Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2023 1:45 am

Menu

Published on December 5, 2018 at 11:41 am

മരിക്കുന്നതിന് മുൻപ് ആ പിണക്കം മാറ്റാൻ സാധിച്ചില്ലെന്ന് ഉർവശി

urvashi-remembering-about-kalpana-interview

കൽപനയുമായുള്ള പിണക്കം മാറ്റാനായിരുന്നു ഉർവശിയുടെ ആ വരവ്. ഒരുപാട് ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും വന്ന ഉർവശി കാണുന്നത് ചലനമറ്റുകിടക്കുന്ന തന്റെ ചേച്ചിയെ. കൽപന മരിക്കുന്നതിനു രണ്ടുദിവസം മുമ്പെ ഉർവശി, അമ്മയെ വിളിച്ച് ചേച്ചിയുമായുള്ള കൂടിക്കാഴ്ചയുടെ കാര്യം പറഞ്ഞിരുന്നു. അന്നൊരു തെലുങ്കു സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിൽ പോകാൻ ഒരുങ്ങുകയായിരുന്നു കൽപന. അടുത്തദിവസം കാണാമെന്ന ആഗ്രഹത്താൽ ഉർവശി യാത്ര തിരിക്കുമ്പോഴായിരുന്നു കൽപനയുടെ വിടവാങ്ങൽ.

കുറച്ചുകാര്യങ്ങൾ പറഞ്ഞുതീർക്കാൻ കഴിയാതിരുന്ന വിഷമം ഇപ്പോഴുമുണ്ടെന്നും ജീവിതത്തിൽ നാം ആഗ്രഹിക്കുന്നതുപോലെയല്ല കാര്യങ്ങൾ നടക്കുന്നതെന്നും ഉർവശി പറയുന്നു. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് ഉർവശി മനസ്സുതുറന്നത്.

‘കൊച്ചിലേ മുതലേ തന്നെ അവള്‍ എന്നെ ഭരിക്കുമായിരുന്നു. അതിനുവേണ്ടി അവൾക്ക് ദൈവം നൽകിയതായിരുന്നു എന്നെ. പിണക്കവും ഇണക്കവുമൊക്കെ സ്വഭാവികമായിരുന്നു. അവളുടെ താഴെയുള്ളയാളെന്ന രീതിയില്‍ എല്ലാ കാര്യവും ഞാൻ അനുസരിക്കുമായിരുന്നു. വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം സ്വന്തമായി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഞങ്ങള്‍ പിണങ്ങിയത്. അവള്‍ പറഞ്ഞത് കേൾക്കാതെയായിരുന്നു ഞാൻ ആ തീരുമാനമെടുത്തത്. കൽപന പറഞ്ഞിരുന്ന വസ്ത്രമാണ് ധരിച്ചുകൊണ്ടിരുന്നത്. സിനിമകൾ കണ്ട് അഭിപ്രായം പറഞ്ഞിരുന്നതും അവൾ തന്നെ. അങ്ങനെയുള്ള ഞാൻ ആ തീരുമാനവുമായി മുന്നോട്ടുപോയപ്പോൾ ഞങ്ങൾക്കിടയിൽ ചെറിയ അകൽച്ച വന്നു.’

‘25ാം തിയതി കൽപന ചേച്ചി മരിക്കുന്നു. 23ാം തിയതി ഒരു പ്രോഗ്രാമിന്റെ ഭാഗമായി ഞാൻ തിരുവനന്തപുരത്തെത്തി. പരിപാടി കഴിഞ്ഞു നേരെ കൊച്ചിയിലേക്ക് പോകാമെന്നും മോനെ അവിടെ നിര്‍ത്തി ചേച്ചി–അനിയത്തി പിണക്കം മാറ്റണമെന്നും ചേട്ടൻ എന്നോട് പറഞ്ഞിരുന്നു.’

‘അമ്മയോടു കാര്യം ഞാനും ഇക്കാര്യം പറഞ്ഞു. 26ാം തിയതി ഞാൻ അവിടെ എത്തുമെന്നും അറിയിച്ചു. എന്റെ മോനെ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ചേച്ചി ഹൈദരാബാദില്‍ പോകാനായി നില്‍ക്കുകയാണെന്നും ഒരു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നുമായിരുന്നു അന്ന് അമ്മ പറഞ്ഞത്. എന്നാല്‍ പറഞ്ഞ ദിവസം ഞാന്‍ ചെല്ലുമ്പോള്‍ അവളുടെ മൃതശരീരമാണ് കാണുന്നത്. കുറേ കാര്യങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന വിഷമം ഇപ്പോഴുമുണ്ട്. പക്ഷേ നമ്മുടെ ജീവിതം നമ്മൾ ആഗ്രഹിക്കുന്നതുപോലെയല്ലല്ലോ നടക്കുന്നത്.’–ഉർവശി പറഞ്ഞു.

