Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:09 pm

Menu

Published on August 27, 2019 at 5:16 pm

എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഇനി ബാങ്കിന്റെ യോനോ ആപ് ഉപയോഗിച്ച് പണം പിന്‍വലിക്കാം

yono-digital-banking-to-replace-all-sbi-debit-cards

ഡെബിറ്റ് കാര്‍ഡുമായി എടിഎമ്മില്‍ പണമെടുക്കാന്‍ പോകുന്നത് അധികം താമസിയാതെ നിലച്ചേക്കും. കാരണം രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിനെ ഘട്ടംഘട്ടമായി ഇല്ലാതാക്കാൻ തീരുമാനിച്ചിരിക്കുന്നു. പ്ലാസ്റ്റിക് കാര്‍ഡ്, ബാങ്ക്കാര്‍ഡ്, ചെക്ക് കാര്‍ഡ് എന്നെല്ലാം അറിയപ്പെടുന്ന ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎം വഴിയുള്ള പണം പിന്‍വലിക്കല്‍ ഇല്ലാതാക്കാനാണ് ബാങ്കിന്റെ തീരുമാനമത്രെ. ഏകദേശം അഞ്ചു വര്‍ഷമെടുത്തായിരിക്കും ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഇല്ലായ്മ ചെയ്യുക. അത്രമേല്‍ ഉപയോക്താക്കളുള്ള ബാങ്ക് ആയതിനാലാണ് ഈ കാലതാമസം. ആദ്യ കാലത്ത് നഗരങ്ങളിലുള്ളവരെയായിരിക്കും ബാധിക്കുക എന്നു കരുതാം. മറ്റു ബാങ്കുകളും എസ്ബിഐയെ പിന്തുടരാനാണ് വഴിയെന്നാണ് സൂചന.

ഡെബിറ്റ് കാര്‍ഡ് ഇല്ലാതാക്കി പിന്നെ എന്തു ചെയ്യാനാണ് എസ്ബിഐയുടെ ഉദ്ദേശം? ഡിജിറ്റല്‍ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കാന്‍ തന്നെയാണ് ബാങ്കിന്റെ ഉദ്ദേശം. എസ്ബിഐ ഉപയോക്താക്കള്‍ ബാങ്കിന്റെ യോനോ (YONO) ആപ് ഉപയോഗിച്ചായിരിക്കും പണമിടപാടുകള്‍ നടത്തുക. യോനോ ആപ് വഴി, കാര്‍ഡ് ഉപയോഗിക്കാതെ ഇപ്പോള്‍ തന്നെ എസ്ബിഐ ഉപയോക്താക്കള്‍ക്ക് എടിമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം. ആ പാത കൂടുതല്‍ കസ്റ്റമര്‍മാര്‍ പിന്തുടരണമെന്നാണ് എസ്ബിഐ ആഗ്രഹിക്കുന്നത്. ഈ സാങ്കേതികവിദ്യ നിലവിലുണ്ടെങ്കിലും അത് കുറച്ച് ആളുകളാണ് ഉപയോഗിക്കുന്നത് എന്നതിനാലാണ് ബാങ്ക് കാര്‍ഡുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതത്രെ.

‘തങ്ങള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലായ്മ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അതു ചെയ്യാനുമാകും’ എന്ന് ബാങ്ക് ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാര്‍ഡ് സാങ്കേതികവിദ്യയില്‍ നിന്നു മുന്നേറാനാണ് ബാങ്ക് ശ്രമിക്കുന്നത്. ആധുനിക കാലത്തിനു ചേര്‍ന്ന ശീലങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ബാങ്ക് ശ്രമിക്കുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് നാള്‍ക്കുനാള്‍ പ്രചാരമേറുകയാണ്. ശീലിച്ചു കഴിഞ്ഞാല്‍ ആപ് വഴിയുള്ള സേവനമാണ് കൂടുതല്‍ എളുപ്പമെന്നും പറയുന്നു.

എസ്ബിഐ യോനോ സേവനങ്ങള്‍ അവതരിപ്പിച്ചിട്ട് അധികം കാലമായില്ല. യോനോ എന്നത് ‘You-Only-Need-One’ എന്നാണ് ഉദ്ദേശിക്കുന്നത്. എസ്ബിഐ കസ്റ്റമര്‍മാര്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി ഇനി യോനോ ആപ് ഉപയോഗിക്കേണ്ടതായി വരും. അവരുടെ എല്ലാ ബാങ്കിങ് സേവനങ്ങളും യോനോയിലൂടെ ഡിജിറ്റലായി സാധ്യമാകും.

യോനോ സേവനങ്ങള്‍ അവതരിപ്പിച്ച ശേഷം ഏകദേശം 68,000 ക്യാഷ് പോയിന്റുകളാണ് രാജ്യത്തുടനീളം അനുവദിച്ചത്. ഡിജിറ്റല്‍ എടിഎം സേവനങ്ങൾ നടത്താനും യോനോയിൽ ഓപ്ഷനുണ്ട്. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പണമിടപാടുകൾക്ക് ഉപയോഗിക്കുക എന്ന ആശയമാണ് ബാങ്ക് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിലൂടെ കാര്‍ഡുകളെ ഒഴിവാക്കുക.

പക്ഷേ, എസ്ബിഐ എങ്ങനെ ഇത് വിജയിപ്പിക്കുമെന്നത് ഇപ്പോഴും മനസിലാകുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 90 കോടി ഉപയോക്താക്കളാണ് ഇപ്പോഴും എടിഎം കാര്‍ഡുകളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ എടിഎം പണമിടപാടു നടത്താന്‍ സ്മാര്‍ട് ഫോൺ വേണമെന്നാണോ ബാങ്ക് പറയുന്നതെന്ന ചോദ്യവും ഉയരുന്നു. ഇനിയും സ്്മാര്‍ട് ഫോണ്‍ വാങ്ങാന്‍ സാധിക്കാത്തവരെയും ഉപയോഗിക്കാന്‍ ശീലിക്കാത്തവരെയും ബാങ്ക് തങ്ങളുടെ സേവന പരിധിക്കു വെളിയില്‍ നിർത്തുമോ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നു.

ചുരുക്കി പറഞ്ഞാല്‍, എടിഎം കാര്‍ഡ് അഥവാ ഡെബിറ്റ് കാര്‍ഡ് ഇല്ലാതെയാക്കുകയാണോ? അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കുമെന്നാണ് ബാങ്ക് പറയുന്നത്. ആ കാലയളവിനുള്ളില്‍ തങ്ങളുടെ ഉപയോക്താക്കളെ യോനോ ഇടപാടുകള്‍ ശീലിപ്പിക്കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. ഡെബിറ്റ് കാര്‍ഡുകളെ ‘റിസേര്‍വ് ബെഞ്ചിലേക്ക്’ മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കുത്തനെ ഉയരുമെന്നാണ് സൂചന. വാട്‌സാപിലൂടെ പണം കൈമാറ്റം തുടങ്ങാന്‍ അനുവദിച്ചാല്‍ അത് ഒരു പക്ഷേ ഡിജിറ്റല്‍ ഇടപാടുകളുടെ ഒരു വിസ്‌ഫോടനം തന്നെ തീര്‍ത്തേക്കാം. പക്ഷേ, അത് ബാങ്കുകള്‍ക്ക് ആരോഗ്യകരമായിരിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും വാട്‌സാപ്പിന് ഡിജിറ്റല്‍ പണമിടപാടിനുള്ള അംഗീകാരം നല്‍കണോ എന്ന കാര്യത്തില്‍ സർക്കാർ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News