Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:41 am

Menu

Published on May 10, 2013 at 4:59 am

ടെക്സ്റ്റൈല്‍ അഴിമതി: എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണം; എം.ഡിക്ക് സസ്പെന്‍ഷന്‍

vigilance-inquiry-against-former-industry-minister-elamaram-kareem-for-his-alleged-corrupt-practices-in-kerala-state-textile-corporation

തിരുവനന്തപുരം: ടെക്സ്റ്റൈല്‍സ് കോര്‍പറേഷനില്‍ ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് വ്യവസായ വകുപ്പ് ഉത്തരവിട്ടു. കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എം. ഗണേശിനെ സസ്പെന്‍ഡ് ചെയ്ത് ജനറല്‍ മാനേജര്‍ (കോമേഴ്സ്യല്‍) രാജന് എം.ഡിയുടെ താല്‍ക്കാലിക ചുമതല നല്‍കി. മുന്‍ വ്യവസായ മന്ത്രി എളമരം കരീം അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശമുള്ള റിപ്പോര്‍ട്ടില്‍ ഇനി ആഭ്യന്തര വകുപ്പാണ് തീരുമാനമെടുക്കേണ്ടത്. ഫയല്‍ ആഭ്യന്തര വകുപ്പിന് നല്‍കും. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെയും അംഗീകാരം വേണ്ടിവരും.
കരീമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശയില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ധിറുതി പിടിച്ച് തീരുമാനം എടുത്തെന്ന പരാമര്‍ശമാണ് കരീമിനെതിരെയുള്ളത്. ധനകാര്യ പരിശോധനാ വിഭാഗത്തിന്‍െറ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ നടപടിയെടുത്തു. ആദ്യം വിജിലന്‍സ് അന്വേഷിക്കട്ടെ. തെളിവുണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം വരും.
ധനകാര്യ പരിശോധനാ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി അതുപോലെ അംഗീകരിച്ച് വിജിലന്‍സ് അന്വേഷണം നിര്‍ദേശിക്കുകയായിരുന്നു. അത് പൂര്‍ണമായി വ്യവസായ മന്ത്രിയും അംഗീകരിച്ചു. റിപ്പോര്‍ട്ടില്‍ പറഞ്ഞ എല്ലാ വിഷയങ്ങളും അന്വേഷിക്കാനാണ് നിര്‍ദേശം.
2006ല്‍ കോര്‍പറേഷന് കീഴില്‍ ആരംഭിച്ച ഉദുമ, കോമളപുരം, പിണറായി എന്നിവിടങ്ങളിലെ മില്ലുകളുമായി ബന്ധപ്പെട്ട് 23 കോടിയോളം രൂപയുടെ ക്രമക്കേട് ഉണ്ടായെന്നാണ് കണ്ടെത്തല്‍. ഉപകരണങ്ങളും കമ്പ്യൂട്ടറുകളും വാങ്ങല്‍, സിവില്‍ ജോലികള്‍, പഴയ യന്ത്രഭാഗങ്ങളുടെ വില്‍പ്പന, നിയമനങ്ങള്‍, മാനേജിങ് ഡയറക്ടറുടെ യാത്രാബത്ത, വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിക്കല്‍ എന്നിവയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മൂന്ന് മില്ലുകളുടെയും കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടായെന്നാണ് പരിശോധനാ വിഭാഗം വിലയിരുത്തിയത്. അന്നത്തെ വ്യവസായ മന്ത്രിക്കും ഓഫിസിനുമെതിരെ പരാമര്‍ശമുണ്ട്.
എം.ഡിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം എടരിക്കോട്ട് നടന്ന കോര്‍പറേഷന്‍െറ ചടങ്ങില്‍ എം.ഡിയെ പങ്കെടുപ്പിച്ചില്ല. വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരുന്ന പി.എ. ഇസാക്കിനെതിരെയും ആരോപണമുണ്ട്. ചെയര്‍മാനും എം.ഡിയും ഇസാക്കും അടങ്ങിയ സമിതിയാണ് യന്ത്രങ്ങള്‍ വാങ്ങുന്ന സമിതിയിലുണ്ടായിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News