Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: ഷെഹനായി മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായികള്‍ മോഷണം പോയ സംഭവത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.
ഉത്തര്‍പ്രദേശ് പ്രത്യേക കര്‍മ്മസേനയാണ് ബിസ്മില്ലാ ഖാന്റെ കൊച്ചുമകന്‍ നസറേ ഹുസൈനെയും ജ്വല്ലറി വ്യാപാരികളായ ശങ്കര്‍ സേത്, സുജിത് സേത് എന്നിവരെയും അറസ്റ്റ് ചെയ്തത്.
വെള്ളിയില്‍ നിര്‍മ്മിച്ച നാല് ഷെഹനായികളും മരംകൊണ്ടുള്ള ഒരു ഷെഹാനായിയുമാണ് ബിസ്മില്ലാ ഖാന്റെ മകന്‍ കാസിം ഹുസ്സൈന്റെ വീട്ടില്‍നിന്ന് മോഷണം പോയത്. ഷഹനായികള്‍ ഉരുക്കിയ നിലയിലാണ് പൊലീസ് കണ്ടെടുത്തത്. കാണാതായവയില്‍ നാലെണ്ണമാണ് ഉരുക്കിയനിലയില്‍ കണ്ടെത്തിയത്.
ഡിസംബര്‍ മാസത്തിലാണ് മോഷണം നടന്നത്. ഈ സംഭവത്തില്‍ വരാണസി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
17,000 രൂപയ്ക്കാണ് ഷെഹനായികള്‍ ജ്വല്ലറിക്കാരായ ശങ്കര്‍ ലാല്‍ സേത്തിനും മകന്‍ സുജിത് സേത്തിനും നസറേ ഹുസൈന്‍ വിറ്റത്. ഉരുക്കിയ വെള്ളി ഒരു കിലോയോളം ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ എന്നിവര്‍ ഉസ്താദ് ബിസ്മില്ലാ ഖാന് സമ്മാനിച്ച ഷെഹനായികളാണ് മോഷ്ടിക്കപ്പെട്ടത്.
ഡിസംബര്‍ അഞ്ചിനാണ് ഉസ്താദ് ബിസ്മില്ലാ ഖാന്റെ മകന്‍ കാസിം ഹുസൈന്‍ മോഷണം നടന്നതായി പരാതി നല്‍കിയത്. അഞ്ച് ഷെഹ്നായികളും ചില അമൂല്യ വസ്തുക്കളുമാണ് കാണാതായതെന്നായിരുന്നു പരാതി. വാരാണസിയിലെ വീട്ടില്‍നിന്ന് കാസിമും കുടുംബവും സ്ഥലത്തില്ലാതിരുന്ന നവംബര്‍ 29നും ഡിസംബര്‍ നാലിനും ഇടയിലാണ് ഇവ മോഷണം പോയത്.
Leave a Reply