Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: തനിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് സംവിധായകന്‍ പ്രിയദര്‍ശന്റെ സൗഹൃദ വലയത്തില്‍ പെട്ടതിനാലാണെന്ന വിമര്‍ശനങ്ങളില്‍ മനംമടുത്ത് ബോളിവുഡ് താരം അക്ഷയ് കുമാര്‍.
തനിക്ക് നല്‍കിയ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വേണമെങ്കില്‍ തിരിച്ചെടുത്തോളുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ സ്റ്റണ്ട് താരങ്ങളുടെ സംഘടനയുടെ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റുസ്തം, എയര്‍ലിഫ്റ്റ് എന്നീ ഹിന്ദി ചിത്രങ്ങളിലെ അഭിനയത്തിനാണ് പ്രിയദര്‍ശന്‍ അക്ഷ്യനായ ജൂറി അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്. എന്നാല്‍ ഇതിനു പിന്നാലെ ജൂറി ചെയര്‍മാനായ പ്രിയദര്‍ശന്റെ സൗഹൃദ വലയത്തില്‍ പെട്ടവര്‍ക്ക് അവാര്‍ഡില്‍ മുന്‍ഗണന ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു.
മികച്ച നടനുള്ള പുരസ്‌കാരം നേടിയ അക്ഷയ് കുമാര്‍ പ്രിയദര്‍ശന്റെ അടുത്തസുഹൃത്തായതിനാല്‍ ഈ അവാര്‍ഡില്‍ പ്രിയന്‍ കൈകടത്തിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി അക്ഷയ് കുമാറും രംഗത്തെത്തിയത്.
26 വര്‍ഷത്തിനുശേഷമാണ് താന്‍ ഈ പുരസ്‌കാരം നേടുന്നത്. ഞാനിതിന് അര്‍ഹനാണെന്ന് തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ അവാര്‍ഡ് തിരിച്ചെടുക്കാം. വിവാദത്തില്‍ പുതുമയൊന്നുമില്ല. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഞാനിത് കേള്‍ക്കുന്നു. ആരെങ്കിലും എപ്പോഴെങ്കിലും ഒരു അവാര്‍ഡ് നേടിയാല്‍ അപ്പോള്‍ തുടങ്ങും അതിന്റെ ചര്‍ച്ചകള്‍. ഇന്നയാള്‍ക്ക് കൊടുക്കണം. അയാള്‍ക്ക് കൊടുത്തത് ശരിയായില്ല തുടങ്ങിയ വിവാദങ്ങളുമായി ആരെങ്കിലുമൊക്കെ വരും, അക്ഷയ് പറയുന്നു.
Leave a Reply