Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 8:18 pm

Menu

Published on May 31, 2017 at 10:50 am

ഇന്ന് ലോക പുകയിലവിരുദ്ധദിനം; ശ്രദ്ധിക്കുക വിലകൊടുക്കേണ്ടി വന്നേക്കാം

world-no-tobacco-day

നമുക്കിടയിലെ പത്തിലൊരാളുടെ മരണത്തിനിടയാക്കുന്ന മാരകവിഷമാണ് പുകയില. ഉപയോഗിക്കുന്നവരില്‍ പകുതിപ്പേരുടെയും ജീവനെടുക്കുന്ന പുകയില, ഓരോ മിനിട്ടിലും ഏകദേശം രണ്ടുപേരുടെ ജീവനെടുക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തുടങ്ങിയാല്‍ പിന്നീട് ഒഴിവാക്കാന്‍ സാധിക്കാത്തവിധം നമ്മെ വരിഞ്ഞ് മുറുക്കുന്ന ഒന്നാണ് പുകയില. ഇന്ന് ലോകമെമ്പാടും പുകയിലവിരുദ്ധദിനമായി ആചരിക്കുകയാണ്.

പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവര്‍ ചുരുക്കമാണ്, എങ്കിലും അനേകം പേര്‍ ഇതിനു അടിമപ്പെടുന്നതിനു പിന്നില്‍ പുകയിലയിലെ ലഹരി പദാര്‍ത്ഥമായ നിക്കോട്ടിന്റെ സാന്നിധ്യമാണ്.

ഏഴായിരത്തോളം രാസവസ്തുക്കളടങ്ങിയിട്ടുള്ള പുകയിലയില്‍ അറുപത്തിയൊന്‍പതോളം കാന്‍സര്‍ ജന്യഘടകങ്ങളുമുണ്ട്. നിക്കോട്ടിന്‍, ടാര്‍ ബെന്‍സോപൈറീന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, ബെന്‍സീന്‍, ഹൈഡ്രജന്‍ സയനൈഡ് എന്നിവ അവയില്‍ ചിലതുമാത്രം. പാന്‍ മസാലയിലാകട്ടെ അവയുടെ കവറുകളില്‍ എഴുതിയിരിക്കുന്ന വസ്തുക്കള്‍ക്കുപുറമേ നിക്കല്‍ മുതലായ വിഷലോഹങ്ങള്‍, കീടനാശിനി ഘടകങ്ങള്‍, ചില്ലുപൊടി എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്. കാരണം തുടങ്ങിയാല്‍ ശീലം നിര്‍ത്തുന്നത് ശ്രമകരമാകും. നിക്കോട്ടിന്‍ എന്ന ഈ വില്ലന്‍ ഉപയോഗിച്ച് പത്തു സെക്കന്റ് കൊണ്ട് തലച്ചോറില്‍ എത്തും. മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തി ദോഷഫലങ്ങള്‍ ഉണ്ടാക്കും. എന്തിനു മുലപ്പാലില്‍ പോലും നിക്കോട്ടിന്‍ എത്തപ്പെടും.

ഇന്ത്യയില്‍ ഇന്ന് അര്‍ബുദ ചികിത്സയ്‌ക്കെത്തുന്നവരില്‍ നാല്‍പ്പതു ശതമാനം പേരിലും ഈ രോഗമുണ്ടാകാന്‍ ഒരേയൊരു കാരണമേയുള്ളൂ. അത് പുകയിലയാണ്. അര്‍ബുദം മൂലമുള്ള മരണങ്ങളില്‍, മുപ്പത് ശതമാനവും പുകയിലയുടെ ഉപയോഗം മൂലമുള്ളതാണ്. പ്രധാനമായും നാവ്, വായ, തൊണ്ട, സ്വനപേടകം, ശ്വാസകോശം, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്, കരള്‍, വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവിടങ്ങളിലാണ് പുകവലിമൂലം അര്‍ബുദമുണ്ടാകാന്‍ സാധ്യത.

ഇന്ത്യന്‍ ജനതയുടെ മൂന്നിലൊരു ഭാഗം പുകയില ഉപയോഗിക്കുന്നുണ്ടെന്ന് ഗ്ലോബല്‍ അഡല്‍ട്ട് ടുബാക്കോ സര്‍വേ വ്യക്തമാക്കുന്നു. പുകവലിയിലൂടെ മരണപ്പെടുന്നവരില്‍ പകുതിയും മദ്ധ്യവയസ്‌കരാണ്. ചെറുപ്പക്കാരെ പുകയില കൊന്നൊടുക്കുന്നത് കൂടുതലായും ഹൃദ്രോഗത്തിലൂടെയാണ്.

