Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താരങ്ങളുടെയും സംവിധായകരുടെയും മക്കള്‍ സിനിമയിലെത്തുന്നത് അത്ര പുതിയ കാര്യമൊന്നുമില്ല. മലയാളത്തില്‍ ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും ഇന്ദ്രജിത്തും ഒക്കെ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയവരാണ്. ചിരഞ്ജീവിക്ക് പിന്നാലെ രാം ചരണ്‍, നാഗേശ്വര്‍ റാവുവിന് പിന്നാലെ നാഗാര്‍ജുനയും നാഗചൈതന്യയും, ശിവകുമാറിന്റെ മക്കളായ സൂര്യയും കാര്‍ത്തിയും, എസ്എ ചന്ദ്രശേഖറിന്റെ മകന്‍ വിജയ്.ഇവരൊക്കെയാണ് ദക്ഷിണേന്ത്യന്‍ സിനിമയെ അടക്കിഭരിക്കുന്നവര്‍.കുടുംബവഴിയേ സിനിമയിലെത്തിയവരാണ് ബോളിവുഡിലധികവും. അഭിഷേക് ബച്ചന്‍, ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, വരുണ്‍ ധവാന്‍ ഇങ്ങനെ നീളുന്നു ആ നിര.
ഈ ലിസ്റ്റിലേക്ക് ഇതാ പുതിയൊരു പേരു കൂടി.നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ആണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.പല പൊതുപരിപാടികളിലും പങ്കെടുക്കാന്‍ ശ്രീദേവി മക്കളെയും കൂട്ടിയാണ് എത്തിയിരുന്നത്.അപ്പോള്‍ മുതല്‍ മക്കളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകളും പരക്കാന്‍ തുടങ്ങിയിരുന്നു.
എന്നാല്‍ ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റവാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത് മറ്റാരുമല്ല, ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ തന്നെയാണ്.ആരുടെ ചിത്രത്തിലാണ് ജാന്‍വി അഭിനയിക്കുക എന്നല്ലേ?താരപുത്രന്മാര്‍ക്കും പുത്രികള്‍ക്കും ആദ്യമായി അവസരം നല്‍കിയിട്ടുള്ളത് കരണ്‍ ജോഹറാണ്. ജാന്‍വിയുടെ കാര്യത്തിലും അതിന് മാറ്റമില്ലെന്നാണ് ബോണി പറയുന്നത്. മറാത്തി ചിത്രം സെയ്‌റത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത് കരണ്‍ ജോഹറാണ്. ചിത്രത്തിലായിരിക്കും ജാന്‍വി അരങ്ങേറ്റം കുറിക്കുക എന്നാണ് സൂചന.
100 കോടി കളക്ഷന്‍ നേടുന്ന ആദ്യ മറാത്തി ചിത്രമാണ് സെയ്‌റത്ത്.
നേരത്തെ ജാന്‍വിയുടെ അഭിനയിക്കാനുള്ള താത്പര്യത്തെക്കുറിച്ച് ശ്രീദേവി ഒരു പൊതുചടങ്ങിനിടെ വെളിപ്പെടുത്തിയിരുന്നു.ഏതായാലും മറ്റൊരു താരപുത്രി കൂടി ബോളിവുഡിലേക്കെത്തുന്നതിനെ ബി ടൗണും ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
Leave a Reply