2016 ജനുവരി 25ന് ഹൈദരാബാദിൽവെച്ചായിരുന്നു കൽപനയുടെ മരണം. കാർത്തി നായകനായി അഭിനയിച്ച തോഴയുടെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു കൽപന. തന്റെ അനിയന്റെ മരണത്തെക്കുറിച്ചും ഉർവശി പറയുകയുണ്ടായി. ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടിയ സന്ദര്‍ഭത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വ്യക്തിജീവിതത്തിലെ ആ വിയോഗത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.

‘കുഞ്ഞനിയനായ പ്രിന്‍സിന്റെ മരണം കഴിഞ്ഞ് സ്‌റ്റേജ് പ്രോഗ്രാമിനായി വിദേശത്തേക്ക് പോയിരുന്നു. മരണം കഴിഞ്ഞ് ഇരുപതുദിവസം കഴിഞ്ഞുകാണും. അമ്മയും കല്‍പ്പന ചേച്ചിയും ജഗതി ചേട്ടനുമായിരുന്നു അന്ന് ഒപ്പമുണ്ടായത്. ഞങ്ങളെ വിശ്വസിച്ചായിരുന്നു സംഘാടകർ ആ പ്രോഗ്രാം ഏറ്റത്. ഞങ്ങൾ ചെയ്യേണ്ട കഥാപാത്രമാകട്ടെ കോമഡി കലർന്നതും. അതൊരു ഭീകരമായ അനുഭവമായിരുന്നു.’ ‘സ്റ്റേജിൽ സന്തോഷത്തോടുകൂടി പരിപാടി അവതരിപ്പിക്കുന്നു. റൂമിൽ അമ്മ ഇരിപ്പുണ്ട്. ആരെങ്കിലും വന്ന് മകന്റെ കാര്യം ചോദിച്ചാൽ അമ്മ കരയും. അതായിരുന്നു ഞങ്ങളുടെ ടെൻഷൻ. അമ്മയുടെ അടുത്ത് ഒരാളിനെ നിർത്തിയിരുന്നു. ആരെങ്കിലും അങ്ങനെ എന്തെങ്കിലും ചോദിച്ചാൽ തടയാൻ വേണ്ടി’.

‘ഞങ്ങൾക്കാണെങ്കിൽ സ്റ്റേജിൽ കോമഡിയാണ് പെർഫോം ചെയ്യേണ്ടത്. മനസ്സിന്റെ ഒരുഭാഗത്ത് ഈ ദുഃഖമാണ്. ഞങ്ങളിൽ ഏറ്റവും ഇളയകുട്ടിയായിരുന്നു അവൻ. ഇതുപോലൊരു അവസ്ഥ ജീവിതത്തിൽ ഉണ്ടായിട്ടില്ല’.–ഉർവശി പറഞ്ഞു.

കുടുംബത്തിലെല്ലാവരും സുഖമായിരിക്കുന്നുവെന്നും മകന്‍ എല്‍കെജിയിലെത്തിയെന്നും ഉർവശി പറഞ്ഞു. ‘കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അവനെ സെറ്റിലേക്കു കൊണ്ടുപോവാറുണ്ട്. ക്യാമറയും മറ്റ് സംഗതികളുമൊക്കെ അറിയാം. ഇടയ്ക്കു കുഞ്ഞാറ്റയും (മനോജ് കെ. ജയൻ –ഉര്‍വശി ബന്ധത്തിലുള്ള കുട്ടി) ചെന്നൈയിലേക്കെത്താറുണ്ട്. രണ്ടുപേരും കൂടി ഒരുമിച്ച് ഷോപ്പിങിനും പോകും.’–ഉർവശി പറഞ്ഞു.

ജഗദീഷും മോഹന്‍ലാലും കമല്‍ സാറുമായൊക്കെ നല്ല അടുപ്പമാണ്. ശോഭനയും പാർവതിയുമായി അടുത്ത സൗഹൃദമാണ്. ശോഭന, രോഹിണി, നദിയ തുടങ്ങിയവര്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഞാനെത്തിയത്. പാര്‍വതി അയല്‍ക്കാരിയുമാണ്. ‘ജയറാമും പാർവതിയും മുടിഞ്ഞ പ്രണയത്തിൽ ഇരിക്കുന്ന സമയത്താണ് മാളൂട്ടി ചെയ്യുന്നത്. ഞാനുൾപ്പടെയുളള ഒരുപാട് ദൂതന്മാരുടെ സഹായത്തോടു കൂടിയാണ് ആ പ്രണയം നടക്കുന്നത്. കാരണം പാര്‍വതിയുടെ അമ്മയ്ക്കും കുടുംബത്തിനും കുറച്ച് എതിർപ്പുണ്ടായിരുന്നു.’–ഉർവശി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News