Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:38 am

Menu

Published on November 28, 2018 at 12:15 pm

നിങ്ങളുടെ പല്ലിന് പുളിപ്പുണ്ടോ??

ways-to-control-tooth-sensitivity-issues

ഐസ്‌ക്രീം കഴിക്കുമ്പോഴോ തണുപ്പുള്ള പാനീയങ്ങൾ കഴിക്കുമ്പോഴോ പല്ലിനു വേദന ഉണ്ടാകും. സെൻസിറ്റീവ് ടൂത്ത് വേദനയുണ്ടാക്കുന്നു എന്നു മാത്രമല്ല, ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കുകയും ചെയ്യുന്നു. പല്ലിനു സംരക്ഷണം നൽകുന്ന ഇനാമൽ ഇല്ലാതാകുന്നതാണ് സെൻസിറ്റിവിറ്റി ഉണ്ടാക്കുന്നത്.

ചവയ്ക്കുമ്പോഴും കടിക്കുമ്പോഴും മറ്റും പല്ലിനെ സംരക്ഷിക്കുന്നത് ഈ ഇനാമലാണ്. ഇനാമൽ പല്ലിനെ സംരക്ഷിക്കുന്നുണ്ടെങ്കിലും, ചിലപ്പോൾ ഇതു പൊട്ടാൻ സാധ്യതയുണ്ട്. ഇനാമൽ നഷ്ടപ്പെട്ടാൽ പിന്നെ വീണ്ടെടുക്കൽ സാധ്യമല്ല. ഇനാമലിന് ലിവിങ് സെൽസ് ഇല്ല, അതുകൊണ്ട് തന്നെ സ്വയം കേടുതീർക്കുകയുമില്ല. ഇനാമലിനു സംഭവിക്കുന്ന പരുക്കു സ്ഥിരമായി നിലനിൽക്കുന്നതാണ്.

ആളുകൾ ടൂത്ത് സെൻസിറ്റിവിറ്റിയെ സാധാരണഗതിയിൽ അവഗണിക്കുകയാണു പതിവ്. അത് കാലക്രമേണ വർധിക്കുകയും വേദന കൂട്ടുകയും ചെയ്യും. എന്നാൽ ഇതിനു പരിഹാരമുണ്ട്. ടൂത്ത് സെൻസിറ്റിവിറ്റി ആദ്യ ഘട്ടത്തിൽത്തന്നെ പരിഹരിക്കാനും സാധിക്കും. അതിനുള്ള വഴികൾ..

* വായ വൃത്തിയായി സൂക്ഷിക്കുക

വൃത്തിയില്ലാത്ത പല്ലുകളും വായയും കീടാണുക്കൾക്കു ജന്മം നൽകുന്നു. ബാക്ടീരിയ, അല്ലെങ്കിൽ പ്ലേക്ക് നീക്കം ചെയ്തിട്ടില്ലെങ്കിൽ അത് പല്ലു കേടാക്കും. ഇത് പല്ലിന്റെ വേരുകളെയും ബാധിക്കും പിന്നാലെ സെൻസിറ്റിവിറ്റിക്ക് ആക്കം കൂട്ടുകയും ചെയ്യും. സെൻസിറ്റീവ് ടൂത്തിനെ പ്രതിരോധിക്കാൻ അത്യാവശ്യം വേണ്ടത് വായുടെ വൃത്തിയാണ്. വായ വൃത്തിയായി സൂക്ഷിച്ചാൽത്തന്നെ സെൻസിറ്റിവിറ്റി ഒരു പരിധി വരെ തടഞ്ഞുനിർത്താം. കൃത്യമായി പല്ലു തേയ്ക്കുക, പല്ലിനിടയിലെ ഭക്ഷണസാധനങ്ങൾ നീക്കം ചെയ്യുക എന്നിവ പ്രധാനം.

