ വൈകുന്നേരമോ ചെയ്യുന്നതാണ് അഭികാമ്യം. വ്യായാമത്തിനിടെ ക്ഷീണം തോന്നുന്നെങ്കിൽ തൽക്കാലം നിർത്തിവയ്ക്കുക.
യാത്രകൾക്ക് അനുയോജ്യമായ സമയം ; പുറത്തു പോകുന്നത് രാവിലെയോ വൈകുന്നേരമോ ആവാം. രാവിലെ 11 നും വൈകിട്ട് 4 നും ഇടയ്ക്കുള്ള യാത്രകൾ ഒഴിവാക്കുക.
ഉറക്കവും വിശ്രമവും നിസ്സാരമല്ല ; ഗർഭകാലത്ത് ഉറക്കവും വിശ്രമവും വളരെ പ്രധാനപ്പെട്ടതാണ്. നല്ല പുസ്തകങ്ങൾ വായിക്കുകയും പാട്ടുകൾ കേൾക്കുകയും ചെയ്യുന്നത് മനസ്സിനെ ശാന്തമാക്കും.
Leave a Reply