Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭക്ഷണം അനാവശ്യമായി പാഴാക്കുന്നതിനെതിരെയും ആദിവാസികളുടെ പട്ടിണിയെക്കുറിച്ചും നടന് മോഹന്‍ലാലിന്റെ ബ്ലോഗ്. ഈ വിശപ്പിന് മുന്നില്‍ മാപ്പ് എന്ന തലക്കെട്ടോടെ തുടങ്ങുന്ന ബ്ലോഗില്‍ ഒരു പത്രവാര്ത്തെയക്കുറിച്ചാണ് മോഹൻ ലാല്‍ പരാമര്‍ശിക്കുന്നത്.
‘കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത എന്റെ ശ്രദ്ധയില്‍ പെട്ടത്, വാര്‍ത്ത ഇതായിരുന്നു. മാലിന്യം ഭക്ഷണമാക്കി ആദിവാസി ബാലന്മാര്, മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്ന അറയ്ക്കുന്ന മാലിന്യത്തില്‍ നിന്നും ഭക്ഷണം എടുത്ത് കഴിക്കുന്ന ആദിവാസി ബാലന്മാരുടെ ചിത്രവും കൊടുത്തിട്ടുണ്ട്. സ്വന്തം ആവാസ സ്ഥലത്തു നിന്നും നഗരത്തിലേക്കിറങ്ങി വന്ന് നഗരത്തിന്റെ ഉച്ഛിഷ്ടവും മാലിന്യവും ഭക്ഷിച്ച് ജീവിക്കേണ്ട ഈ കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തയും ചിത്രവും..അത് കണ്ടത് മുതല്‍ എന്റെ മനസ് അസ്വസ്ഥമായി. നിരവധി ചിത്രങ്ങളുമായി ബന്ധപ്പെട്ട് ആദിവാസികളുമായി അടുത്തിടപഴകാന്‍ സാധിച്ചിട്ടുണ്ട്. മനസ് കൊണ്ട് അവരോട് വല്ലാത്ത ഇഷ്ടവുമുണ്ട്. അതുകൊണ്ട് കൂടിയാണ് ഈ പത്രവാര്‍ത്ത തന്റെ ഉറക്കം കെടുത്തിയതെന്നും ലാല്‍ ബ്ലോഗില്‍ കുറിച്ചു.
ആദിവാസികളുടെ ഉന്നമനത്തിന് നിരവധി പദ്ധതികളുണ്ടായിട്ടും ഉച്ഛിഷ്ടം ഭക്ഷിക്കാനാണ് ആദിവാസിക്കുട്ടികളുടെ ഗതിയെന്ന് ലാല്‍ പറയുന്നു. മന്ത്രിമാരും സാധാരണക്കാരും ഇതിന് കുറ്റക്കാരാണ്. നമുക്കാര്‍ക്കും ആത്മാര്‍ത്ഥയില്ലെന്നും മനുഷ്യന് വേണ്ടി നില കൊള്ളുന്ന നിയമവും മനസും നമുക്കില്ലെന്നും ലാല്‍ കുറ്റപ്പെടുത്തുന്നു. ഭക്ഷണം പാഴാക്കിതിരിക്കാന് ആദിവാസി ബാലന്മാര് മാലിന്യം ഭക്ഷിക്കുന്ന ഈ വാര്‍ത്ത ചിത്രസഹിതം ഹോട്ടലുകളിലും വീട്ടിലെ ഭക്ഷണമുറിയിലും ചില്ലിട്ട് തൂക്കണമെന്ന് മോഹന്‍ലാല്‍ പറയുന്നു. ഒരു മണി ചോറ് വെറുതെ കളയുമ്പോള്‍ ഈ ചിത്രം കാണണം..അതൊരു ഷോക്ക് ട്രീറ്റ്മെന്റാകണം.
ആ വാര്‍ത്ത സമൂഹത്തില്‍ ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന് ലാല്‍ അത്ഭുതത്തോടെ പറയുന്നു. നവമാധ്യമങ്ങളും ഈ വാര്‍ത്ത ശ്രദ്ധിച്ചില്ല. ഈ വാര്‍ത്തക്ക് മുന്നില്‍ മനുഷ്യനെന്ന നിലയിലും മലയാളി എന്ന നിലയിലും ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആളെന്ന നിലയിലും ഞാന്‍ ലജ്ജിച്ച് കുറ്റബോധത്തോടെ തല താഴ്ത്തി കണ്ണീരണിഞ്ഞ് നില്ക്കുന്നു. ഈ മഹാപാപത്തില്‍ നിന്ന് ഒരു ഭാഗം ഞാനും പങ്കിട്ടെടുക്കുന്നു..മനുഷ്യവംശത്തോട് മാപ്പ് പറയുന്നു എന്ന വാക്കുകളോടെയാണ് ലാലിന്റെ ബ്ലോഗ് അവസാനിക്കുന്നത്.
Leave a Reply