Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:23 pm

Menu

Published on November 14, 2018 at 12:45 pm

ഫെയ്‌സ്ബുക്കിന്റെ പുതിയ ‘ലാസ്സോ’ ആപ്പ് പുറത്തിറങ്ങി

tiktok-like-short-video-app-lasso-launched-by-facebok

ലഘുവീഡിയോകള്‍ പങ്കുവെക്കുന്ന ‘ ലാസ്സോ’ (Lasso) എന്ന പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഫെയ്‌സ്ബുക്ക്. ജനപ്രിയമായ ടിക് ടോക്ക് ആപ്ലിക്കേഷന് സമാനമായ ഫീച്ചറുകളാണ് ലാസ്സോയിലും ഉള്ളത്. ഏറെ ജനപ്രീതിയാര്‍ജിച്ച മ്യൂസിക്കലി എന്ന ആപ്പ് പുതിയ പേരില്‍ എത്തിയതാണ് ടിക് ടോക്ക്. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലാസ്സോ ലഭിക്കുക. ആന്‍ഡ്രോയിഡ് ഐഓഎസ് പ്ലാറ്റ് ഫോമുകളില്‍ ആപ്പ് ലഭ്യമാണ്. ലോകവ്യാപകമായി ലാസ്സോ ആപ്പ് അവതരിപ്പിക്കുന്നതിനെ കുറിച്ച് ഫെയ്‌സ്ബുക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ടിക് ടോക്കിന് എതിരാളിയായി ഫെയ്‌സ്ബുക്ക് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതായി കഴിഞ്ഞമാസമാണ് വാര്‍ത്തകള്‍ വന്നത്. ആപ്ലിക്കേഷന്‍ പുറത്തിറക്കിയതും വലിയ കോലാഹലങ്ങളൊന്നുമില്ലാതെയാണ്. ഒരു ട്വീറ്റിലൂടെയാണ് ലാസ്സോ പുറത്തിറക്കിയെന്ന വിവരം ഫെയ്‌സ്ബുക്ക് പുറത്തറിയിച്ചത്. ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴി ലാസ്സോയില്‍ ലോഗിന്‍ ചെയ്യാം. നിലവില്‍ ലാസ്സോ പ്രൊഫൈലുകള്‍ സ്വകാര്യമാക്കിവെക്കാന്‍ സാധിക്കില്ല. ഫില്‍റ്ററുകള്‍, ഇഫക്റ്റുകള്‍, ഫ്‌ലാഷ്, ശബ്ദം എന്നിവ ഉപയോഗിച്ചുള്ള ലഘുവീഡിയോകള്‍ ഇതില്‍ പങ്കുവെക്കാം.

ടിക് ടോക്കിനെ പോലെ വീഡിയോ ക്രിയേറ്റര്‍മാരെ മറ്റുള്ളവര്‍ക്ക് ഫോളോ ചെയ്യാം. ഹാഷ്ടാഗുകളും ജനപ്രിയ ട്രെന്‍ഡുകളും തിരയാം. ലാസ്സോ വീഡിയോകള്‍ ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്യാം. അധികം വൈകാതെ വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കും. ഫെയ്‌സ്ബുക്കില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്ന കൗമാരക്കാരെ പിടിച്ചു നിര്‍ത്തുന്നതിനും പുതിയ ആളുകളെ ആകര്‍ഷിക്കുന്നതിനുമാണ് ഫെയ്‌സ്ബുക്ക് ലാസ്സോ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. അമേരിക്കയിലെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ 51 ശതമാനം മാത്രമാണ് കൗമാരക്കാരുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ 72 ശതമാനവും സ്‌നാപ്ചാറ്റില്‍ 69 ശതമാനവും കൗമാരക്കാരാണ്.

കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സഹായിക്കുന്നതും വിനോദ ഉപാധികള്‍ നല്‍കുന്നതുമായ സോഷ്യല്‍ മീഡിയാ സേവനങ്ങളാണ് ഇപ്പോള്‍ കൗമാരക്കാര്‍ക്കിഷ്ടം. ടിക് ടോക്ക് പോലുള്ള ആപ്ലിക്കേഷനുകളില്‍ ആളുകള്‍ ഏറുന്നതും ഇക്കാരണത്താലാണ്. ഫില്‍റ്ററുകളും, ഇഫക്റ്റുകളുമായി സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം പോലുള്ളവയും വിപണിയില്‍ മുന്നിലുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News