Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:31 am

Menu

Published on July 24, 2017 at 12:35 pm

ഹോ…. ഈ മഴയത്ത് ഒരു ചൂടുള്ള അരിക്കടുക്കയും ചായയും!! ആഹാ… പൊളി!!

arikkadukka-recipe

അരിക്കരുക്ക എന്ന് വായിച്ചപ്പോ തന്നെ ഊറിയ വെള്ളം ഇറക്കി കൊണ്ട് പറയട്ടേ…. അതൊരു വല്ലാത്തൊരു മൊഹബത്താണ്!! മലബാർ പ്രദേശങ്ങളിൽ അരിക്കടുക്ക എന്നും കടുക്ക നിറച്ചത് എന്നും കല്ലുമ്മക്കായ നിറച്ചത് എന്നുമെല്ലാം അറിയപ്പെടുന്ന ഈ വിഭവം ഒരു ഒന്നൊന്നര സംഭവമാണെന്ന് കഴിച്ചവർ എല്ലാം സമ്മതിക്കും. കാരണം.. അത് അങ്ങനെയാ.. ഹോട്ടലിലും തട്ടുകടയിലും കിട്ടുന്ന തട്ടിക്കൂട്ട് അരിക്കടുക്കയല്ല ട്ടോ… നല്ല ഫ്രഷ് കല്ലുമ്മക്കായ് കൊണ്ട് ഉണ്ടാക്കിയ അരിക്കടുക്ക തന്നെ ആവണം!! അതിന്റെ മേലൂടെ പാറുന്ന ആവിയിൽ മൂക്കിൽ അടിച്ചു കയറുന്ന സുഗന്ധവും… ആദ്യ കടിയിൽ നാവിലൂടരിച്ചു കയറുന്ന രുചിയുമുള്ള നല്ല പൊളപ്പൻ സാധനം വേണം കഴിക്കാൻ. അതിന് ഇനി തപ്പി നടക്കേണ്ട. നമ്മുടെ നാട്ടിലെ ഉമ്മച്ചിമാരുടെ നല്ല അടിപൊളി അരിക്കടുക്കയുടെ രുചിക്കൂട്ട് ദേ ഇവിടുണ്ട്.

ചേരുവകള്‍ :
കടുക്ക/കല്ലുമ്മക്കായ് (തോടോടു കൂടിയത്) – 8 എണ്ണം.
പുഴുങ്ങലരി/അരിപ്പൊടി/പത്തിരിപ്പൊടി – ഒരു കപ്പ്.
ചെറിയുള്ളി – 5 എണ്ണം
പെരുംജീരകം ചതച്ചത് – 1 ടീസ്പൂണ്‍
തേങ്ങ ചതച്ചത് – അര കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

പൊരിക്കാൻ:
കശ്മീരി മുളക്പൊടി – നാല് ടീസ്പൂണ്‍.
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍.
കറിവേപ്പില ചതച്ചത് ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍.
വെള്ളം – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം:
തോടോടു കൂടിയ കടുക്ക(കല്ലുമ്മക്കായ)യുടെ അകവും പുറവും നല്ലവണ്ണം വൃത്തിയാക്കണം. ഒരു കത്തി ഉപയോഗിച്ച് നെടുകെ അകത്തോട്ട് കയറ്റി രണ്ടായി പിളർക്കണം. ഇറച്ചി തോടില്‍ നിന്നും ഇളകി വരാതെയും തോട് രണ്ടായി പിളര്‍ന്നു പോകാതെയും ശ്രദ്ധിക്കണം.

പുഴുങ്ങലരി ആണെങ്കിൽ ചൂട് വെള്ളത്തില്‍ രണ്ട് മണിക്കൂര്‍ കുതിര്‍ത്ത് വെച്ചതിനു ശേഷം അരച്ചെടുക്കണം. ഇതാണ് സാധാരണയായി പണ്ട് കാലങ്ങളിൽ കടുക്കയുടെ ഉള്ളില്‍ നിറയ്ക്കാന്‍ ഉപയോഗിക്കാറ്. പക്ഷേ ഇപ്പോൾ അതിനു പകരമായി നമ്മൾ എളുപ്പത്തിനു വേണ്ടി ഒരു കപ്പ് പത്തിരിപ്പൊടി/അരിപ്പൊടി ഉപയോഗിക്കുന്നുണ്ട്.

