Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:37 pm

Menu

Published on May 9, 2013 at 6:25 am

നവാസ് ഷെറീഫിന്റെയും ഇമ്രാന്റെയും പാര്‍ടികള്‍ ഒപ്പത്തിനൊപ്പമെന്ന് സര്‍വേ

survey-says-nawaz-sharif-imran-khan-are-neck-and-neck

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച സമാപിക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ പിഎംഎല്‍(എന്‍), മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ്(പിടിഐ) എന്നിവ ജനപിന്തുണയില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പമെന്ന് ഒരു സര്‍വേ റിപ്പോര്‍ട്ട്. ഹെരാള്‍ഡ് മാസിക നടത്തിയ സര്‍വേയില്‍ 25 ശതമാനമാളുകള്‍ പിന്തുണച്ച പിഎംഎല്‍ എന്നിന് നേരിയ മുന്‍തൂക്കമുണ്ട്. തൊട്ടുപിന്നിലുള്ള പിടിഐയെ 24.98 ശതമാനം പേര്‍ പിന്തുണച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം രാജ്യം ഭരിച്ച പിപിപിക്ക് 17.74 ശതമാനം പേരുടെ പിന്തുണയാണ്. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ചില്‍ രാജ്യത്തെ 42 ജില്ലയിലും രണ്ട് ഗോത്രവംശ പ്രദേശങ്ങളിലുമുള്ള 1285 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഇപ്പോള്‍ ഒരുമാസത്തിലേറെ കഴിഞ്ഞ സാഹചര്യത്തില്‍ ജനങ്ങളുടെ അഭിപ്രായത്തില്‍ മാറ്റമുണ്ടാവാം. ഇമ്രാന്‍ ഖാന് പ്രചാരണത്തിനിടെയുണ്ടായ അപകടം പിടിഐയ്ക്ക് അനുകൂലമായ സഹതാപത്തിനും ഇടയാക്കിയേക്കാമെന്ന് നിരീക്ഷകര്‍ കരുതുന്നു. എന്നാല്‍, ഹെരാള്‍ഡ് 10 വിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വേ അനുസരിച്ച് പിടിഐ വളരെ പിന്നില്‍ മൂന്നാംസ്ഥാനത്താവും. ദേശീയ അസംബ്ലിയില്‍ 12.11 ശതമാനം സീറ്റേ ഇമ്രാന്റെ പാര്‍ടിക്ക് ലഭിക്കൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അവരുടെ അഭിപ്രായത്തില്‍ പിഎംഎല്‍ എന്‍ 34.89 ശതമാനം സീറ്റും പിപിപി 24.89 ശതമാനം സീറ്റും നേടും. ദേശീയ അസംബ്ലിയിലെ പകുതിയിലധികം അംഗങ്ങളെയും തെരഞ്ഞെടുക്കുന്ന പഞ്ചാബ് പ്രവിശ്യയില്‍ പിഎംഎല്‍ എന്നിന് 38.66 ശതമാനം പേരുടെ പിന്തുണയുണ്ടെന്നാണ് സര്‍വേയില്‍ കാണുന്നത്. പിടിഐയ്ക്ക് ഇവിടെ 30.46 ശതമാനം പിന്തുണയുണ്ട്. പിപിപിക്ക് 14.33 ശതമാനം പിന്തുണ മാത്രം. പിപിപി ശക്തികേന്ദ്രമായ സിന്ധില്‍ അവര്‍ക്ക് 35.21 ശതമാനം പിന്തുണയുണ്ട്. ഇവിടെ 19.37 ശതമാനം പിന്തുണയോടെ എംക്യുഎം ആണ് പിന്തുണയില്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ പിടിഐയ്ക്ക് 8.45 ശതമാനവും പിഎംഎല്‍ എന്നിന് 8.1 ശതമാനവുമാണ് പിന്തുണ. ഖൈബര്‍ പക്തുന്‍ക്വായില്‍ പിടിഐക്ക് 35.41 ശതമാനം പിന്തുണ കാണുന്നു. പിഎംഎല്‍ എന്‍ ആണ് 19.92 പിന്തുണയോടെ രണ്ടാം സ്ഥാനത്ത്. അവാമി നാഷണല്‍ പാര്‍ടി 12.44 ശതമാനം പിന്തുണയോടെ മൂന്നാമതുണ്ട്. ബലൂചിസ്ഥാനില്‍ 19.18 ശതമാനം പിന്തുണയുള്ള ബലൂചി നാഷണല്‍ പാര്‍ടി-മെംഗല്‍ ഒന്നാമതായേക്കും. ഇവിടെ സര്‍വേയില്‍ രണ്ടാം സ്ഥാനത്തുള്ള പിപിപിക്ക് 8.22 ശതമാനമാണ് പിന്തുണ. ഇവിടെ പിടിഐയ്ക്ക് 5.48 ശതമാനവും പിഎംഎല്‍എന്നിന് 2.74 ശതമാനവുമാണ് പിന്തുണ.

Loading...

Leave a Reply

Your email address will not be published.

More News