Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമി മന്ത്രിസഭ വിശ്വാസവോട്ടു നേടി. 122 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് പളനിസാമി വിശ്വാസവോട്ട് നേടിയതെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. ശബ്ദവോട്ടെടുപ്പാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
വോട്ടെടുപ്പ് സമയത്ത് എ.ഐ.എ.ഡി.എം.കെയുടെ 133 എം.എല്‍.എമാര്‍ മാത്രമാണ് സഭയിലുണ്ടായിരുന്നത്. ഇവരില്‍ പനീര്‍സെല്‍വം ഉള്‍പ്പെടെ 11 എം.എല്‍.എമാര്‍ എതിര്‍ത്തു വോട്ടു ചെയ്തു. പാര്‍ട്ടി വിപ്പ് ലംഘിച്ച സാഹചര്യത്തില്‍ ഇവരുടെ എം.എല്‍.എ സ്ഥാനം നഷ്ടമാകും.
സഭയില്‍ കടുത്ത ബഹളത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഡി.എം.കെ എം.എല്‍.എമാരെ സ്പീക്കറുടെ നിര്‍ദേശമനുസരിച്ച് സഭയില്‍നിന്നു ബലപ്രയോഗത്തിലൂടെ നീക്കിയശേഷമാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്.
ഡി.എം.കെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസും മുസ്‌ലിം ലീഗും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ബഹളം നിമിത്തം രണ്ടു തവണ നിര്‍ത്തിവച്ച സമ്മേളനം, മൂന്നാം തവണ സമ്മേളിച്ചപ്പോഴാണ് വോട്ടെടുപ്പ് നടന്നത്.
ബഹളം മൂലം നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം മൂന്നു മണിക്ക് പുനരാരംഭിക്കുന്നതിനു മുന്നോടിയായാണ് സഭയ്ക്കുള്ളില്‍നിന്നു ഡി.എം.കെ അംഗങ്ങളെ സ്പീക്കര്‍ പി. ധനപാലിന്റെ നിര്‍ദേശപ്രകാരം സുരക്ഷാ ജീവനക്കാര്‍ ബലം പ്രയോഗിച്ചു നീക്കിയത്.
പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ സഭയ്ക്കുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടു പരാതിപ്പെടാനായി രാജ്ഭവനിലേക്കു പോയി.
വിശ്വാസവോട്ടെടുപ്പു നീട്ടിവയ്ക്കുകയോ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുകയോ വേണമെന്ന ആവശ്യം സ്പീക്കര്‍ പി.ധനപാല്‍ തള്ളിയതില്‍ പ്രകോപിതരായ ഡി.എം.കെ എം.എല്‍.എമാര്‍ കയ്യാങ്കളിക്കു തുനിഞ്ഞതോടെയാണ് നടപടികള്‍ ആദ്യം നിര്‍ത്തിവച്ചത്.
Leave a Reply