Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ലോക ക്രിക്കറ്റിലെ രണ്ട് ഇന്ത്യന്‍ ഇതിഹാസങ്ങളുടെ വിടവാങ്ങല്‍ പോരാട്ടമെന്ന നിലയില്‍ ശ്രദ്ധേയമായ ഫൈനലില്‍ രാഹുല്‍ ദ്രാവിഡിൻറെ രാജസ്ഥാന്‍ റോയല്‍സിനെ 33 റണ്‍സിന് തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സിന് കിരീടം. ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 202 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻറെ ചെറുത്തുനില്‍പ് 18.5 ഓവറില്‍ 169ല്‍ അവസാനിച്ചു.
മലയാളി താരം സഞ്ജു വി. സാംസണും (33 പന്തില്‍ 60), അജിന്‍ക്യ രഹാനെയും (47 പന്തില്‍ 65) നല്‍കിയ ഗംഭീര തുടക്കത്തില്‍ രാജസ്ഥാന്‍ വിജയമുറപ്പിച്ചെങ്കിലും മധ്യനിരയും വാലറ്റവും ഒറ്റയക്കത്തില്‍ കുരുങ്ങി കൂടാരം കയറിയപ്പോള്‍ രാജസ്ഥാന്‍ ദയനീയമായി കീഴടങ്ങി. ഒരു ഓവറില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ഭജന്‍ സിങ്ങും കീറണ്‍ പൊള്ളാര്‍ഡും ചേര്‍ന്നാണ് മുംബൈയുടെ മിന്നുന്ന കിരീടവിജയം എളുപ്പമാക്കിയത്. കഴിഞ്ഞ സീസണ്‍ ഐ.പി.എല്‍ കിരീട നേട്ടത്തിനു പിന്നാലെയാണ് മുംബൈയുടെ ചാമ്പ്യന്‍സ് ലീഗ് നേട്ടവും.
ഡ്വെയ്ന്‍സ്മിത്ത് (39 പന്തില്‍ 44), അമ്പാട്ടി രായുഡു (24 പന്തില്‍ 29), രോഹിത് ശര്‍മ (14 പന്തില്‍ 33), ഗ്ളെന്‍ മാക്സ്വെല്‍ (14 പന്തില്‍ 37), ദിനേഷ് കാര്‍ത്തിക് (5 പന്തില്‍ 15) എന്നിവര്‍ ചേര്‍ന്ന് മുംബൈയുടെ ടോട്ടല്‍ 200 കടത്തിയപ്പോള്‍ മറുപടിയില്‍ രാജസ്ഥാന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപണര്‍ കുശാല്‍ പെരേര (8) ആദ്യ ഓവറില്‍ റണ്‍ഒൗട്ടായി മടങ്ങിയപ്പോള്‍ വന്‍ തകര്‍ച്ച മുന്നില്‍ കണ്ട രാജസ്ഥാനെ അസാമാന്യ കരുത്തോടെയാണ് സഞ്ജു വി. സാംസണും രഹാനെയും നയിച്ചത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 109 റണ്‍സിൻറെ കൂട്ടുകെട്ട് വിജയം നല്‍കാന്‍ കെല്‍പുള്ളതായിരുന്നെങ്കിലും പിന്നാലെയത്തെിയവര്‍ കളഞ്ഞുകുളിച്ചതോടെ കിരീടവും കൈവിട്ടു. 10 റണ്‍സെടുത്ത സ്റ്റുവര്‍ട് ബിന്നി മാത്രമാണ് രണ്ടക്കം കടന്ന മൂന്നാമന്‍. അവസാന മത്സരത്തിനിറങ്ങിയ രാഹുല്‍ ദ്രാവിഡ് ഒരു റണ്‍സുമായി പുറത്തായി.
രാജസ്ഥാന്‍ താരങ്ങളായ അജിന്‍ക്യ രഹാനെ ഗോള്‍ഡന്‍ ബാറ്റ് പുരസ്കാരവും പ്രവീണ്‍ താംബെ ഗോള്‍ഡന്‍ ബാള്‍ പുരസ്കാരവും നേടി.
സച്ചിൻറെയും ദ്രാവിഡിൻറെയും അവസാന മത്സരമെന്നതായിരുന്നു മത്സരത്തിൻറെ സവിശേഷത. ഓപ്പണറായിറങ്ങിയ സച്ചിന്‍ 13 റണ്‍സുമായി മുംബൈ ഇന്ത്യന്‍സിനോട് വിടപറഞ്ഞപ്പോള്‍, രാജസ്ഥാന്‍ ഇന്നിങ്‌സില്‍ എട്ടാമനായി ഇറങ്ങിയ ദ്രാവിഡിന് നേടാനായത് ഒരു റണ്‍മാത്രമാണ്. രണ്ടുപതിറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് കരിയറില്‍ ദ്രാവിഡിൻറെ അവസാന മത്സരമായിരുന്നു ഇത്.
Leave a Reply