പുകവലിക്കാര്‍ക്ക് പ്രായമാവില്ല, കാരണം അവര്‍ ചെറുപ്പത്തിലെ മരണപ്പെടുന്നു എന്ന തമാശ അല്‍പം ക്രൂരം ആണെങ്കിലും അതില്‍ വാസ്തവമുണ്ട്. പലരും പുകവലിയുടെ പരിണിതഫലമായ രോഗങ്ങള്‍ കൊണ്ട് തന്നെ മരണപ്പെടുന്ന സാഹചര്യമാണുള്ളത്. പ്രതി വര്‍ഷം 70 ലക്ഷം മരണങ്ങള്‍ എന്ന കണക്ക് ഞെട്ടിക്കുന്നതാണ്. അതില്‍ തന്നെ 9 ലക്ഷത്തോളം പേര്‍ പുകയില നേരിട്ട് ഉപയോഗിക്കാതെ സെക്കന്റ് ഹാന്‍ഡ് സ്‌മോകിങ് അഥവാ മറ്റൊരാള്‍ വലിച്ചു പുറത്തു വിട്ട പുകയുടെ ഇരയാണ്.

നമ്മുടെ പുകവലി ശീലം മറ്റൊരാള്‍ക്ക് ദോഷകരം ആണെന്ന് എത്ര പേര്‍ക്ക് അറിയാം? അറിയാമെങ്കില്‍ക്കൂടി എത്ര പേര്‍ അത് കാര്യമായി എടുക്കുന്നു? എത്ര പേര്‍ തങ്ങളുടെ പുകവലി ശീലം ബാക്കി ഉള്ളവര്‍ക്ക് ശല്യമാകാത്ത രീതിയില്‍ ക്രമീകരിക്കുന്നു? കുറഞ്ഞ പക്ഷം മറ്റൊരാളുടെ മുഖത്തേക്ക് പുക ഊതി വിടാതെ എങ്കിലും ഇരിക്കുന്നു ഇതൊക്കെ ചിന്തിക്കേണ്ട വിഷയമാണ്.

പുകവലി വ്യക്തിയെ മാത്രമല്ല അയാളുടെ വേണ്ടപ്പെട്ടവരെക്കൂടി രോഗികള്‍ ആക്കാം, പ്രത്യേകിച്ച് കുട്ടികളെ. ഒരാള്‍ വലിച്ചു പുറത്തേക്ക് വിടുന്ന പുക മറ്റൊരാളുടെ ഉള്ളില്‍ കടന്നു പുകവലിക്കാത്ത ആളിലും രോഗങ്ങള്‍ ഉണ്ടാക്കാം. ഇതിനെയാണ് സെക്കന്റ് ഹാന്‍ഡ് സ്‌മോകിങ് എന്നു വിശേഷിപ്പിക്കുന്നത്.

പുകവലി പ്രത്യുത്പാദനശേഷി കുറയ്കുകയും പുരുഷന്മാരില്‍ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യും. പുകവലിക്കാരായ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുഞ്ഞുകള്‍ക്ക് തൂക്കക്കുറവുണ്ടാകും. കുഞ്ഞുങ്ങളിലെ അണ്ണാക്കില്‍ വിടവ് ഉണ്ടാകാനും അമ്മയുടെ പുകവലി കാരണമാകും.

നിലവില്‍ ലോകത്ത് ഏറ്റവും അധികം കച്ചവടം ചെയ്യുന്ന ഒരു വസ്തുവാണെന്നിരിക്കെ പുകയിലയുടെ പിന്നിലെ സാമ്പത്തിക/കച്ചവട താല്‍പ്പര്യങ്ങളെക്കൂടി മറികടന്നു വേണം പുകയിലയ്‌ക്കെതിരെ ശ്രമകരമായ നീക്കങ്ങള്‍ നടത്താന്‍.

മേയ് 31 ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യസംഘടന ആചരിക്കുന്നതിന്റെ ഉദ്ദേശം പുകയിലയുടെ ദൂഷ്യഫലങ്ങളെപ്പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുക, പുകയില ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണ്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News