Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:13 am

Menu

Published on May 9, 2013 at 5:07 am

മൂന്ന് മലയാളികള്‍ വീണ്ടും നിയമസഭയിലേക്ക്

three-malayalees-again-to-niyamasabha

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മലയാളികളായ എന്‍.എ. ഹാരിസിനും കെ.ജെ. ജോര്‍ജിനും യു.ടി. ഖാദറിനും ജയം. അതേസമയം, തെരഞ്ഞെടുപ്പ് സ്ട്രാറ്റജി കമ്മിറ്റി ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ സി.എം. ഇബ്രാഹീം ഭദ്രാവതിയില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ബിദര്‍സൗത്തില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മലയാളി ടി.ജെ. എബ്രഹാമിന് നാമമാത്ര വോട്ടുകള്‍ മാത്രമാണ് നേടാനായത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ഇടപെടല്‍ മൂലം അവസാന നിമിഷം സീറ്റ് ലഭിച്ച കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.എം. ഇബ്രാഹീമിന് വിനയായത് വിമത സ്ഥാനാര്‍ഥിയുടെ സാന്നിധ്യമാണ്. ഭദ്രാവതിയില്‍ ജനതാദളിന്‍െറ എം.ജെ. അപ്പാജി 44,099 വോട്ടുകള്‍ക്ക് വിജയക്കൊടി പാറിച്ചപ്പോള്‍ ഇബ്രാഹീമിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എ സംഗമേശ്വര്‍ 34,271 വോട്ട് നേടിയപ്പോള്‍ വെറും 22,329 വോട്ടാണ് ഇബ്രാഹീമിന് ലഭിച്ചത്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച എന്‍.എ. ഹാരിസ് ബംഗളൂരുവിലെ ശാന്തിനഗറില്‍നിന്നും കെ.ജെ. ജോര്‍ജ് സര്‍വജ്ഞനഗറില്‍നിന്നുമാണ് വിജയിച്ചത്. കാസര്‍കോട് ചന്ദ്രഗിരി കീഴൂര്‍ നാലപ്പാട് കുടുംബാംഗമായ എന്‍.എ. ഹാരിസ് ജനതാദള്‍ സ്ഥാനാര്‍ഥി കെ. വാസുദേവ മൂര്‍ത്തിയെ 20,187 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വീണ്ടും നിയമസഭയിലെത്തുന്നത്. 2008ല്‍ 13,000 വോട്ടുകള്‍ക്ക് ഹാരിസ് ശാന്തിനഗര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ചിരുന്നു.
മുന്‍ മന്ത്രിയും കോട്ടയം സ്വദേശിയുമായ കെ.ജെ. ജോര്‍ജ് 22,854 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ പത്മനാഭ റെഡ്ഡിയെ പരാജയപ്പെടുത്തി. 85 മുതല്‍ 94 വരെ ഭാരതിനഗര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജോര്‍ജ് 2008ലും സര്‍വജ്ഞനഗറില്‍നിന്ന് വിജയിച്ചിരുന്നു. 1989ലെ വീരേന്ദ്ര പാട്ടീല്‍ മന്ത്രിസഭയിലും 1990ലെ ബംഗാരപ്പ മന്ത്രിസഭയിലും അംഗമായിരുന്ന ജോര്‍ജ് 22,608 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2008ല്‍ ജയിച്ചത്.
മംഗലാപുരം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയാണ് യു.ടി. ഖാദര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 1972,78,99,’04കളില്‍ മംഗലാപുരത്തുനിന്ന് വിജയിച്ച യു.ടി. ഫരീദിന്‍െറ മകനാണ് ഖാദര്‍. 29,111 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ ചന്ദ്രഹാസ ഉള്ളാളിനെയാണ് പരാജയപ്പെടുത്തിയത്.
യെദിയൂരപ്പയടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ കോട്ടയം സ്വദേശിയും മുന്‍ മന്ത്രി ബേബി ജോണിന്‍െറ ബന്ധുവും സാമൂഹിക പ്രവര്‍ത്തകനുമായ ടി.ജെ. എബ്രഹാമിന് 846 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

Loading...

Leave a Reply

Your email address will not be published.

More News