Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:14 am

Menu

Published on June 3, 2017 at 4:18 pm

സംസ്‌കാരത്തിനു കയ്യില്‍ പണമില്ല; മകളുടെ മൃതദേഹം അച്ഛന്‍ അഴുക്കുചാലില്‍ ഒഴുക്കി

unable-to-bear-funeral-expenses-hyderabad-man-dumps-daughters-body-in-drain

ഹൈദരാബാദ്: മകളെ സംസ്‌കരിക്കാന്‍ പണമില്ലാത്തതിനാല്‍ മൃതദേഹം പിതാവ് അഴുക്കുചാലിലൊഴുക്കി. ഹൈദരാബാദിനു സമീപമാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്.

മയിലാര്‍ദേവ്പള്ളി സ്വദേശിയായ പെന്റയ്യയാണ് ദാരിദ്ര്യം മൂലം പതിനാറുകാരിയായ മകള്‍ ഭവാനിയുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കിയത്. പഴകി ദ്രവിച്ചു തുടങ്ങിയ മൃതദേഹഭാഗങ്ങള്‍ അഴുക്കുചാലില്‍ ഒഴുകിനടക്കുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

നേരത്തെ രണ്ടു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്ത പെന്റയ്യയുടെ മകന്‍ സീതാറാമിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് പലരില്‍നിന്നായി ഇയാള്‍ നല്ലൊരു തുക കടം വാങ്ങിയിരുന്നു. ഇതിനു പിന്നാലെ, മകളുടെ വയസ്സറിയിക്കല്‍ ചടങ്ങിനും ഒരു തുക കടം വാങ്ങി.

ഈ പണം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പെന്റയ്യ. അതിനിടെ ഇക്കഴിഞ്ഞ മേയ് ആറിന് പെന്റയ്യയുടെ മകള്‍ ഭവാനിയും ജീവനൊടുക്കുകയായിരുന്നു.

അയല്‍വീട്ടില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഭവാനിയെ പിടികൂടിയിരുന്നു. ഇതിന്റെ അപമാനഭാരത്തെ തുടര്‍ന്നായിരുന്നു ഭവാനിയുടെ ആത്മഹത്യ. ജോലിസ്ഥലത്തുനിന്ന് തിരിച്ചെത്തിയ പെന്റയ്യ വിവരം ആരോടും പറയാതെ അര്‍ധരാത്രിയോടെ മൃതദേഹം അടച്ചുറപ്പുള്ള അഴുക്കുചാലില്‍ ഒഴുക്കുകയായിരുന്നു.

മേയ് 31നാണ് ഭവാനിയുടെ മൃതദേഹ ഭാഗങ്ങള്‍ അഴുക്കുചാലില്‍ ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം അവര്‍ പൊലീസില്‍ അറിയിക്കുകയും തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

അന്വേഷണത്തില്‍ പെന്റയ്യയുടെ മകളെ മൂന്നാഴ്ചയോളമായി കാണാനില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരിദ്ര്യം മൂലം മകളുടെ മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കുകയായിരുന്നുവെന്ന് വ്യക്തമായത്. മകള്‍ ആത്മഹത്യ ചെയ്ത സംഭവം അറിയിക്കാതിരുന്നതിന് പെന്റയ്യയ്‌ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News