Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെംഗളൂരു: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി പ്രതിയായ ബെംഗളൂരു സ്ഫോടനക്കേസ് വിചാരണ നടപടികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ എന്‍ഐഎ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.വിചാരണ വൈകുന്നതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅദനിയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.
വിചാരണ നടപടി വൈകുന്നത് ചൂണ്ടിക്കാണിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അട്ടിമറിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്‍റെ നീക്കമെന്ന് മഅദനിയുടെ അഭിഭാഷകര്‍ ആരോപിച്ചു.നാല് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുമെന്ന് കാണിച്ച് ഇതിന് മുന്‍പ് സമര്‍പ്പിച്ച സത്യവാങ്മൂലം പാലിക്കാന്‍ കര്‍ണാടക സര്‍ക്കാരിനായിട്ടില്ല.
കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം വേണമെന്ന് എന്‍ഐഎ കോടതി നേരത്തെ അറിയിച്ചിട്ടുണ്ട്. നാല് വര്‍ഷം കൊണ്ട് 170 സാക്ഷികളെ മാത്രമാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കാനായത്. അതുകൊണ്ട് തന്നെ രണ്ട് മാസം കൊണ്ട് 90 സാക്ഷികളെ ഹാജരാക്കി വിസ്താരം പൂര്‍ത്തിയാക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാദം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും മഅദനിയുടെ അഭിഭാഷകര്‍ ആരോപിക്കുന്നു.
Leave a Reply