Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പനജി: ഗാന്ധിജയന്തി ഇനിമുതല്‍ അവധി ദിനമാക്കേണ്ടെന്ന ഗോവ സര്‍ക്കാരിന്റെ തീരുമാനം വന്‍ വിവാദത്തിലേക്ക്. 2015ലെ പൊതു അവധി ദിനങ്ങളുടെ പട്ടികയില്‍ ഗാന്ധി ജയന്തി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വക്താവ് ദുര്‍ഗാദാസ് കാമത്താണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ആര്‍എസ്എസ്സിന്റെ അജണ്ടയുടെ ഭാഗമായാണ് ഗാന്ധിജയന്തി അവധിദിനം ഒഴിവാക്കിയതെന്ന് ആരോപിച്ച ദുര്‍ഗാദാസ് കാമത്ത് ഗാന്ധിജയന്തി ഒഴിവാക്കിയ ബിജെപി സര്‍ക്കാര്‍ ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം അവധിദിനം ആക്കാന്‍ മടിക്കില്ലെന്നും കാമത്ത് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഗാന്ധി ജയന്തി ദിവസം അവധിദിനം അല്ലാതാക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഗോവന്‍ സര്‍ക്കാരിന്റെ തീരുമാനമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ ഗാന്ധിജിയെ ഇകഴ്ത്തിയും ഗോഡ്‌സെയെ പുകഴ്ത്തിയും ചില ഹിന്ദു സംഘടനകള്‍ വ്യാപകമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. ഗാന്ധിജിയോടുള്ള വിമുഖത തുറന്ന് കാട്ടിയാണ് ഗോവയിലെ ബിജെപി സര്‍ക്കാര്‍ ഗാന്ധി ജയന്തി ദിനം അവധി ദിവസമാക്കേണ്ട എന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ സ്വാതന്ത്ര്യ ദിനം, അംബേദ്കര്‍ ജയന്തി, ഗണേശ ചതുര്‍ഥി എന്നീ ദിവസങ്ങളില്‍ നല്‍കിവരുന്ന അവധിക്ക് മാറ്റമൊന്നും ഇല്ല.