Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മദ്യപാനം, പുകവലി എന്നിവ ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കറിയാം. എന്നാല്‍ വിമാനയാത്ര ആരോഗ്യത്തിനു ഹാനികരമാണോ? വിമാനത്തില്‍ സ്ഥിരമായി യാത്രചെയ്യുന്നവരെ കുഴപ്പത്തിലാക്കുന്നതാണ് പുതുതായി പുറത്തുവന്ന പഠനറിപ്പോര്‍ട്ടിലെ വിവരങ്ങള്‍.
വിമാനത്തില്‍ യാത്ര പതിവാക്കിയാല്‍ രോഗകാരണമാകാം എന്നാണ് പഠനം സൂചിപ്പിക്കുന്നത്. വിമാനത്തിന്റെ കാബിനിലെ യാത്രക്കാരും ജീവനക്കാരും പൈലറ്റും ശ്വസിക്കുന്ന വായു അര്‍ബുദം, കടുത്ത ക്ഷീണം, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഇവയ്ക്കു കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (WHO) യുടെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
എയര്‍ക്രാഫ്റ്റ് കാബിനുകള്‍ പ്രഷറൈസ് ചെയ്യാന്‍ ഉപയോഗിക്കുന്ന വായുവുമായി സമ്പര്‍ക്കത്തില്‍ വരുന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ് ‘എയറോടോക്‌സിക് സിന്‍ഡ്രോം’. എന്‍ജിന്‍ ഓയില്‍ പോലെ, രാസവസ്തുക്കളാല്‍ മലിനമാക്കപ്പെട്ടതാണ് ഈ വായു. ഇതു ശ്വസിക്കുന്നതു നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു.

2015 ല്‍ മൂന്നര ബില്യണിലധികം യാത്രക്കാര്‍ക്കും 5 ലക്ഷത്തിലധികം പൈലറ്റുമാര്‍ക്കും വിമാന ജോലിക്കാര്‍ക്കും എന്‍ജിന്‍ ഓയില്‍ കലര്‍ന്ന ഈ വായു ശ്വസിക്കേണ്ടി വന്നതായാണ് ഇവര്‍ പുറത്തുവിട്ട കണക്ക്.
സ്റ്റിര്‍ലിങ്ങ് സര്‍വകലാശാലയിലെ സൂസന്‍ മിഖായേല്‍, ഉല്‍സ്റ്റര്‍ സര്‍വകലാശാലയിലെ വിവിയന്‍ ഹോവാര്‍ഡ് എന്നിവരാണ് പഠനം നടത്തിയത്.
ഇത്തരത്തില്‍ കാബിനിലെ വിഷവായു ശ്വസിച്ചവര്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി 200 വിമാന ജോലിക്കാരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ അസ്വസ്ഥത, ചര്‍മ്മരോഗങ്ങള്‍, ശ്വാസനാളിയില്‍ അണുബാധ, ക്ഷീണം, ഉറക്കം തൂങ്ങല്‍, പേശിവേദന ഇവയുണ്ടായി.
ഹൃദയസംബന്ധമായതും നാഡീസംബന്ധവും ശ്വസന സംബന്ധവുമായ രോഗ ലക്ഷണങ്ങള്‍, കടുത്ത ക്ഷീണം, എയ്‌റോ ടോക്‌സിക് സിന്‍ഡ്രോം, അര്‍ബുദം, ശരീര കലകളുടെ നാശം, രാസവസ്തുക്കളുടെ സമ്പര്‍ക്കം എന്നിവ വിശദമായ പരിശോധനയില്‍ നിര്‍ണയിക്കപ്പെട്ടു.
ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ സുരക്ഷയ്ക്കായി 2 വ്യത്യസ്ത റിവ്യൂകള്‍ ഗവേഷകര്‍ നടത്തി. പ്രഷര്‍ നിറഞ്ഞ വായുവുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതു മൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍ പരിശോധിച്ചു.
എണ്ണച്ചോര്‍ച്ചയും പഠനസംഘം പരിശോധിച്ചു. വിമാനം പറക്കുമ്പോഴോ പറക്കാനൊരുങ്ങുമ്പോഴോ ആണ് 80 ശതമാനവും വിഷപ്പുക ഉണ്ടാകുന്നത്. 93 ശതമാനം പേര്‍ക്കും തലവേദനയും തലചുറ്റലും ഉണ്ടാകുന്നതായും പഠനം പറയുന്നു.
Leave a Reply