Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഓരോ ദിവസം കൂടുംതോറും വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ മരങ്ങളുടെ സംരക്ഷണവും കൂടുതല്‍ മരങ്ങള്‍ നടേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയാകുന്നത്. എന്നാല്‍ ഇതിനൊരു മികച്ച ഉദാഹരണമാകുകയാണ് ബംഗളൂരു സര്‍വകലാശാലയുടെ നടപടി.
ഇവിടെ ബിരുദാനന്തര ബിരുദത്തിന് ചേരുന്നവരെല്ലാം ജ്ഞാനഭാരതിയിലെ വിശാലമായ ക്യാംപസില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നാണ് സര്‍വകലാശാലയുടെ നിര്‍ദേശം. മരത്തൈ നട്ടാല്‍ മാത്രം പോരാ, അത് വളരുന്നുണ്ടെന്നു ഉറപ്പു വരുത്തുകയും വേണം, എങ്കിലേ പഠനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റും വാങ്ങി പോകാനാകൂ.
പ്രകൃതി സംരക്ഷണം കന്നഡിഗ സംസ്‌കാരത്തിന്റെ ഭാഗമാണ്. മഹാനഗര പദവിയിലേക്കുള്ള ബംഗളുരുവിന്റെ വളര്‍ച്ചയില്‍പ്പോലും സാധ്യമാകുന്നിടത്തെല്ലാം മരങ്ങളും പച്ചപ്പും നിലനിര്‍ത്താന്‍ ആവുന്നത്ര ശ്രമിക്കുന്നവരാണ് ഇവിടത്തുകാര്‍. ഉദ്യാനനഗരി എന്ന പേര് ഇവര്‍ക്ക് വെറുതെയങ്ങ് വീണുകിട്ടിയതല്ലെന്നു ചുരുക്കം.
ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബംഗളുരു സര്‍വകലാശാലയുടേത്. തുമക്കൂരുവിലെ ശ്രീ സിദ്ധാര്‍ഥ സര്‍വകലാശാലയില്‍ ഈ പതിവ് ഇപ്പോള്‍ത്തന്നെയുണ്ട്. അവിടെ കോഴ്‌സ് കഴിയുമ്പോഴാണ് തൈ നടേണ്ടതെന്ന വ്യത്യാസം മാത്രമാണുള്ളത്. കൂട്ടത്തില്‍ ബിരുദദാന ചടങ്ങിനൊപ്പം തൈ നടുന്നതിന്റെ ചിത്രമുള്ള സര്‍ട്ടിഫിക്കറ്റും കിട്ടും.
മെട്രോയോ നാലുവരി പാതയോ എന്തുമാകട്ടെ, മരങ്ങളെ പരിഗണിച്ചു മതി വികസനമെന്ന് ഇവിടുത്തെ ജനങ്ങളുടെ പൊതുവികാരമാണ്. അടുത്തിടെ ജയ്മഹല്‍ റോഡ് വികസിപ്പിക്കാനായി കുറേ മരങ്ങള്‍ വെട്ടാന്‍ നഗരസഭ ശ്രമിച്ചു. എന്നാല്‍ ജനങ്ങള്‍ പ്രതിഷേധിച്ചതോടെ ആകെ കോലാഹലമായി.
റോഡിനു നടുവില്‍ നിരയായി മീഡിയനെന്നപോലെ നില്‍ക്കുന്ന ഭംഗിയുള്ള കുറേ മാവുകളുണ്ടിവിടെ. ഈ മാവുകളെ സംരക്ഷിക്കാനായി പണ്ട് റോഡ് വെട്ടിയതുപോലും രണ്ടു വശത്തുമായിട്ടാണ്. വന്‍ യന്ത്രസഹായത്തോടെ മരം വേരോടെ പിഴുത് മാറ്റി സ്ഥാപിക്കാനായി പിന്നെ ശ്രമം. ബംഗളുരുവില്‍ പലയിടത്തും വന്‍മരങ്ങളെ ഇങ്ങനെ പിഴുതുമാറ്റി നട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്ന ഹെബ്ബാള്‍ സ്റ്റീല്‍ ഫ്‌ളൈ ഓവര്‍, മരങ്ങള്‍ നഷ്ടമാകുമെന്ന കാരണത്താല്‍ സമരം ചെയ്ത് നാട്ടുകാര്‍ വേണ്ടെന്നു വെച്ചിട്ടും അധികനാളുകളായിട്ടില്ല.
മെട്രോ രണ്ടാംഘട്ടം നടപ്പാക്കണമെങ്കില്‍ 250 മരങ്ങള്‍ മാറ്റി നടാന്‍ ഇപ്പോള്‍ ബംഗളുരു മെട്രോ റെയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ് നഗരസഭ. വന്‍ ചെലവു വരുമെന്ന് അറിയാഞ്ഞിട്ടല്ല, പക്ഷേ വേറെ വഴിയില്ല. ബംഗളുരു വിട്ട് മൈസൂര്‍, കുടക് മേഖലയിലേക്കെത്തുമ്പോള്‍ മരങ്ങളുടെ സംരക്ഷണം വിശ്വാസത്തോളമെത്തുന്ന കാഴ്ച കാണാം.
Leave a Reply