Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 4:21 am

Menu

Published on September 22, 2017 at 2:40 pm

മികച്ച ഹൊറർ സിനിമകൾ-3: The Wailing (2016)

top-horror-movies-part-3-wailing-2016

അടുത്തു കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഹൊറര്‍ സിനിമ. മികച്ച സംവിധാനം, ജീവിതസ്പര്‍ശിയായ കഥാപാത്രങ്ങള്‍, മുന്‍വിധികള്‍ക്ക് അതീതമായ കഥ, മികവാര്‍ന്ന അവതരണം, ഹൃദയസ്പര്‍ശിയായ കാഴ്ചകള്‍, സീനുകളോട് തീര്‍ത്തും നീതിപുലര്‍ത്തുന്ന BGM…….വര്‍ണനകള്‍ക്കതീതം ഈ ചിത്രം. ഇനിയും കാണാത്തവര്‍ക്കായി The Wailing റിവ്യു.

The Wailing
Year : 2016
Genre : Drama, Horror, Fantasy

സൗത്ത് കൊറിയയിലെ ഒരു കൊച്ചുഗ്രാമം. മലകളും കാടും മഴയും നിറഞ്ഞ ആ ഗ്രാമത്തില്‍ ഒരിക്കല്‍ ഒരു മഹാവ്യാധി പടര്‍ന്നുപിടിക്കുന്നു. ഒരുപാട് പേര്‍ മരണപ്പെടുന്നു. പക്ഷെ ഒന്നും സാധാരണ മരണങ്ങള്‍ ആയിരുന്നില്ല, പകരം എന്തോ കണ്ടു പേടിച്ച പോലെ, ശരീരം മൊത്തം രക്ത്തത്തില്‍ കുളിച്ചു, വ്രണങ്ങളും മുറിവുകളുമായി എല്ലാം ദുര്‍മരണങ്ങള്‍.

കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് ജോന്ഗ്-ഗൂവിനു വ്യക്തമായ ഒരു തെളിവുകളും ലഭിക്കുന്നില്ല. അങ്ങനെയിരിക്കെ മലമുകളില്‍ ഈയടുത്തായി വന്നു ഒറ്റയ്ക്ക് താമസിക്കുന്ന ജപ്പാന്‍കാരനായ ഒരു അപരിചിതനെ പറ്റിയുള്ള വാര്‍ത്ത തന്റെ കൂട്ടുകാരനില്‍ നിന്നും ജോന്ഗ്-ഗൂ അറിയാനിടയാകുന്നു. ജോന്ഗ്-ഗൂവും കൂട്ടുകാരും കാട്ടിനുള്ളിലെ ആ വീട്ടില്‍ അയാളെ തിരഞ്ഞു എത്തിയെങ്ങിലും അയാളെ പിടികൂടാനായില്ല. പകരം അവര്‍ ആക്രമിക്കപ്പെടുന്നു.

പിന്നീടൊരിക്കല്‍ അപരിച്ചതയായ ഒരു പെണ്‍കുട്ടിയില്‍ നിന്ന് ജോന്ഗ്-ഗൂ ഈ ജപ്പാന്‍കാരനെ പറ്റി കൂടുതല്‍ അറിയുന്നു. അത്തിനിടയില്‍ ജോന്ഗ്-ഗൂന്റെ മകള്‍ക്ക് അസുഖം ബാധിക്കുന്നു. സാധാരണ അസുഖമായിരുന്നില്ല. അതോടൊപ്പം തന്റെ ജോലിയുടെ ഭാഗം മാത്രമായിരുന്ന ഈ കേസ് അന്വേഷണം ജോന്ഗ്-ഗൂന്റെ വ്യക്തിപരമായ പ്രശനം കൂടിയാവുന്നു. തുടര്‍ന്നങ്ങോട്ടു പല വഴികളിലൂടെയായി കഥ പുരോഗമിക്കുന്നു. ഈ കഥ സ്‌പോയിലര്‍ ഇല്ലാത്ത രീതിയില്‍ പറയല്‍ ബുദ്ധിമുട്ട് തന്നെ. അതുകൊണ്ട് കഥയുടെ കൂടുതല്‍ വശങ്ങളിലേക്ക് കടക്കുന്നില്ല.

ഇത്രയും മനോഹരമായ ഒരു ഹൊറര്‍ ചിത്രം അടുത്തകാലത്തെങ്ങും നമ്മള്‍ കണ്ടിട്ടുണ്ടാവില്ല. ചില ചിത്രങ്ങളുണ്ട്, അവയുടെ genre വ്യക്തമായി ഏതെന്നു പറയാന്‍ പറ്റാത്തവ. അത്തരം ഒരു ചിത്രമാണ് yellow sea യും chaser ഉം എല്ലാം നമുക്ക് തന്നിട്ടുള്ള ചമ Na Hong-Jin ന്റെ 2016ല്‍ ഇറങ്ങിയ The Wailing. ഒരു സാധാരണ ഹൊറര്‍ ചിത്രത്തില്‍ നിന്നും ഈ സിനമയെ വേറിട്ട് നിര്‍ത്തുന്ന ഒട്ടനവധി കാര്യങ്ങള്‍ ചിത്രത്തിലുടനീളം നമുക്ക് കാണാം. കൊറിയന്‍ ഗ്രാമീണതയുടെ വശ്യസൗന്ദര്യം, അവിടത്തെ ജനങ്ങളുടെ ജീവിതചുറ്റുപാടുകള്‍, മിത്തുകളുടെയും വിശ്വാസങ്ങളുടെയും കാഴ്ചകള്‍ തുടങ്ങി ഒരുപാട് കാഴ്ചകള്‍ ചിത്രം നമുക്ക് തരുന്നു.

