Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 7:28 pm

Menu

Published on February 3, 2018 at 5:22 pm

ലോകത്ത് ഇന്നുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നിതാ..

top-thriller-movies-part-1-the-departed-2006

ങ്ങും എലികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആർക്കും ആരെയും പൂർണ്ണമായും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ. കണ്മുന്നിൽ ചിരിച്ചു കൊണ്ടിരിക്കുന്ന ആൾ തന്നെയാവും തൊട്ടടുത്ത നിമിഷം കത്തിയെടുത്ത് നമ്മെ കൊലപ്പെടുത്തുക. കൂട്ടത്തിലേക്ക് നാമറിയാതെ എലികളെ പോലെ ചാരന്മാർ കടന്നുകൂടുമ്പോൾ നാമറിയാതെ നമ്മുടെ പതനവും അവിടെ തുടങ്ങും. അതുവരെ കെട്ടിപ്പൊക്കിയ സാമ്രാജ്യം തകരാൻ പിന്നെ അതികം സമയം വേണ്ടിവരില്ല. അത്തരത്തിൽ രണ്ടു ചാരന്മാരുടെയും ഒരു സാമ്രാജ്യം മൊത്തം തന്റെ കാൽക്കീഴിലാക്കി കൊണ്ടുനടക്കുന്ന ഡോണിന്റെയും ജീവിതങ്ങളിലൂടെ സംവിധായകൻ Martin Scorsese ക്യാമറ ചലിപ്പിച്ചപ്പോൾ സിനിമാപ്രേക്ഷകർക്ക് കിട്ടിയത് അന്നോളം അനുഭവിച്ചറിഞ്ഞതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ത്രില്ലെർ അനുഭവമായിരുന്നു.

The Departed
Year: 2006
Genre: Crime, Drama, Thriller

കൊസ്റ്റല്ലോ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തിട്ട് നാളേറെയായി. അയാൾ ഒരു രാജാവിനെ പോലെ അവിടെ വാഴുകയാണ്. ആയിടെയാണ് കോളിൻ എന്ന പയ്യനെ അയാൾ വളർത്തിയെടുക്കുന്നത്. അവനെ അയാളെ പോലെ ഒരു ഗ്യാങ്‌സ്റ്റർ ആക്കാനായിരുന്നില്ല അയാളുടെ ഉദ്ദേശം. പകരം അയാൾ അവനെ ഒരു പോലീസുകാരനാക്കി മാറ്റി. ലക്‌ഷ്യം മറ്റൊന്നുമായിരുന്നില്ല. പോലീസുകാർക്കിടയിൽ തങ്ങൾക്ക് വിശ്വസ്തനായ ഒരാളെ വേണം.

തങ്ങളുടെ ഗുണ്ടാ സംഘത്തിനു പോലീസ് ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള എല്ലാ വിവരങ്ങളും എത്തിക്കാൻ കെൽപ്പുള്ള ഒരാളായി അങ്ങനെ കോളിൻ പോലീസ് ഡിപ്പാർട്ട്മെന്റിൽ ചാർജെടുത്തു. എന്നാൽ അതേസമയം തന്നെ അതേ പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും മറ്റൊരാൾ കൂടെ നിയോഗിക്കപ്പെട്ടിരുന്നു. ബില്ലി എന്ന ഒരു പാവം ചെറുപ്പക്കാരൻ. പക്ഷെ പോലീസ് യൂണിഫോമിൽ വിലസുക എന്നതായിരുന്നില്ല അയാളുടെ ജോലി.

ഗ്യാങ്‌സ്റ്റർ തലവൻ കൊസ്റ്റല്ലോയുടെ സാമ്രാജ്യത്തിലേക്ക് നുഴഞ്ഞുകയറി പൊലീസിന് വിവരങ്ങൾ ചോർത്തിക്കൊടുക്കാനുള്ള ഒരു ചാരനായിട്ടടിയിരുന്നു അയാൾ നിയമിതനായത്. അങ്ങനെ രണ്ടുപേരും തങ്ങളുടെ പണി ആരംഭിച്ചു. പോലീസുകാരിൽ ഒരു എലിയെ പോലെ കോളിനും കൊസ്റ്റല്ലോയുടെ സാമ്രാജ്യത്തിൽ ഒരു ഏലിയായി ബില്ലിയും. ലോകം കണ്ട ഏറ്റവും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നിന്റെ കഥ അവിടെ തുടങ്ങുകയായി.

ആ വർഷത്തെ ഓസ്‌കാർ പട്ടികയിൽ മികച്ച ചിത്രം, മികച്ച സംവിധായാകൻ, മികച്ച അവലംബിത തിരക്കഥ, മികച്ച ഫിലിം എഡിറ്റിംഗ് അടക്കം നാല് ഓസ്‌കാറുകൾ സ്വന്തമാക്കിയ ഈ ചിത്രം ഒരേ സമയം തന്നെ സാമ്പത്തികമായും കലാപരമായും മികച്ചു നിൽക്കുകയുണ്ടായി.

ഒപ്പം Leonardo DiCaprio, Matt Damon, Jack Nicholson, Mark Wahlberg അടക്കം മികച്ചൊരു താരനിരയുടെ ഗംഭീര പ്രകടനങ്ങൾക്കും ചിത്രം വേദിയായി. ചിത്രത്തിൻറെ ബഡ്ജറ്റിന്റെ പകുതിയോളം പണം ചിത്രത്തിലെ ഈ വമ്പൻ താരനിരയ്ക്കായിട്ടാണ് ചിലവായിട്ടുള്ളത് എന്നതും ഒരു വസ്തുത തന്നെ. ഈ ചിത്രം കാണാത്ത ഒരൊറ്റ സിനിമാ പ്രേമിയും ഉണ്ടാവില്ലെന്നറിയാം. എങ്കിലും ഇനിയും കണ്ടിട്ടില്ലാത്തവർ ഉണ്ടെങ്കിൽ സധൈര്യം കാണുക.

Rating: 9/10

Loading...

Leave a Reply

Your email address will not be published.

More News