ഒരു കപ്പ് പത്തിരിപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പ്, ചെറിയ ഉള്ളിയും പെരുംജീരകവും ചതച്ചതും ചേര്‍ത്ത് ഒരു കപ്പ് ചൂടുവെള്ളത്തില്‍ കട്ടിയുള്ള മാവാക്കിയെടുക്കുക. രുചി കൂട്ടാൻ അറ മുറി അര കപ്പ് തേങ്ങാ ചിരവി ചതച്ചതും കൂടെ കൂട്ടാം. ഈ മാവ് ഉരുളകളാക്കി വൃത്തിയാക്കി വെച്ചിരിക്കുന്ന കടുക്കയുടെ ഉള്ളില്‍ നിറച്ച് അമര്‍ത്തിവെക്കുക. ഒരു ചാക്ക് നൂൽ കൊണ്ടോ വാഴ നാരു കൊണ്ടോ കെട്ടി വെക്കുകയും ആവാം. അല്ലാഞ്ഞാൽ കടുക്കയും അരിമാവും വേർതിരിഞ്ഞു പോവാൻ സാധ്യതയുണ്ട്. ഇനി ഈ നിറച്ചു വെച്ചിരിക്കുന്ന കടുക്ക ഒരു കുക്കറിന്റെ തട്ടിൽ അടുക്കി വെച്ച ശേഷം ആവിയില്‍ വേവിച്ചെടുക്കുക. ഏകദേശം പത്ത് മിനിറ്റ് കൊണ്ട് ഇത് വേവും. അതിനു ശേഷം സ്റ്റോവ് ഓഫ് ആക്കി കടുക്കയെ തണിയാൻ അനുവദിക്കുക! അരി നിറച്ച കടുക്കയെ തോടില്‍ നിന്നും വേര്‍തിരിക്കുക. കടുക്കയുടെ ഇറച്ചി പോകാതെ, സൂക്ഷിച്ച് ഒരു കത്തിയോ മറ്റോ ഉപയോഗിച്ചു വേര്‍തിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള അരിക്കടുക്ക ദീര്‍ഘകാലം ഫ്രിഡ്ജില്‍ കേട് കൂടാതെ ഇരിക്കും, എന്നാല്‍ വറത്തു കഴിഞ്ഞാല്‍ ഒരു ദിവസത്തിനുള്ളില്‍ അരിക്കടുക്ക കഴിക്കണം. അതാണ് അതിന്റെ ഒരു കണക്ക്.



വെന്ത അരിക്കടുക്കയെ എണ്ണയില്‍ വറത്തെടുക്കുകയാണ് ഇനിയത്തെ പണി. നാല് ടീസ്പൂണ്‍ കശ്മീരി മുളക്പൊടി,ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ചതച്ച കറിവേപ്പില, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കുക. വേണമെങ്കിൽ ഒരു അര ടീസ്പൂൺ അരിപ്പൊടി കൂടെ ചേർക്കാം. പുറമെ നല്ല മൊരി മോരീന്ന് ഇരിക്കും പൊരിക്കുമ്പോൾ. വേവിച്ച അരിക്കടുക്കകളെ ഓരോന്നായി ഈ മസാലയില്‍ മുക്കിയെടുക്കുക. പൊരിക്കാനായി ഒരു പാത്രം അടുപ്പത്ത് വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ മസാല പുരട്ടി വച്ചിരിക്കുന്ന അരിക്കടുക്കകള്‍ വറത്തെടുക്കുക. പരന്ന പാത്രത്തിൽ അൽപ്പം മാത്രം എണ്ണ ഒഴിച്ച് പൊരിച്ചെടുക്കുകയും ചെയ്യാം. അരിയും കടുക്കയും വെന്തതായതിനാൽ പുറമെ പുരട്ടിയ മസാല ഒന്ന് മൊരിഞ്ഞ പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്നും എടുക്കാം. നല്ല ചൂടോടെ, ചായയുടെ കൂടെ തട്ടാം എന്നിട്ട്…

Loading...

Leave a Reply

Your email address will not be published.

More News