അതേപോലെ ചിത്രത്തിന്റെ ടെക്‌നിക്കല്‍ വശങ്ങളെ എത്ത്ര പ്രശംസിച്ചാലും മതിയാവില്ല. മലമുകളില്‍ റോഡില്‍ വെച്ചു മഴയത്തുള്ള ഒരു രംഗമുണ്ട്. ആ മഴയുടെ ഫീല്‍ നേരിട്ട് അനുഭവിക്കുന്ന പോലെ തോന്നും നമുക്ക്. ഈ രംഗം മാത്രമല്ല, ഇതുപോലെ ഒത്തിരി രംഗങ്ങളുണ്ട് ഈ ചിത്രത്തില്‍. അതുപോലെ സ്‌നേഹനിധിയായ ഒരു പിതാവും അയാളുമേ മകളും തമ്മിലുള്ള ഒരുപിടി രംഗങ്ങളുണ്ട്. അവയെല്ലാം ചെറുതായി നമ്മെ ഈറനനിയിക്കും. സീനുകള്‍ കൂടുതല്‍ പറഞ്ഞു കാണാത്തവരുടെ ആസ്വാദനത്തെ ഇല്ലാതാക്കുന്നില്ല.

പ്രിയപ്പെട്ട ഒരു പത്ത് ഹോറര്‍ സിനിമകളുടെ ലിസ്റ്റ് എടുത്താല്‍ ഈ ചിത്രത്തെ ഞാന്‍ അതില്‍ ഉള്‌കൊള്ളിക്കും, തീര്‍ച്ച. ഒരു ഹൊറര്‍ സിനിമ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ചു എന്നത് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ബാധ ഒഴിപ്പിക്കുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. ഒരുപക്ഷെ ഈ അടുത്തു ഞാന്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ച ഒരു exorcism സീന്‍ തന്നെയാണ് അതെന്നു നിസ്സംശയം പറയാം. രണ്ടര മണിക്കൂര്‍ ഉള്ള ചിത്രം യാതൊരു വിധ കല്ലുകടിയും ഇല്ലാതെ നമ്മള്‍ അതില്‍ ലയിച്ചു പോകുന്നു.

സിനിമ കണ്ടു കഴിഞ്ഞാലും മനസ്സില്‍ മൊത്തം ഈ കഥാപാത്രങ്ങളും സംഭവങ്ങളും ബാക്കിയാവുന്നു. അതിലാണല്ലോ മികച്ച ഒരു കലാസ്രിഷ്ടിയുടെ വിജയവും. അടുത്ത രംഗം, അല്ലെങ്ങില്‍ കഥയുടെ ബാക്കി ഇനി ഇങ്ങനെയാവും അല്ലെങ്ങില്‍ അങ്ങനെയാവും എന്ന നമ്മുടെ സകല മുന്‍വിധികളും ചിത്രം തെറ്റിക്കും. കഥയിലെ പല ഭാഗങ്ങളും സംവിധായകന്‍ പ്രേക്ഷകന് വിട്ടുകൊടുത്ത പോലെ തോന്നി. പ്രേക്ഷകന് അവന്റെതായ ഭാവനകളില്‍ സഞ്ചരിച്ചു കഥയെ പല വഴികളിലായി എത്തിച്ചെര്‍ക്കാം. എഴുതിയാല്‍ ഇങ്ങനെ എഴുതികൊണ്ടേയിരിക്കും ഈ ചിത്രത്തെ പറ്റി, അതുകൊണ്ട് തല്‍കാലം നിര്‍ത്തട്ടെ.

ഹൃദയസ്പര്‍ശിയായ ഈ ചിത്രം ഇനിയും കണ്ടിട്ടില്ലെങ്ങില്‍ തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക. ഈ പോസ്റ്റ് എഴുതിത്തീരുന്ന ഈ വേളയിലും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും എന്റെ കണ്മുന്നില്‍ തെളിയുന്നുണ്ട്. മലമുകളിലെ ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകള്‍ തോരാത്ത മഴയില്‍ എന്നെയും നോക്കി നില്‍ക്കുന്ന പോലെ. ആ പിതാവിന്റെ കണ്ണുകള്‍ ഇപ്പോഴും അടഞ്ഞിട്ടില്ല. ആ കണ്ണുകളില്‍ ഇപ്പോഴും തന്റെ മകളോടുള്ള സ്‌നേഹം നമുക്ക് കാണാം.

റേറ്റിംഗ് : 8.5/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 2: Orphan (2009) വായിക്കാൻ ക്ലിക്ക് ചെയ്യുക.

 

Loading...

Leave a Reply

Your email address will not be published.

More News