Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു വ്യക്തിയുടെ ജീവിതത്തില്‍ വ്യായാമവും പോഷകങ്ങളും പോലെ പ്രധാനമാണ് നല്ല ഉറക്കവും. ഊര്‍ജസ്വലരായിരിക്കാനും അസുഖങ്ങള്‍ സുഖപ്പെടുത്താനും ശ്രദ്ധയും ഓര്‍മയും പഠനശേഷിയും കൂട്ടാനും ഇതിലൂടെ കഴിയും.
എന്നാല്‍ ഇന്നത്തെക്കാലത്ത് സ്‌കൂളിലെ ഹെവി ഷെഡ്യൂളും, ട്യൂഷന്‍, ഡാന്‍സ് പരിശീലനം, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും കുട്ടികളുടെ ഉറക്ക സമയം കവര്‍ന്നെടുക്കുകയാണ്. കൗമാരത്തിനു തൊട്ടുമുമ്പാണ് ഉറക്ക പ്രശ്‌നങ്ങള്‍ കുട്ടികളില്‍ കൂടുന്നത്.
ഒരു മണിക്കൂര്‍ ഉറക്കം കുറഞ്ഞാല്‍ പോലും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. ഇടയ്ക്കിടെ കോട്ടുവാ ഇടുക, രാവിലെ എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ട്, കണ്ണിനു ചുറ്റും കറുപ്പുനിറം, ക്ഷമയില്ലായ്മ, വിഷാദം, അമിത വിശപ്പ് തുടങ്ങിയവയെല്ലാം ഉറക്കക്കുറവ് മൂലം ഉണ്ടാകും.
മാത്രമല്ല സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള നീല വെളിച്ചം കുട്ടികളുടേയും, കൗമാരക്കാരുടേയും ഉറക്കത്തെ തടസ്സപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തലച്ചോര്‍, കണ്ണുകള്‍, ഉറക്ക ശീലങ്ങള്‍ എന്നിവയെയാണ് ഈ പ്രകാശം സാരമായി ബാധിക്കുന്നതെന്നാണ് കണ്ടെത്തല്‍.
അഞ്ച് വയസുമുതല്‍ 17 വയസുവരെയുള്ളവരെയാണ് ഈ പഠനത്തിന് വിധേയരാക്കിയത്. 90 ശതമാനം കുട്ടികളിലും അവരുടെ ഉറക്കത്തിന്റെ മേന്മയേയും സമയത്തേയും സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള നീല വെളിച്ചം സാരമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തി.
സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള പ്രകാശം റെറ്റിനയില്‍ കൂടുതലായി പതിയുമ്പോള്‍ ഉറക്കം നല്‍കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തങ്ങള്‍ തടസ്സപ്പെടുന്നു. അതേ തുടര്‍ന്ന് ഉറക്കം വൈകുകയും അത് അവരുടെ ജൈവഘടികാരത്തെ മോശമായി ബാധിക്കുകയും ചെയ്യും.
പതിമൂന്നു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ദിവസം 9 മുതല്‍ 11 മണിക്കൂര്‍ വരെ ഉറക്കം വേണമെന്ന് നാഷനല്‍ സ്ലീപ് ഫൗണ്ടേഷന്‍ പറയുന്നു. ഉറങ്ങുന്നതിനു മുമ്പ് അരമണിക്കൂറെങ്കിലും കുട്ടികളെ ശാന്തമായിരിക്കാന്‍ ശീലിപ്പിക്കുക. ബഹളങ്ങളില്ലാത്ത പാട്ടു കേള്‍ക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യട്ടെ. കിടക്കുന്നതിനു മുന്‍പ് ഇളം ചൂടുപാല്‍ കുടിച്ചാല്‍ നല്ല ഉറക്കം കിട്ടും.
Leave a Reply