Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:22 am

Menu

Published on May 2, 2013 at 6:58 am

കുവൈത്തും തുര്‍ക്കിയും എട്ട് കരാറുകള്‍ ഒപ്പുവെച്ചു

thurki-and-kuwait-signed-8-contracts

കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന്‍െറ തുര്‍ക്കി സന്ദര്‍ശനത്തോടനുബന്ധിച്ച് കുവൈത്തും തുര്‍ക്കിയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ട് എട്ട് കരാറുകളില്‍ ഒപ്പുവെച്ചു. അമീറിന്‍െറയും തുര്‍ക്കി പ്രസിഡന്‍റ് അബ്ദുല്ല ഗുല്ലിന്‍െറയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, വ്യോമയാന, നയതന്ത്ര മേഖലകളിലൂന്നിയ അഞ്ച് ഉടമ്പടികളും മൂന്ന് ധാരണാപത്രവും ഒപ്പുവെച്ചത്.
വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട കരാറില്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഫവാസ് അല്‍ ഫര്‍ഹയും തുര്‍ക്കി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബിലാല്‍ ഇക്സിയും ഒപ്പുചാര്‍ത്തിയപ്പോള്‍ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ രംഗത്തെ സഹകരണത്തിനുള്ള ഉടമ്പടിയില്‍ കുവൈത്ത് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ ജാറല്ലയും തുര്‍ക്കി കൗണ്‍സില്‍ ഓഫ് ഹയര്‍ എജുക്കേഷന്‍ പ്രസിഡന്‍റ് ഖോകാന്‍ സെതിന്‍സയയും ഒപ്പുവെച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കരാറില്‍ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി അനസ് അല്‍ സാലിഹും തുര്‍ക്കി കൃഷി മന്ത്രി മഹ്മൂദ് ബാക്കറും സാംസ്കാരിക രംഗത്തെ സഹകരണത്തിനുള്ള കരാറില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അസ്വബാഹും തുര്‍ക്കി വിദേശ മന്ത്രി അഹ്മദ് ദാവൂദോഗ്ലുവും ഒപ്പുചാര്‍ത്തി. നയതന്ത്ര ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള യാത്രക്ക് ഇളവ് അനുവദിക്കുന്ന കരാറിലും ഇരുരാജ്യങ്ങളുടെയും വിദേശ മന്ത്രിമാരാണ് ഒപ്പുവെച്ചത്.
വ്യോമയാന മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഫവാസ് അല്‍ ഫര്‍ഹ, തുര്‍ക്കി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബിലാല്‍ ഇക്സി എന്നിവരും പ്രതിരോധ രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അല്‍ ഹമൂദ് അസ്വബാഹ്, തുര്‍ക്കി പ്രതിരോധ മന്ത്രി ഇസ്മത് ഇല്യാസ് എന്നിവരും ഒപ്പുവെച്ചപ്പോള്‍ കുവൈത്തിലെ സൗദ് അല്‍ നാസര്‍ അസ്വബാഹ് ഡിപ്ളോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടും തുര്‍ക്കി ഫോറിന്‍ മിനിസ്ട്രി ഡിപ്ളോമാറ്റിക് അക്കാദമിയും തമ്മിലുള്ള സഹകരണ ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളുടെയും വിദേശ മന്ത്രിമാര്‍ ഒപ്പിട്ടു.
ഞായറാഴ്ചയാണ് മൂന്ന് ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി അമീറും പ്രതിനിധി സംഘവും തുര്‍ക്കിയിലെത്തിയത്. ഇവര്‍ക്ക് തിങ്കളാഴ്ച തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അങ്കാറ പാലസില്‍ സ്വീകരണം നല്‍കി. അമീറും പ്രസിഡന്‍റും അബ്ദുല്ല ഗുല്ലും ചേര്‍ന്ന് സൈനിക പരേഡ് വീക്ഷിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News