Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹി : ഡൽഹിയിൽ മലയാളിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സിനിമാ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടി അതിസാഹസികമായി രക്ഷപ്പെട്ടു. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള ട്യൂഷന്‍ സെന്ററിലേക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് നിര്‍ത്തിയിട്ട വാനിലുണ്ടായിരുന്ന നാലുപേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടി ഒച്ചവെക്കാതിരിക്കാന്‍ ക്ലോറോഫോമിട്ട് ബോധം കെടുത്തുകയും തുടര്‍ന്ന് വായ മൂടിക്കെട്ടുകയും ചെയ്തു. പെണ്‍കുട്ടിയെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹരിയാന-ഡെല്‍ഹി അതിര്‍ത്തി പ്രദേശത്തെത്തിയപ്പോള്‍ ആള്‍താമസമില്ലാത്ത സ്ഥലത്ത് വണ്ടി നിര്‍ത്തി തട്ടിക്കൊണ്ടുപോയവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ബോധം വീണ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ പുസ്തകവും മൊബൈല്‍ഫോണും അക്രമികളുടെ കൈവശമായിരുന്നു. അതിവിദഗ്ദമായി രക്ഷപ്പെട്ട പെണ്‍കുട്ടി ഒരു വിധേന വീട്ടിലെത്തിയ ശേഷം മാതാപിതാക്കളോട് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ വിവരമറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. താരതമ്യേന സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് മാതാപിതാക്കളുടെ കൈയില്‍ നിന്നും പണം തട്ടാനായിരുന്നു ലക്ഷ്യമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. പെണ്‍കുട്ടി പതിവായി ട്യൂഷന് പോകുന്നുണ്ടെന്ന വിവരമറിയുന്നവരാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവത്തെ കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Leave a Reply