Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:39 am

Menu

Published on January 31, 2017 at 10:05 am

ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം; പൊതുബജറ്റ് നാളെ

union-railway-budget-2017-session-parliament-arun-jaitley

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഈ വര്‍ഷത്തെ ആദ്യ സമ്മേളനത്തിന്റെ ആദ്യദിവസം, പതിവനുസരിച്ച്, രാഷ്ട്രപതി ഇരുസഭകളുടെയും സംയുക്തയോഗത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. നാളെയാണ് പൊതുബജറ്റ്.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വിശകലനമായ സാമ്പത്തിക സര്‍വേ ഇന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെക്കുക. ഇന്ന് രാവിലെ 11-ന് ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും. തുടര്‍ന്ന്, ഇരുസഭകളും വെവ്വേറെ യോഗം ചേരും.

ബുധനാഴ്ച രാവിലെ പതിനൊന്നുമണിക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പൊതുബജറ്റ് അവതരിപ്പിക്കും. കഴിഞ്ഞവര്‍ഷംവരെ പ്രത്യേകം അവതരിപ്പിച്ചിരുന്ന റെയില്‍വെ ബജറ്റ് ഇത്തവണ മുതല്‍ പൊതുബജറ്റിന്റെ ഭാഗമായിട്ടാണ് അവതരിപ്പിക്കുന്നത്.

അതിനിടെ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി എം.പിമാരെ സി.ബി.ഐ. അറസ്റ്റുചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ബജറ്റ് അവതരണം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ ഇപ്പോഴും തുടരുന്നത് കൊണ്ടുതന്നെ പ്രതിപക്ഷം ഇത്തവണയും സഭയില്‍ വിശദ ചര്‍ച്ചയാവശ്യപ്പെടുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാവരുതെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനിടെ, അവസാന ത്രൈമാസിക സ്ഥിതിവിവരക്കണക്കുകള്‍ ലഭിക്കും മുന്‍പ് അവതരിപ്പിക്കുന്ന ബജറ്റ് അശാസ്ത്രീയമാണെന്നു സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി ഒന്‍പതുവരെ നീണ്ടുനില്‍ക്കും. രണ്ടാംഘട്ടം മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 12 വരെയാണ്. 40 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുക.

Loading...

Leave a Reply

Your email address will not be published.

More News