Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: സിനിമയില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി തപ്സി പന്നു. താന്‍ ഭാഗ്യമില്ലാത്തവളും രാശിയില്ലാത്തവളുമാണെന്ന കഥകള്‍ പ്രചരിച്ചുവെന്നും സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ നായികയുടെ തലയില്‍ കെട്ടിവയ്ക്കുന്ന പ്രവണത സിനിമാലോകത്തുണ്ടെന്ന് തപ്സി പറയുന്നു.
ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് തപ്സി തന്റെ അനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ താന്‍ മോഡലിങ് ചെയ്ത് വരുമാനം ഉണ്ടാക്കിയിരുന്നുവെന്ന് തപ്‌സി പറയുന്നു.
ക്യാറ്റ് പരീക്ഷയ്ക്ക് 88 ശതമാനം മാര്‍ക്കുണ്ടായിരുന്ന താന്‍ സ്വാഭാവികമായും എംബിഎ ചെയ്യേണ്ടതായിരുന്നു. ആ സമയത്താണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ആദ്യത്തെ മൂന്ന് സിനിമകള്‍ നന്നായി പോയെങ്കിലും ഇടയ്ക്ക് ചില പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു.
പിന്നീട് താന്‍ ഭാഗ്യമില്ലാത്തവളും രാശിയില്ലാത്തവളുമാണെന്ന കഥകളാണ് പ്രചരിച്ചത്. സിനിമയുടെ പരാജയം മുഴുവന്‍ സഹപ്രവര്‍ത്തകര്‍ തന്റെ തലയിലാണ് കെട്ടിവച്ചത്. തുടര്‍ന്ന് പ്രതിഫലം കുറയ്ക്കാന്‍ തുടങ്ങി. എന്നിട്ടും തീര്‍ന്നില്ല, പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കിയെന്നും തപ്‌സി കുറിച്ചു.
പിങ്കില്‍ അഭിനയിക്കുന്നതുവരെ തനിക്ക് ആരോപണങ്ങളില്‍ നിന്ന് മോചനം ഉണ്ടായിട്ടില്ല. ബോളിവുഡിലെ പല നടന്മാരും തനിക്കൊപ്പം ജോലി ചെയ്യാന്‍ മടിച്ചു. എല്ലാം പറഞ്ഞുറപ്പിച്ചതിനുശേഷം അവസാന നിമിഷം നിര്‍മ്മാതാക്കള്‍ വാക്കു മാറ്റിപ്പറഞ്ഞ അനുഭവങ്ങളും കുറവല്ലെന്നും അവര്‍ പറയുന്നു. മാത്രമല്ല തുല്യവേതനത്തിനല്ല, അടിസ്ഥാന ശമ്പളം കിട്ടാന്‍ പോലും തനിക്ക് പലരുമായും തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ടെന്നും തപ്‌സി കൂട്ടിച്ചേര്‍ത്തു.
അഭിനയം ഇഷ്ടമായതുകൊണ്ട് മാത്രമാണ് ഇന്ന് താന്‍ ഇവിടെ നില്‍ക്കുന്നത്. തനിക്ക് വലിയ സൗന്ദര്യമോ വശ്യതയോ ഇല്ല. എന്നാല്‍ കഴിവില്‍ വിശ്വാസമുണ്ട്. സ്വയം സഹതപിക്കാന്‍ താല്‍പര്യമില്ല. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ വച്ച് ജനക്കൂട്ടത്തിനില്‍ നിന്നൊരാള്‍ എന്നെ തോണ്ടി. ഞാന്‍ തിരിഞ്ഞുനോക്കിയില്ല. എന്നാല്‍, അയാളുടെ കൈയില്‍ കയറിപ്പിടിച്ച് തിരിച്ചു. വേദനകൊണ്ട് പുളയുകയായിരുന്നു അയാളെന്നും തപ്‌സി കുറിച്ചു. മറ്റുള്ളവര്‍ക്ക് താന്‍ വലിയ സംഭവമല്ലെങ്കിലും തന്റെ കഥയില്‍ താന്‍ നായികയാണെന്നും തപ്‌സി പറയുന്നു.
അമിതാഭ് ബച്ചനൊപ്പമുള്ള പിങ്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുകയാണ് തപ്‌സി. മാത്രമല്ല ഇവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന നാം ശബാന എന്ന ചിത്രം മാര്‍ച്ച് 31 ന് തിയേറ്ററുകളിലെത്തുകയാണ്. അക്ഷയ് കുമാര്‍, പൃഥ്വിരാജ് എന്നിവരും ചിത്രത്തിലുണ്ട്.
Leave a Reply