Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി : ഉച്ചത്തില്‍ സംസാരിച്ചതിന് ദില്ലിയില്‍ യുവാവ് ഒരാളെ വെടിവെച്ചു.ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകനാണ് പിതാവിന്റെ കൈത്തോക്ക് കൊണ്ട് ആക്രമണം നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ദില്ലിയിലെ തിരക്കുള്ള ജനകപുരിയിലെ ഒരു റസ്റ്റോറന്റിനു മുന്നിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ ജഗത് എന്ന യുവാവ് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഹോട്ടല്‍ അടച്ചതായി ഉടമ പറഞ്ഞു. അതേസമയം തന്നെ ഉള്ളില്‍ ആളുകള്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഇതില്‍ ക്ഷുഭിതനായ ജഗതും സുഹൃത്തും ഹോട്ടലുടമയോട് ഉച്ചത്തില്‍ തര്‍ക്കിച്ചു. ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട കാറില്‍ ഭക്ഷണം കഴിക്കുകയായിരുന്ന നിതേഷ് യാദവ് വാഹനത്തില്‍ നിന്നിറങ്ങി ജഗതിനോട് ശാന്തനാകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നിരസിച്ച ജഗത് കയര്‍ത്ത് സംസാരിച്ചത് നിതേഷിനെ പ്രകോപിതനാക്കുകയും അയാള്‍ ജഗതിന് നേരെ നിറയൊഴിക്കുകയുമായിരുന്നു. വെടിയുണ്ടയില്‍ നിന്നും ജഗത് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെടിയൊച്ച കേട്ട് ഭക്ഷണ ശാലയിലുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി നിതേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. സൈനികോദ്യോഗസ്ഥനായ അച്ഛന്റെ തോക്കാണിതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള തന്റെ സഹായം നിരസിക്കുകയും ഉറക്കെ സംസാരിച്ചക്കുകയും ചെയ്തതില്‍ പ്രകോപിതനായാണ് വെടിവെച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഐപിസി 307 പ്രകാരം വധശ്രമത്തിന് നിതേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Leave a Reply