* നൈലോൺ നാരുള്ള ബ്രഷ് ഉപയോഗിക്കുക

കട്ടിയുള്ള നാരുകളുള്ള ബ്രഷ് ഉപയോഗിച്ച് ബലം പ്രയോഗിച്ച് പല്ലുതേച്ചാൽ അത് പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുന്നതിന് കാരണമാകും. ദിവസം രണ്ടു നേരം മൃദുവായി പല്ലു തേയ്ക്കുന്നതാണു നല്ലത്. അതിനായി നൈലോൺ നാരുകളുള്ള ബ്രഷ് ഉപയോഗിക്കുക. തേഞ്ഞു തീരാറായ ബ്രഷ് ഉപയോഗിക്കുന്നതുകൊണ്ട് പല്ലുകൾ വൃത്തിയാകുന്നില്ലെന്നു മാത്രമല്ല അത് മോണയ്ക്ക് മുറിവേൽക്കുന്നതിനും കാരണമാകും.

* ഡീസെൻസിറ്റൈസിങ് ടൂത്ത് പേസ്റ്റ്

ടൂത്ത് സെൻസിറ്റിവിറ്റിക്ക് ധാരാളം പ്രകൃതിദത്തമായ പരിഹാരങ്ങളുണ്ടെങ്കിലും ഡീസെൻസിറ്റൈസിങ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് സുദീർഘമായ സൗഖ്യം നൽകും. സെൻസിറ്റീവ് പല്ലുകളുള്ള ആളുകൾക്ക് വേണ്ടി പ്രത്യേകമായി നിർമിച്ചവയാണ് ഡീസെൻസിറ്റൈസിങ് ടൂത്ത്‌പേസ്റ്റുകൾ. പല്ലിന്റെ പുറംഭാഗത്തും വേരുകളിലും കടന്ന് ചെന്ന് ഇത് സെൻസിറ്റിവിറ്റിയെ പ്രതിരോധിക്കുന്നു. ഡീസെൻസിറ്റൈസിങ് ടൂത്ത്‌പേസ്റ്റുകൾ കൂടുതൽ ഫലപ്രദമാകാൻ പല്ലുതേച്ച ശേഷം പേസ്റ്റിന്റെ അവശിഷ്ടങ്ങൾ തുപ്പിക്കളഞ്ഞിട്ട് വെള്ളം ഉപയോഗിച്ച് കഴുകാതിരിക്കുക. ടൂത്ത്‌പേസ്റ്റിന്റെ അംശം വായിൽ നിലനിൽകുന്നത് സെൻസിറ്റിവിറ്റിയെ പ്രതിരോധിക്കാൻ സഹായിക്കും.

* അസിഡിക് ഭക്ഷണങ്ങളും പാനീയങ്ങളും നിയന്ത്രിക്കുക

ആസിഡ് സ്വഭാവമുള്ള ഭക്ഷണങ്ങളും പാനീയങ്ങൾക്കും തുടർച്ചയായി കഴിക്കുന്നത് പല്ലിന്റെ ഇനാമലിനു കേടാണ്. സോഡ, കോഫി, ചായ, ജ്യൂസുകൾ, വൈൻ എന്നിവ പല്ലിന്റെ ഇനാമൽ കേടാക്കുന്ന ഘടകങ്ങളാണ്. ഇവയ്ക്ക് പകരമായി പാൽ, ഫൈബർ ഉള്ള പഴങ്ങളും പച്ചക്കറികളും എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് ആസിഡിനെയും ബാക്ടീരിയയെയും പ്രതിരോധിക്കാൻ സഹായിക്കും.

* കൃത്യമായ പല്ലു പരിശോധന

സെൻസിറ്റീവ് പല്ലുകൾക്ക് വിദഗ്ധ സേവനം ആവശ്യമാണ്. ഡീസെൻസിറ്റൈസിങ് ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ചിട്ടും പല്ലിന്റെ സെൻസിറ്റിവിറ്റിക്ക് മാറ്റമില്ലെങ്കിൽ ദന്തവിദഗ്ധന്റെ സഹായം തേടുക. ഈ പരിശോധനയിലൂടെ പല്ലിന്റെ പ്രശ്നങ്ങൾ തിരിച്ചറിയാം.

Loading...

Leave a Reply

Your email address will not be published.

More News