Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:55 am

Menu

Published on September 26, 2013 at 11:07 am

കായികകേരളത്തിൻറെ ‘ദ്രോണാചാര്യന്‍’ കോച്ച് എ.കെ. കുട്ടി അന്തരിച്ചു

athletics-coach-ak-kutty-passes-away

പാലക്കാട്: കായികകേരളത്തിൻറെ  ‘ദ്രോണാചാര്യന്‍’ കോച്ച് എ.കെ. കുട്ടി (75) അന്തരിച്ചു. ഒളിമ്പ്യന്മാരായ മെഴ്‌സിക്കുട്ടനും എം.ഡി. വത്സമ്മയും ഉള്‍പ്പെടെ രാജ്യത്തിനായി നേട്ടങ്ങള്‍ കൈവരിച്ച കായികതാരങ്ങളുടെ ഒരുനിരയെ വാര്‍ത്തെടുത്ത ഈ പരിശീലകനെ രാഷ്ട്രം 2010ല്‍ ദ്രോണാചാര്യപുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
രോഗബാധിതനായി ഏറെനാള്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചപുലര്‍ച്ചെ നാലിന് പാലക്കാട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചന്ദ്രനഗര്‍ വൈദ്യുതശ്മശാനത്തില്‍ സംസ്‌കരിച്ചു.
കുത്തനൂര്‍ അഴകന്‍കുമരത്ത്‌വീട്ടില്‍ മൂകാംബിക അമ്മയുടെയും കണ്ണാത്തെ ഗോവിന്ദന്‍നായരുടെയും മകനാണ് കണ്ണന്‍കുട്ടി എന്ന എ.കെ. കുട്ടി. മദ്രാസ് സര്‍വകലാശാലയുടെ ഇന്റര്‍ കൊളീജിയറ്റ് മത്സരങ്ങളില്‍ ലോങ്ജംപ് ചാമ്പ്യനായിരുന്നു.
1977ല്‍ വിരമിച്ചശേഷം കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലകനായി. പാലക്കാട് മെഴ്‌സി കോളേജിലാരംഭിച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റലിൻറെ പരിശീലനച്ചുമതലയേറ്റു. തൊട്ടടുത്തവര്‍ഷം കാലിക്കറ്റ് സര്‍വകലാശാല പുണെയില്‍ അന്തര്‍സര്‍വകലാശാലാ കായികമത്സരത്തില്‍ ജേതാക്കളായതില്‍ ‘മെഴ്‌സി’ സംഘത്തിനും കുട്ടിക്കും വലിയ പങ്കുണ്ടായിരുന്നു. പ്രിയശിഷ്യ എം.ഡി. വത്സമ്മ 1982ലെ ഡല്‍ഹി ഏഷ്യാഡില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണമണിഞ്ഞത് പരിശീലകനും അഭിമാനമായി. 1987ല്‍ റെയില്‍വേയില്‍ സീനിയര്‍ വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടറായി ചേര്‍ന്നു. കുട്ടിക്കുകീഴില്‍ ദക്ഷിണറെയില്‍വേ ടീം നാലുവര്‍ഷം തുടര്‍ച്ചയായി ഇന്റര്‍ റെയില്‍വേ ചാമ്പ്യന്മാരായി. 96ല്‍ പേഴ്‌സണല്‍ ഓഫീസറായി വിരമിച്ചു.
മികച്ച കായികപരിശീലകനുള്ള റെയില്‍വേ പുരസ്‌കാരം (1987 മുതല്‍ 92 വരെ), സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം (1982-83), കേന്ദ്രപുരസ്‌കാരം (1984-85, 1985-86) തുടങ്ങിയവ ഇദ്ദേഹത്തെ തേടിയെത്തി. ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ പ്രസിഡന്റും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ട്രഷററുമായിരുന്നു.
പാലക്കാട് കല്ലേപ്പുള്ളി മില്‍മ ഹൗസിങ് കോളനിയിലെ പൂര്‍ണിമയിലായിരുന്നു താമസം.ഭാര്യ: കുനിശ്ശേരി പുളിയക്കോട്ടെ രമാദേവി. മക്കള്‍: ശാന്തി, സുരേഷ്. മരുമക്കള്‍: നന്ദന്‍, മീന.

Loading...

Leave a Reply

Your email address will not be published.

More News